സച്ചി രചനയും സംവിധാനവും നിർവഹിക്കുന്ന അയ്യപ്പനും കോശിയും പൂർത്തിയാക്കിയ ശേഷം പൃഥ്വിരാജ് സിനിമയിൽ നിന്ന് മൂന്ന് മാസം അവധിയെടുക്കും. ബ്ളെസിയുടെ ആട് ജീവിതത്തിലെ കഥാപാത്രത്തിന് വേണ്ടി ശരീരഭാരം കുറയ്ക്കാനാണിത്. അട്ടപ്പാടിയിൽ ചിത്രീകരണം പുരോഗമിക്കുന്ന അയ്യപ്പനും കോശിയും നവംബർ മദ്ധ്യത്തോടെ പാലക്കാടേക്ക് ഷിഫ്ട് ചെയ്യും. നവംബർ ഒടുവിൽ ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാകും.ഡിസംബർ, ജനുവരി, ഫെബ്രുവരി മാസങ്ങളിൽ പൃഥ്വിരാജ് ഒരു ചിത്രത്തിനും ഡേറ്റ് നൽകിയിട്ടില്ല. ബെന്യാമിന്റെ ബെസ്റ്റ് സെല്ലറായ ആടുജീവിതത്തെ അധികരിച്ച് ബ്ളെസി ഒരുക്കുന്ന ചിത്രത്തിന്റെ ആദ്യ ഘട്ട ചിത്രീകരണം കുട്ടനാട്ടിലാണ് നടന്നത്.
മറുനാട്ടിലെ മരുഭൂമിയിൽ ആട്ടിടയന്റെ ജീവിതം നയിക്കേണ്ടിവന്ന നജീബ് എന്ന യുവാവിന്റെ യാതനകളാണ് ആട് ജീവിതം പറയുന്നത്.
അടുത്ത മാർച്ചിലാണ് ആട് ജീവിതത്തിന്റെ സെക്കൻഡ് ഷെഡ്യൂൾ തുടങ്ങുന്നത്. നൂറ് ദിവസത്തോളം ചിത്രീകരണമുണ്ടാകും. ആട് ജീവിതത്തിന് ശേഷം നവാഗതനായ ഇർഷാദ് പെരാരി സംവിധാനം ചെയ്യുന്ന ചിത്രത്തിനാണ് പൃഥ്വിരാജ് ഡേറ്റ് നൽകിയിരിക്കുന്നത്. ലൂസിഫറിൽ പൃഥ്വിരാജിന്റെ സഹസംവിധായകനായിരുന്നു ഇർഷാദ് പെരാരി.അതിന് ശേഷം രതീഷ് അമ്പാട്ട് - മുരളിഗോപി ടീമിന്റെ ചിത്രത്തിൽ പൃഥ്വിരാജ് അഭിനയിക്കും. നവാഗതനായ എസ്. മഹേഷിന്റെ കാളിയൻ, ഷാജി കൈലാസിന്റെ കടുവ എന്നിവയാണ് പൃഥ്വിരാജിനെ കാത്തിരിക്കുന്ന മറ്റ് ചിത്രങ്ങൾ.
ഈ ചിത്രങ്ങൾ പൂർത്തിയാക്കിയശേഷം പൃഥ്വിരാജ് മെഗാവിജയമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്റെ ജോലികളിലേക്ക് കടക്കും. 2021ൽ ചിത്രീകരണമാരംഭിക്കുന്ന എമ്പുരാൻ 2022 മാർച്ച് 28ന് തിയേറ്ററുകളിലെത്തും.