തിരുവനന്തപുരം : സ്കൂൾ കായികമേളകളിൽ സുരക്ഷാമാനദണ്ഡങ്ങൾ നടപ്പിലാക്കാൻ ഡി.ഇ.ഒ മാർക്ക് സർക്കുലർ അയച്ചുവെന്ന് കായിക മന്ത്രി ഇ.പി. ജയരാജൻ ഇന്നലെ നിയമസഭയെ അറിയിച്ചെങ്കിലും ഇന്നലെ നടന്ന മിക്ക ഉപജില്ലാ കായിക മേളകളിലും യാതൊരു സുരക്ഷാ മാനദണ്ഡവും ഇല്ലായിരുന്നു. ഇതിന്റെ പേരിൽ പലയിടത്തും രക്ഷിതാക്കളും സംഘാടകരായെത്തിയ അദ്ധ്യാപക സംഘടനാ നേതാക്കളും തർക്കവുമായി.
കൊല്ലം ഉപജില്ലാ കായികമേള നടത്തിയത് വെള്ളക്കെട്ട് നിറഞ്ഞ ട്രാക്കിലാണ്. ഇവിടെ രാവിലെ ആറിന് മത്സരങ്ങൾ തുടങ്ങുമെന്ന് അറിയിച്ചിരുന്നുവെങ്കിലും കാലത്തേ എത്തിയ വിദ്യാർത്ഥികൾക്ക് ഒൻപതരവരെ നോക്കുകുത്തികളായി നിൽക്കേണ്ടിവന്നു. വെള്ളത്തിലൂടെ ഒാടിയും നീന്തിയുമാണ് വിദ്യാർത്ഥികൾ മത്സരങ്ങൾ പൂർത്തിയാക്കിയത്. കൃത്യമായി മത്സരങ്ങൾ നടത്താനോ വേഗം നിർണയിക്കാനോ വേണ്ടത്ര ഒഫിഷ്യൽസും ഉണ്ടായിരുന്നില്ല.
ഇക്കാര്യങ്ങൾ അറിഞ്ഞ് ദൃശ്യങ്ങൾ പകർത്താൻ മാദ്ധ്യപ്രവർത്തകർ എത്തിയപ്പോൾ കായികാദ്ധ്യപകരാണ് വിവരങ്ങൾ ചോർത്തിയതെന്ന് ആരോപണവുമായി സംഘാടകർ പ്രക്ഷുബ്ധരായി. ഒരു വനിതാ കായിക അദ്ധ്യാപികയോട് അദ്ധ്യാപക സംഘടനാ ഭാരവാഹി അസഭ്യം പറഞ്ഞതായി ആക്ഷേപമുണ്ട്.
അടൂരിൽ ഉപജില്ലാ കായിക മേളയിൽ ത്രോ ഇനങ്ങളിൽ വോളണ്ടിയർമാരായി വിദ്യാർത്ഥികളെത്തന്നെ ഇന്നലെയും നിയോഗിക്കുകയായിരുന്നു.