ജയ്പ്പൂർ: 'നിറം കുറഞ്ഞവൾ' എന്ന ഭർത്താവിന്റെ വിളി സഹിക്കാനാകാതെ ഇരുപത്തൊന്നുകാരി യുവതി കിണറ്റിൽ ചാടി ആത്മഹത്യ ചെയ്തു. രാജസ്ഥാനിലെ ജലാവർ ജില്ലയിലാണ് സംഭവം നടന്നത്. മഞ്ജിബായ് എന്ന് പേരുള്ള യുവതിയെ കറുത്തവളെന്ന് വിളിച്ചുകൊണ്ട് അവളുടെ ഭർത്താവ് നിരന്തരം അപമാനിച്ചിരുന്നു. തന്റെ മകളുടെ മരണത്തിന് അവളുടെ ഭർത്താവാണ് ഉത്തരവാദിയെന്ന യുവതിയുടെ അച്ഛൻ ദേവലാലിന്റെ മൊഴി അനുസരിച്ച് പൊലീസ് ഇയാൾക്കെതിരെ കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ദിനേഷ് ലോധ എന്ന ഇയാൾ മകളെ നിരന്തരം അവളുടെ നിറത്തെ കുറിച്ച് ഓർമിപ്പിച്ചിരുന്നുവെന്നും അത് മൂലമാണ് അവൾ ഭൻസ്കോയാര ഗ്രാമത്തിലെ തന്റെ വീടിനു പുറത്തുള്ള കിണറ്റിലേക്ക് ചാടി യുവതി ആത്മഹത്യ ചെയ്തതെന്നും അച്ഛൻ മൊഴി നൽകിയിട്ടുണ്ട്. കിണറ്റിൽ ചാടിയ യുവതിയെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ സാധിച്ചില്ല.
യുവതിയുടെ അച്ഛന്റെ മൊഴി അനുസരിച്ച് ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തി പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയും ചെയ്തു. ഭർത്താവിൽ നിന്നുമുള്ള അപമാനം താങ്ങാനാകാതെ യുവതി സ്വന്തം എടുക്കുകയായിരുന്നുവെന്ന് പൊലീസും പറയുന്നു. വെറും ആറ് മാസം മുൻപാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. മഞ്ജിബായിയുടെ മൃതശരീരം പോസ്റ്റുമോർട്ടം ചെയ്ത ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി.