തിരുവനന്തപുരം: നമ്മുടെ വിമാനത്താവളത്തിന്റെ ഭാവി എന്താവുമെന്ന് ഇന്നറിയാം. വിമാനത്താവളത്തിന്റെ നടത്തിപ്പ് സ്വകാര്യവത്കരിക്കാനുള്ള ടെൻഡർ കാലാവധി ഇന്ന് അവസാനിക്കുകയാണ്. ലേലനടപടികളുടെ കാലാവധി ജൂലായ് 31ന് അവസാനിച്ചെങ്കിലും മൂന്നു മാസത്തേക്ക് കേന്ദ്രം കാലാവധി നീട്ടിയിരിക്കുകയാണ്. ഈ മൂന്നു മാസ കാലാവധിയാണ് ഇന്ന് പൂർത്തിയാവുന്നത്. കേന്ദ്രസർക്കാരിനു മുന്നിൽ ഇനി രണ്ടുവഴികളാണുള്ളത്. ടെൻഡർ വീണ്ടും മൂന്നു മാസത്തേക്ക് നീട്ടുകയാണ് ഒന്ന്. രണ്ടാമത്തേത് റീ-ടെൻഡറാണ്. അങ്ങനെയായാൽ വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറിയ ലേലനടപടികൾ അപ്പാടെ റദ്ദാക്കപ്പെടും. ഇതിന് സാദ്ധ്യത കുറവാണെന്നാണ് വിലയിരുത്തൽ.
റീ-ടെൻഡർ വിളിക്കില്ലെന്നും തിരുവനന്തപുരം വിമാനത്താവളം കൈമാറുന്നതിനെതിരെ ഹൈക്കോടതിയിലുള്ള കേസുകൾ തീർത്ത് ഒരു മാസത്തിനകം പാട്ടക്കരാർ ഉറപ്പിക്കുമെന്നും എയർപോർട്ട് അതോറിട്ടി വൃത്തങ്ങൾ പറഞ്ഞു. വിമാനത്താവള നടത്തിപ്പിനുള്ള ലേലത്തിൽ വിജയിച്ചെങ്കിലും സംസ്ഥാനസർക്കാർ ഹൈക്കോടതിയിൽ കേസു കൊടുത്തതിനാൽ അദാനിക്ക് കരാറൊപ്പിടാനായിട്ടില്ല. കേസിൽ അന്തിമവിധി ഉണ്ടാകും വരെ വിമാനത്താവളം അദാനിക്ക് കൈമാറരുതെന്ന് ഇടക്കാല ഉത്തരവുണ്ട്. ഹൈക്കോടതിയിലുള്ള കേസുകൾ തീർത്ത് പാട്ടക്കരാർ ഒപ്പിടാൻ കേന്ദ്രസർക്കാരും നീക്കം തുടങ്ങിയിട്ടുണ്ട്. ഉയർന്ന തുക ക്വോട്ടു ചെയ്ത കമ്പനിക്ക് ലേലം ഉറപ്പിക്കുന്നതാണ് രീതിയെന്ന് കേന്ദ്ര വ്യോമയാനസഹമന്ത്രി ഹർദീപ്സിംഗ് പുരിയുടെ വാക്കുകൾ കേന്ദ്രസർക്കാരിന്റെ തുടർനടപടികളെക്കുറിച്ച് വ്യക്തമായ സൂചന നൽകുന്നതാണ്.
വിമാനത്താവള നടത്തിപ്പ് ഏറ്റെടുക്കാൻ 'അദാനി ട്രിവാൻഡ്രം ഇന്റർനാഷണൽ എയർപോർട്ട്' എന്ന പേരിൽ അദാനി ഗ്രൂപ്പ് കമ്പനി രൂപീകരിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ വികസനത്തിനായി അദാനി 1600 കോടി നീക്കിവയ്ക്കുകയും ചെയ്തു. നിലവിലെ 33,300 ചതുരശ്രഅടി ടെർമിനൽ കെട്ടിടത്തിനൊപ്പം 55,000 ചതുരശ്രഅടി കൂട്ടിച്ചേർത്ത് പുതിയടെർമിനൽ നിർമ്മിക്കുന്നതടക്കം നേരത്തേ എയർപോർട്ട് അതോറിട്ടി തയ്യാറാക്കിയ പദ്ധതികൾ നടപ്പാക്കാനാണ് അദാനി ഒരുങ്ങുന്നത്. സ്വകാര്യവത്കരണം പ്രഖ്യാപിച്ചതോടെ എയർപോർട്ട് അതോറിട്ടി പ്രഖ്യാപിച്ച 600 കോടിയുടെ പദ്ധതികൾ മുടങ്ങിപ്പോയിരുന്നു. നടത്തിപ്പ് സ്വകാര്യകമ്പനിക്ക് കൈമാറുകയോ വികസനപദ്ധതികൾ നടപ്പാക്കുകയോ ചെയ്യാതെ തിരുവനന്തപുരം വിമാനത്താവളത്തെ മുരടിപ്പിക്കുകയാണ് വിമാനത്താവള അതോറിട്ടിയും കേന്ദ്രസർക്കാരും. മുഖ്യമന്ത്രി പിണറായി വിജയൻ വിമാനക്കമ്പനി അധികൃതരുമായി നടത്തിയ ചർച്ചകളെത്തുടർന്ന് ഏതാനും ആഭ്യന്തര സർവീസുകൾ ആരംഭിക്കാൻ ധാരണയായെങ്കിലും അന്താരാഷ്ട്ര സർവീസുകൾ കൂടാത്തത് വിമാനത്താവളത്തിന് പ്രതിസന്ധിയുണ്ടാക്കും.
തിരുവനന്തപുരത്തു നിന്ന് ജപ്പാനിലെ ടോക്കിയോയിലേക്ക് സർവീസ് വേണമെന്നാണ് നിസാൻ കമ്പനിയുടെ ആവശ്യം. തിരുവനന്തപുരത്ത് ഡിജിറ്റൽഹബ് തുടങ്ങുന്നതിനുള്ള അടിസ്ഥാനസൗകര്യം മെച്ചപ്പെടുത്തുന്നതിനാണ് ടോക്കിയോ സർവീസ് നിസാൻ ആവശ്യപ്പെടുന്നത്. സിംഗപ്പൂർ വഴിയോ ബാങ്കോക്ക് വഴിയോ ടോക്കിയോ സർവീസ് വേണമെന്നാണ് ആവശ്യം. നിസാന്റെ ആവശ്യം പരിഗണിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്രവ്യോമയാന മന്ത്രാലയത്തിന് കത്തെഴുതിയിട്ടുണ്ട്. ഫ്ലൈദുബായ് സർവീസുകൾ തിരുവനന്തപുരത്തു നിന്ന് കോഴിക്കോട്ടേക്ക് മാറ്റിയിരുന്നു.