ബെയ്ജിംഗ്: ചൈനീസ് പൗരൻമാർക്ക് മാർഗനിർദ്ദേശങ്ങളുമായി ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി.. ബെയ്ജിംഗിൽ ഉന്നത ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തിൽ ചേർന്ന രഹസ്യയോഗത്തിലാണ് പൗരൻമാരുടെ ധാർമ്മിക നിലവാരം ഉയർത്തുന്നതിന്റെ ഭാഗമായി പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കിയത്.
ചൈനീസ് പൗരൻമാർ എങ്ങനെ ഇന്റർനെറ്റ് ഉപയോഗിക്കണം, എങ്ങനെ കുട്ടികളെ വളർത്തണം, പൊതുഅവധിദിനങ്ങൾ എങ്ങനെ ആഘോഷിക്കണം, വിദേശയാത്രകൾക്കിടയിൽ എങ്ങനെ പെരുമാറണം തുടങ്ങിയ കാര്യങ്ങൾ ഇതിൽ വിശദീകരിക്കുന്നുണ്ട്. മാന്യമായി വസ്ത്രം ധരിക്കണമെന്നും പോൺ വീഡിയോ കാണുന്നത് ഒഴിവാക്കണമെന്നും സർക്കാർ ആവശ്യപ്പെടുന്നു.
ദേശീയത വളർത്താനും അത് ശക്തമായി പാലിക്കാനുമുള്ള നിർദ്ദേശങ്ങളും ഇതിൽ ഉൾപ്പെടുന്നു. വിദേശരാജ്യങ്ങൾക്ക് പാദസേവ ചെയ്യുന്നവർ രാജ്യത്തിന്റെ അന്തസിന് കളങ്കമുണ്ടാക്കുന്നവരും ദേശീയ താത്പര്യങ്ങളെ വിൽക്കുന്നവരാണെന്നും പറയുന്നു. ഇവർക്കെതിരെ നിയമനടപടികൾ സ്വീകരിക്കണമെന്നും വിശദീകരിക്കുന്നു.
ഗ്രാമങ്ങളിലെ പല ദുരാചരങ്ങളും ഒഴിവാക്കണമെന്നും ഇക്കാര്യത്തിൽ പ്രാദേശിക ഭരണകൂടങ്ങൾ ശ്രദ്ധചെലുത്തണമെന്നും ഉത്തരവിൽ പറയുന്നു. വിവാഹങ്ങൾ,മരണാനന്തര ചടങ്ങുകൾ തുടങ്ങിയവയിലെ ആർഭാടങ്ങൾ ഒഴിവാക്കണമെന്നാണ് ഇതിലെ പ്രധാനനിർദേശം.