ദളപതി വിജയ് യുടെ പുതിയ ചിത്രമായ ബിഗിലിന് റെക്കാഡ് കളക് ഷൻ . ഒക്ടോബർ 25 നു തിയേറ്ററുകളിൽ എത്തിയ ചിത്രത്തിന്റെ കളക് ഷൻ ഇതിനോടകം 152.30 കോടി കടന്നതായി ചിത്രത്തിന്റെ അണിയറപ്രവർത്തകർ അവകാശപ്പെട്ടു. ഇന്ത്യയ്ക്ക്പുറത്തും ചിത്രത്തിന് ഗംഭീര പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. യു.എസ്, ഫ്രാൻസ് , ബ്രിട്ടൻ, ആസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് ചിത്രത്തിന് മികച്ച കളക് ഷനാണ് ലഭിക്കുന്നത്. ഇക്കൊല്ലം ഫ്രാൻസിൽ ഏറ്റവും കൂടുതൽ ആളുകൾ കാണുന്ന തമിഴ് ചിത്രമെന്ന പ്രത്യേകതയും ബിഗിൽ സ്വന്തമാക്കി.180 കോടി മുതൽ മുടക്കിൽ എത്തിയ ചിത്രം പ്രീ- റിലീസ് ബിസിനസായി തന്നെ 200 കോടി നേടിയിരുന്നു. ചിത്രത്തിന്റെ ഡിജിറ്റൽ റൈറ്റ്സ് 20 കോടി രൂപയ്ക്കും സാറ്റലൈറ്റ് റൈറ്റ്സ് 25 കോടിക്കുമാണ് വിറ്റുപോയതെന്നാണ് റിപ്പോർട്ട്. ഇതിന് പുറമേ ഓവർസീസ്, ആഡിയോ, വീഡിയോ തുടങ്ങിയവയിൽ നിന്നെല്ലാം വൻ തുകയാണ് ചിത്രം വാരിയത്. തമിഴ് നാട്ടിൽ നിന്ന് മാത്രം 85 കോടിയാണ് ബിഗിൽ ഇതു വരെ കളക്ട് ചെയ്തത്.
ഏതാനും ദിവസത്തിനുള്ളിൽ ബിഗിൽ ബോക്സോഫീസിൽ 200 കോടി മറികടക്കുമെന്നാണ് സൂചന.അതോടെ മൂന്ന് തവണ 200 കോടി ക്ളബിൽ ഇടം നേടുന്ന താരമെന്ന ക്രെഡിറ്റ് വിജയ് സ്വന്തമാക്കും. മെർസൽ, സർക്കാർ എന്നിവയാണ് മറ്റ് ചിത്രങ്ങൾ.