സ്വന്തമായൊരു വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ നടി മംമ്ത മോഹൻദാസ് കാത്തിരുന്നത് നീണ്ട 11 വർഷം. കാത്തിരിപ്പിനൊടുവിൽ മംമ്തയുടെ വീടിന്റെ പാലുകാച്ചൽ ചടങ്ങ് കഴിഞ്ഞ ദിവസം കൊച്ചിയിൽ നടന്നു. വീട് സ്വന്തമാക്കിയതിന്റെ സന്തോഷം സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവച്ചു.
ഇൻസ്റ്റഗ്രാമിലൂടെയാണ് മംമ്ത പാലുകാച്ചൽ ചടങ്ങിന്റെ വീഡിയോ പങ്കുവച്ചത്. കൊച്ചി മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള തീരുമാനം അനുചിതവും വിഡ്ഡിത്തവുമാണെന്നും അത്തരമൊരു വിഷമസാഹചര്യത്തിലൂടെ കടന്നുപോകവേ തന്റെ പ്രോപ്പർട്ടിയും അതേ വിധി വരുന്നതിന്റെ വക്കോളമെത്തിയിരുന്നുവെന്നും മംമ്ത പറയുന്നു.
''കൊച്ചിയിൽ നിരവധി പേരുടെ ആസ്തികൾ തകർക്കപ്പെടാൻ പോകുന്നതിന്റെ വിഷമത്തിലും ഈ പ്രോപ്പർട്ടിക്കും അതേ വിധിയാകുമോ എന്നതിന്റെ വക്കോളമെത്തിയതിനും ഒടുവിൽ ഇതെനിക്ക് നേടിത്തന്ന ശക്തികളോടും ലോകത്തോടും ഞാൻ കടപ്പെട്ടിരിക്കുന്നുവെന്ന് മംമ്ത പറയുന്നു.
കരിയറിന്റെ തുടക്കകാലത്ത് 2008ല്‍ കൊച്ചിയില്‍ താന്‍ ആദ്യമായി സ്വന്തമാക്കിയ ഏക അപ്പാര്‍ട്‌മെന്റാണിത്, പതിനൊന്നു വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് അപ്പാർട്‌മെന്റ് ലഭിച്ച് അതിന്റെ ഗൃഹപ്രവേശം നടത്തുന്നത്. ഇതു സാധ്യമാക്കാൻ സഹായിച്ച എല്ലാവരോടും നന്ദി അറിയിക്കുന്നു. 'സുഹൃത്തുക്കളേ വീട്ടിലേക്ക് സ്വാഗതം' എന്നു പറയാൻ കഴിയും.'' മംമ്ത കുറിച്ചു.