തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിനോടുള്ള തന്റെ വൈകാരിക ബന്ധവും പഠനകാലത്തെ ഓർമകളും പങ്കുവച്ചാണ് ഈ വർഷത്തെ ശാന്തിസ്വരൂപ് ഭട്നഗർ അവാർഡ് നേടിയ ആർ.ബി. സുനോജ് ചടങ്ങിനെ അഭിസംബോധന ചെയ്തത്. കോളേജിലെ പൂർവ വിദ്യാർത്ഥി കൂടിയായ സുനോജിന് കെമിസ്ട്രി ഡിപ്പാർട്ട്മെന്റിന്റെയും അലുമ്നി അസോസിയേഷന്റെയും ആഭിമുഖ്യത്തിലായിരുന്നു ഡിപ്പാർട്ട്മെന്റ് ഗാലറിയിൽ ഇന്നലെ സ്വീകരണം ഒരുക്കിയത്. ഇന്ത്യൻ നോബൽ എന്നറിയപ്പെടുന്ന ഇത്രയും വലിയ അവാർഡ് നേടിയ വ്യക്തിയാണ് തങ്ങളോട് സംവദിക്കുന്നതെന്ന ആകാംക്ഷയിലായിരുന്നു വിദ്യാർത്ഥികളും അദ്ധ്യാപകരും.
വർഷങ്ങൾക്ക് മുമ്പ് ഇതേ ക്ലാസ് മുറിയിലിരുന്ന് പഠിച്ച ഓർമ്മകൾ പങ്കുവച്ചായിരുന്നു സുനോജ് സംസാരിച്ച് തുടങ്ങിയത്. തന്റെ സഹപാഠികളെ കുറിച്ചും അദ്ധ്യാപകരെ കുറിച്ചുമുള്ള ഓർമകൾ പങ്കുവച്ച അദ്ദേഹം അദ്ധ്യാപകർ പഠിപ്പിക്കുന്ന ശൈലിയെ കുറിച്ചും വാചാലനായി. കെമിസ്ട്രി ലാബിൽ നിന്നുള്ള മണം തന്നെ വളരെയേറെ ആകർഷിച്ചിരുന്നുവെന്ന് പറഞ്ഞ സുനോജ് ലാബിൽ സാൾട്ട് അനാലിസിസിന്റെ സമയത്ത് നേരെ കൺഫർമേറ്ററി ടെസ്റ്റ് ചെയ്യാറുണ്ടായിരുന്നുവെന്ന ഓർമയും പങ്കുവച്ചു. കെമിസ്ട്രി ലാബ് തനിക്ക് വളരെയധികം ഓർമകൾ സമ്മാനിച്ചിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.
സെന്റ് ജോസഫ് സ്കൂളിൽ പഠിക്കുന്ന സമയത്ത് ലാബ് ഷിഫ്ട് ചെയ്യുന്ന അവസരത്തിലാണ് തനിക്ക് കെമിസ്റ്റ് ആവണമെന്നുള്ള ഉൾവിളി ഉണ്ടാകുന്നത്. ലാബ് ഷിഫ്ട് ചെയ്യുന്ന സമയത്ത് നടത്തിയ പരീക്ഷണങ്ങളും അദ്ദേഹം ഓർത്തു. സ്കൂളിൽ ക്ലോറിന്റെ ബ്ലീച്ചിംഗ് ആക്ഷൻ സഹപാഠികൾക്ക് മുന്നിൽ അവതരിപ്പിക്കാനുള്ള അവസരം തനിക്കായിരുന്നു. ആ സമയത്ത് ക്ലോറിൻ ഗ്ലാസ് ജാറിൽ നിറച്ചതിന് ശേഷം ബൊഗേൻ വില്ല, കളർപേപ്പർ തുടങ്ങിയവ ജാറിനകത്തേക്ക് ഇറക്കിയപ്പോൾ കളർ പോയത് വളരെയധികം ആവേശത്തോടെയാണ് അന്ന് കണ്ടതെന്ന് അദ്ദേഹം ഓർത്തു. അന്നാണ് കെമിസ്ട്രി ആഴത്തിൽ പഠിക്കാൻ തീരുമാനിച്ചതെന്നും സുനോജ് പറയുന്നു.
യൂണിവേഴ്സിറ്റി കോളേജിലെത്തിയതിന് ശേഷമാണ് കെമിസ്ട്രിയെക്കുറിച്ച് ആഴത്തിൽ മനസിലാക്കുന്നത്. ഡിഗ്രി പഠനത്തിന് ശേഷം ഐ.ഐ.ടിയിൽ അഡ്മിഷനെടുത്തതും തിരിച്ച് യൂണിവേഴ്സിറ്റി കോളേജിൽ എം.എസ്സിക്ക് ചേർന്നതും ജീവിതത്തിലെ രസകരമായ ഓർമകളായിരുന്നുവെന്ന് സുനോജ് പറഞ്ഞു.
ആഴ്ചയിൽ ഏഴ് ദിവസവും ജോലി ചെയ്യുന്ന തനിക്ക് എല്ലാ പിന്തുണയും നൽകുന്നത് ഭാര്യ വിജയശ്രീയും മകൻ ദർശനുമാണെന്ന് പറയാനും അദ്ദേഹം മറന്നില്ല. സ്വന്തം തീരുമാനങ്ങളാണ് ഏറ്റവും വലുതെന്നും പരമാവധി പുസ്തകങ്ങൾ വായിക്കണമെന്നും വായന ഒരുപാട് മാറ്റങ്ങളുണ്ടാക്കുമെന്നും അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞു.
എന്നെ ഞാനാക്കിയ കലാലയമാണ് യൂണിവേഴ്സിറ്റി കോളേജ്. കലുഷിതമായ പല അന്തരീക്ഷങ്ങളും കണ്ടിട്ടുണ്ടെങ്കിലും തന്റെ ലക്ഷ്യ ബോധത്തെ അത് ബാധിച്ചില്ലെന്നും യൂണിവേഴ്സിറ്റി കോളേജ്, സെന്റ് ജോസഫ്സ് സ്കൂൾ എന്നിവ തന്റെ സ്വഭാവ രൂപീകരണത്തിൽ വളരെയധികം സഹായിച്ചിട്ടുണ്ടെന്നും ലാബ് എക്സിപിരിമെന്റലുകളിൽ നിന്ന് വ്യതിചലിച്ച് തിയററ്റിക്കൽ കെമിസ്ട്രിയിലേക്ക് പോകാൻ കാരണം വ്യത്യസ്തമായ പാത സ്വീകരിക്കാനുള്ള തോന്നലാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1991- 96 കാലഘട്ടത്തിലാണ് യൂണിവേഴ്സിറ്റി കോളേജിൽ നിന്ന് സുനോജ് കെമിസ്ട്രിയിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയത്. ചടങ്ങിൽ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്റർ ഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്നോളജി ഡയറക്ടറും മുൻ ഭട്നഗർ അവാർഡ് ജേതാവുമായ ഡോ. എ. അജയഘോഷ് സുനോജിനെ ആദരിച്ചു.
പ്രിൻസിപ്പൽ കെ. മണി അദ്ധ്യക്ഷനായി. ടി.കെ. സിന്ധു, മുൻ പ്രിൻസിപ്പൽ എ. സലാഹുദ്ദീൻ കുഞ്ഞ്, വി.ജി. വിജുകുമാർ, യൂണിയൻ ചെയർമാൻ ജോബിൻ ജോസ്, ലേഖ .വി.എസ് തുടങ്ങിയവർ സംസാരിച്ചു.