തിരുവനന്തപുരം: സംസ്ഥാനത്തിന്റെ ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റ് മന്ദിരത്തിന് 150 വയസ്. 1869 ജൂലായ് എട്ടിനാണ് ആയില്യം തിരുനാൾ മഹാരാജാവ് സെക്രട്ടേറിയറ്റ് മന്ദിരം ഉദ്ഘാടനം ചെയ്തത്. ആഗസ്റ്റ് 23നാണ് ഇവിടെ ഓഫീസുകൾ പ്രവർത്തനം ആരംഭിച്ചത്. സെക്രട്ടേറിയറ്റ് പ്രവർത്തനം തുടങ്ങിയതോടെ പലയിടങ്ങളിലായിരുന്ന ഓഫീസുകളും ഹജൂർ കച്ചേരിയും ഒരു കൂരയ്ക്കു കീഴിലായി. വില്യം ബാർട്ടണാണ് സെക്രട്ടേറിയറ്റ് മന്ദിരം രൂപകല്പന ചെയ്തത്. റോമൻ ഡച്ച് വാസ്തുശില്പ മാതൃകയിലുള്ള ഇരുനില കെട്ടിടത്തിന് 1,70,000 രൂപയായിരുന്നു എസ്റ്റിമേറ്റ്. എന്നാൽ സെക്രട്ടേറിയറ്റ് ലൈബ്രറിയിൽ ലഭ്യമായ സർക്കാർ രേഖകളിൽ മൂന്നു ലക്ഷം രൂപ ചെലവായതായി രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ടു വർഷം കൊണ്ട് പണി തീർക്കാനാണ് ലക്ഷ്യമിട്ടതെങ്കിലും നാലു വർഷമെടുത്തു. പബ്ലിക് ഓഫീസ് പണിയെന്നാണ് അന്നത്തെ പൊതുമരാമത്ത് വകുപ്പിന്റെ രേഖകളിലുള്ളത്.
1865 ഡിസംബർ ഏഴിന് ആയില്യം തിരുനാൾ മഹാരാജാവ് ഉത്സവ പ്രതീതിയോടെയാണ് മന്ദിരത്തിന് തറക്കല്ലിട്ടത്. ഡർബാർ ഹാൾ ഉൾപ്പെടുന്ന മദ്ധ്യത്തിലുള്ള മന്ദിരമാണ് വില്യം ബാർട്ടൺ നിർമിച്ചത്. മറ്റു മന്ദിരങ്ങൾ പിന്നീട് കൂട്ടിച്ചേർക്കുകയായിരുന്നു. സ്ഫടിക വിളക്കുകളും നിറക്കൂട്ടുകൾ നിറഞ്ഞ കണ്ണാടികളും തറയോടുകളുമുള്ള ഡർബാർ ഹാളിലാണ് സ്വാതന്ത്റ്യ ലബ്ധിക്കു മുമ്പ് നാടു ഭരിച്ചിരുന്ന മഹാരാജാക്കൻമാർ പ്രധാന സംഭവങ്ങളുടെ തീരുമാനങ്ങളുമായി ബന്ധപ്പെട്ട് ഡർബാറുകൾ നടത്തിയിരുന്നത്. ബ്രിട്ടീഷ് രാജാവിന്റെയോ രാജ്ഞിയുടെയോ കിരീടധാരണങ്ങൾക്കും ഇന്ത്യയിലെ ബ്രിട്ടീഷ് വൈസ്രോയിമാരുടെയോ ഗവർണർ ജനറൽമാരുടെയോ ഭരണച്ചുമതലയേൽക്കലിനും ഇവിടെ ഡർബാറുകൾ നടന്നിരുന്നു.
സെക്രട്ടേറിയറ്റ് നിർമാണത്തിന് ചുക്കാൻ പിടിച്ചത് തിരുവിതാംകൂർ ദിവാനായിരുന്ന ടി. മാധവറാവുവായിരുന്നു. കോട്ടയ്ക്കകത്തെ സ്ഥല പരിമിതിമൂലം വീർപ്പുമുട്ടിയ ഹജൂർ കച്ചേരിയെ നഗരത്തിന്റെ മറ്റൊരു ഭാഗത്തേക്ക് മാറ്റണമെന്ന് തീരുമാനിച്ചത് അദ്ദേഹമാണ്. സെക്രട്ടേറിയറ്റ് നിർമിക്കാൻ നേതൃത്വം കൊടുത്ത സർ ടി. മാധവറാവുവിന്റെ പ്രതിമയാണ് നഗരത്തിൽ ആദ്യം ഉയർന്നത്. സെക്രട്ടേറിയറ്റിന് എതിർവശത്തായുള്ള അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചതോടെ ഇവിടെ സ്റ്റാച്യു ജംഗ്ഷൻ എന്നറിയപ്പെട്ടു. സെക്രട്ടേറിയറ്റിനുള്ളിലെ ഏക പ്രതിമ വേലുത്തമ്പി ദളവയുടേതാണ്. ആർ. ശങ്കർ മുഖ്യമന്ത്രിയായിരുന്നപ്പോൾ കേന്ദ്രമന്ത്രി വൈ.ബി. ചവാനാണ് ഇത് അനാവരണം ചെയ്തത്. സെക്രട്ടേറിയറ്റിന്റെ 150-ാം പിറന്നാൾ ഒരാഴ്ചത്തെ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. നാളെ വൈകിട്ട് 4.30ന് സൗത്ത് സാൻവിച്ച് ബ്ളോക്കിന് സമീപം മുഖ്യമന്ത്രി പിണറായി വിജയൻ ആഘോഷം ഉദ്ഘാടനം ചെയ്യും.
സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മന്ത്രിമാർ, എം.എൽ.എമാർ തുടങ്ങിയവർ പങ്കെടുക്കും. വൈകിട്ട് 5.30ന് കലാപരിപാടികളുമുണ്ട്. ആർക്കൈവ്സ് വകുപ്പിന്റെ നേതൃത്വത്തിൽ പുരാരേഖപ്രദർശനം, ഇൻഫർമേഷൻ പബ്ളിക് റിലേഷൻസ് വകുപ്പിന്റെ ചരിത്രഫോട്ടോപ്രദർശനം, കുട്ടികൾക്കായി ചിത്രരചന മത്സരം, സെക്രട്ടേറിയറ്റിന്റെ ചരിത്രം വ്യക്തമാക്കുന്ന ഡോക്യുമെന്ററി പ്രദർശനം, സെമിനാറുകൾ എന്നിവ നടക്കും. പൊതുജനങ്ങൾക്ക് പഴയ നിയമസഭാ ഹാളും പ്രദർശനങ്ങളും കാണുന്നതിന് സൗകര്യമൊരുക്കും.