കൊച്ചി: സമൂഹത്തെ പിന്നാക്കം നയിക്കുന്ന അഴിമതിക്ക് പ്രതീകാത്മകമായി ചിതയൊരുക്കി ബാങ്ക് ഒഫ് ഇന്ത്യ ജീവനക്കാർ. വിജിലൻസ് ബോധവത്കരണ വാരാചരണത്തോട് അനുബന്ധിച്ച് മറൈൻഡ്രൈവിൽ കേരളാ സോണൽ ഓഫീസിന്റെയും സിറ്രി ബ്രാഞ്ചുകളുടെയും ആഭിമുഖ്യത്തിലായിരുന്നു പരിപാടി. കോർപ്പറേഷൻ കൗൺസിലർ ഗ്രേസി ബാബു ജേക്കബ് മുഖ്യാതിഥിയായിരുന്നു.
മനുഷ്യച്ചങ്ങല തീർത്ത ശേഷം അഴിമതിയുടെ രൂപങ്ങളായ കൈക്കൂലി, വഞ്ചന, സ്വജനപക്ഷപാതം തുടങ്ങിയവയെ തീയിലിടുകയായിരുന്നു. അഴിമതിക്കെതിരെ കേരളത്തിലെ എല്ലാ ജീവനക്കാരും അഴിമതി വിരുദ്ധ പ്രതിജ്ഞ എടുത്തുവെന്നും ശാഖകളിൽ വിവിധ ബോധവത്കരണ പരിപാടികൾ സംഘടിപ്പിച്ചുവെന്നും ബാങ്ക് ഒഫ് ഇന്ത്യ കേരള സോണൽ മാനേജർ മഹേഷ് കുമാർ, ഡെപ്യൂട്ടി സോണൽ മാനേജർ വിമൽ കുമാർ എന്നിവർ പറഞ്ഞു.
സ്‌കൂളുകളിലും കോളേജുകളിലും പ്രസംഗ, ഉപന്യാസ മത്സരങ്ങൾ, ജീവനക്കാർക്കായി ക്വിസ്, ഉപന്യാസം, പ്രസംഗ മത്സരങ്ങൾ, അഭിഭാഷകർക്കും എൻജിനിയർമാർക്കുമായി ഏകദിന ശില്‌പശാല, വിവിധയിടങ്ങളിൽ മനുഷ്യച്ചങ്ങല എന്നിവയും ആസൂത്രണം ചെയ്‌തിട്ടുണ്ട്.