നിമിഷ സജയൻ മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നു. ബോബി - സഞ്ജയിന്റെ രചനയിൽ സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രമായ വണ്ണിൽ സുപ്രധാനമായ ഒരു കഥാപാത്രത്തെയാണ് നിമിഷസജയൻ അവതരിപ്പിക്കുന്നത്. നേരത്തെ സംയുക്താമേനോന് വേണ്ടി നീക്കി വച്ചിരുന്ന വേഷമാണിത്. ജയസൂര്യയുടെ വെള്ളവുമായി ഡേറ്റ് ക്ളാഷായതിനാലാണ് സംയുക്ത വണ്ണിൽ നിന്ന് പിന്മാറിയത്.
ലാൽജോസ് സംവിധാനം ചെയ്യുന്ന ബിജുമേനോൻ ചിത്രമായ നാല്പത്തിയൊന്നാണ് നിമിഷയുടെ അടുത്ത റിലീസ്. ഫഹദ്ഫാസിലിനെ നായകനാക്കി മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന മാലിക്കാണ് നിമിഷ ഇപ്പോൾ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രം. വിധു വിൻസന്റിന്റെ സ്റ്റാൻഡ് അപ്പ്, സനൽകുമാർ ശശിധരന്റെ ചോല എന്നീ ചിത്രങ്ങൾ റിലീസിന് ഒരുങ്ങുകയാണ്.
ഗായത്രി അരുണാണ് വണ്ണിലെ മറ്റൊരു നായിക. ജോജുജോർജ്, മുരളി ഗോപി, തണ്ണീർ മത്തൻ ദിനങ്ങൾ ഫെയിം മാത്യു തോമസ്, സുരേഷ് കൃഷ്ണ, സലിംകുമാർ, ഇഷാനി കൃഷ്ണ തുടങ്ങിയവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്.
ഗാനഗന്ധർവന് ശേഷം ഇച്ചായിസ് പ്രൊഡക്ഷൻസ് നിർമ്മിക്കുന്ന വണ്ണിന്റെ ചിത്രീകരണം എറണാകുളത്ത് പുരോഗമിക്കുകയാണ്. നവംബർ എട്ടിന് തിരുവനന്തപുരത്തേക്ക് ഷിഫ്ട് ചെയ്യും.