തിരുവനന്തപുരം: ഇന്നലെ രാവിലെ തിരുവല്ലം ഭാഗത്തു നിന്നു ബൈപാസ് വഴി കിഴക്കേകോട്ട ഭാഗത്തേക്കും ചാക്ക ഭാഗത്തേക്കും പോകാനെത്തിയ യാത്രക്കാർ ഈഞ്ചയ്ക്കൽ ജംഗ്ഷനിലെ സിഗ്നലിനു മുന്നിൽ മണിക്കൂറുകളോളം കാത്ത് കിടന്നു. വൈകിട്ട് നാലു കഴിഞ്ഞപ്പോൾ വലഞ്ഞത് പടിഞ്ഞാറേകോട്ട ഭാഗത്തു നിന്നു തിരുവല്ലത്തേക്കും വള്ളക്കടവ് ഭാഗത്തേക്കും കടന്നു പോയവരാണ്. ഇപ്പോഴിങ്ങനെയാണെങ്കിൽ ചാക്ക ഫ്ലൈഓവർ നിർമ്മാണം പൂർത്തിയായി ഗതാഗതത്തിനു തുറന്നുകൊടുക്കുമ്പോൾ എന്താകും അവസ്ഥ? ഈഞ്ചയ്ക്കൽ ജംഗ്ഷനിൽ ഇതിലും വലിയ ഗതാഗതക്കുരുക്കാവും.
ചാക്ക ഫ്ലൈ ഓവർ വന്ന് അവസാനിക്കുന്നത് ഈഞ്ചയ്ക്കൽ ജംഗ്ഷനിലാണ്. അവിടെ നിന്നു കുറച്ചു മാറിയാൽ കല്ലുംമൂട് മേൽപ്പാലത്തിന്റെ ആരംഭമായി. അതവസാനിക്കുന്നത് മുട്ടത്തറയിലും.
ഈഞ്ചയ്ക്കലിൽ ബൈപാസ് നാലുവരി പാതയ്ക്കു പുറമെ സർവീസ് റോഡുകളും വള്ളക്കടവ്, പടിഞ്ഞാറേകോട്ട, ശ്രീവരാഹം, ചാക്ക അക്ഷരവീഥി റോഡുകളും വന്നു ചേരുന്നുണ്ട്. ഇതെല്ലാമാണ് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണം. ഈഞ്ചയ്ക്കൽ ജംഗ്ഷനിലെ മേൽപ്പാല പദ്ധതി അട്ടിമറിക്കപ്പെടുകയായിരുന്നു.
ഗതാഗതക്കുരുക്ക് ഒഴിവാക്കിയുള്ള സുഗമ യാത്രയ്ക്കൊപ്പം തലസ്ഥാന വികസനത്തിന്റെ നേർരേഖയാകേണ്ട കാരോട്- കഴക്കൂട്ടം ബൈപാസിന്റെ ലക്ഷ്യം തന്നെ ഈഞ്ചയ്ക്കലിലെ നിർമ്മാണ പിശക് കാരണം നഷ്ടപ്പെടും.
ചാക്ക ഫ്ലൈഓവർ ഈഞ്ചയ്ക്കലിൽ വന്നിറങ്ങാതെ മുട്ടത്തറയിൽ അവസാനിക്കുന്ന രീതിയിലുള്ള വികസനമാണ് ആദ്യം വിഭാവന ചെയ്തിരുന്നത്. പിന്നീട് കല്ലുംമൂട് ജംഗ്ഷനിൽ ഉള്ളതുപോലെ മേൽപ്പാലം നിർമ്മിക്കാനും നാഷണൽ ഹൈവേ അതോറിട്ടി തീരുമാനിച്ചിരുന്നു. അങ്ങനെ ചെയ്തിരുന്നുവെങ്കിൽ ബൈപാസിലെ പ്രധാനപാതയിലുള്ള വാഹനങ്ങൾ ഇപ്പോഴുള്ളതുപോലെ ജംഗ്ഷനിൽ കാത്തു നിൽക്കേണ്ടി വരില്ലായിരുന്നു. വള്ളക്കടവ് ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ അടിപ്പാതയിലൂടെ നേരെയും തിരുവല്ലം ഭാഗത്തേക്ക് പോകേണ്ട വാഹനങ്ങൾ സർവീസ് റോഡു വഴി കയറിയും പോകും. തിരുവല്ലം ഭാഗത്തു നിന്നു കിഴക്കേകോട്ട ഭാഗത്തേക്കുള്ള വാഹനങ്ങൾ എതിർവശത്തെ സർവീസ് റോഡു വഴി വലത്തോട്ടു തിരിഞ്ഞു പോകാനും കഴിയും.
ചിലരുടെ സ്വാർത്ഥ താത്പര്യത്തിനു വഴങ്ങി ഉന്നതരായ ചിലരുടെ ഇടപെടൽ കാരണമാണത്രേ റോഡിന്റെ രൂപരേഖ ഇപ്പോഴത്തെ രീതിയിലായത്. പദ്ധതി ഉപേക്ഷിച്ചതിന്റെ തെളിവുകൾ റോഡിൽ തന്നെയുണ്ട്.
നഗരത്തിലേക്ക് ബൈപാസിൽ നിന്നുള്ള രണ്ട് പ്രധാന പ്രവേശന കവാടങ്ങളാണ് ഈഞ്ചയ്ക്കലും ചാക്കയും. ചാക്കയിൽ മേൽപ്പാലം നിർമ്മാണം വിവാദങ്ങളിൽ പെട്ട് ഏറെ നാൾ വൈകിയിരുന്നു. തുടർന്ന് 360 കോടി രൂപ
ചെലവിട്ടാണ് മേൽപ്പാലം ഈഞ്ചയ്ക്കൽ ജംഗ്ഷന് സമീപം വരെ നീട്ടിയത്. തൊട്ടപ്പുറത്താണ് ബൈപാസിന്റെ കല്ലുംമൂട് മേൽപ്പാലം. ഇവിടെ നേരത്തേയുണ്ടായിരുന്ന റോഡുകളുടെ സ്ഥാനം അടിപ്പാതയായി മാറുകയും ബൈപാസ് മുകളിലൂടെ കടന്നു പോകുകയും ചെയ്യുന്നു. ഗതാഗതക്കുരുക്ക് ഇല്ലേയില്ല!