തിരുവനന്തപുരം: രണ്ട് കൈകളും പിടിച്ചു പൊക്കി.രണ്ടു മാറിടങ്ങളിലുമായി പിടിച്ചു വലിച്ചു. കൈയ്യിൽ പിടിച്ച് വലിക്കുന്നതുപോലെ മാറിടങ്ങളിൽ പിടിച്ചു ഞെരിച്ചുകൊണ്ട് വലിച്ചാലുള്ള വേദന അനുഭവിച്ചാലേ അറിയൂ. കഴുത്തിൽ പിടിച്ച് ഞെക്കി. എന്റെ രണ്ട് മാറിടങ്ങളും നീലിച്ചു കിടക്കുന്നു. നീര് അവിടെ നിന്ന് കക്ഷം വരെയായി. ഇത് തുറന്നു പറയാൻ അപമാനം ഉണ്ട്. പക്ഷേ നാളെ മറ്റൊരാളോടും പൊലീസ് ഇത് ചെയ്യരുത്.-വെൽഫയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡന്റ് ശ്രീജ നെയ്യാറ്റിൻകര കേരളകൗമുദി ഓൺലൈനിനോട് പറഞ്ഞു.
വാളയാർ പെൺകുട്ടികളുടെ മരണം അന്വേഷിക്കുന്നതിലുണ്ടായ വീഴ്ചയിൽ പ്രതിഷേധിച്ച് കഴിഞ്ഞ ചൊവ്വാഴ്ച മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധപ്രകടനം നടത്തുമ്പോളായിരുന്നു സംഭവം. വി.ജെ.ടി ഹാളിൽ മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുക്കുന്ന പരിപാടിക്കു തൊട്ടുമുമ്പായിരുന്നു ഇത്. തലസ്ഥാന നഗരിയിൽ നടന്ന ഈ ക്രൂരതയെക്കുറിച്ച് പ്രതികരിക്കാൻ ഒരു സംഘടനകളും വനിതാ നേതാക്കളും മുന്നോട്ടു വന്നിട്ടില്ല.ഡോ.ജെ.ദേവികയും ശാരദക്കുട്ടി ടീച്ചറുമാണ് സോഷ്യൽ മീഡിയയിലൂടെ ആകെ പ്രതികരണം നടത്തിയത്.
സംഭവത്തെക്കുറിച്ച് ശ്രീജ നെയ്യാറ്റിൻകര കൗമുദിയോട് പറഞ്ഞതിങ്ങനെ.-മുഖ്യമന്ത്രി പങ്കെടുക്കുന്നതിനാൽ വി.ജെ.ടി ഹാൾ പരിസരത്ത് ശക്തമായ പൊലീസ് സാന്നിദ്ധ്യമുണ്ടായിരുന്നു.വെൽഫയർ പാർട്ടിയുടെ നേതൃത്വത്തിൽ ഞങ്ങൾ 30 ഓളം പ്രവർത്തകരാണ് രക്തസാക്ഷി മണ്ഡപത്തിനു സമീപത്തു നിന്നും ജാഥയായി വി.ജെ.ടി ഹാളിനു മുന്നിലേക്ക് പോയത്.വാതിലിന് അടുത്തെത്തും മുമ്പേ തിരമാലകൾ പോലെ വനിതാ പൊലീസ് വളഞ്ഞു.-അവളെ പിടിച്ച് അകത്തോട്ടിട് -എന്നൊരു പൊലീസ് ഓഫീസറുടെ ആക്രോശം കേട്ടു.എന്നോടൊപ്പം വനിതാ ആക്ടിവിസ്റ്റും എഴുത്തുകാരിയുമായ വിനീതാവിജയനുമുണ്ടായിരുന്നു. പൊലീസ് വലയത്തിലായ ഞങ്ങളെ തള്ളി അമർത്തുന്നുണ്ടായിരുന്നു.അപ്പോഴാണ് ഒരു വനിതാ സി.ഐയും വനിതാ എസ്.ഐയും എന്റെ അരികിലെത്തിയത്.എന്റെ കൈകൾ അവരിലൊരാൾ പൊക്കിപ്പിടിച്ചു.വനിത പൊലീസ് എന്റെ രണ്ട് മുലകളും പിടിച്ച് ഞെരിച്ച് വലിച്ചു.കൈയ്യിൽ പിടിച്ച് വലിക്കുന്നതുപോലെ ശക്തമായിട്ടായിരുന്നു അത്.ഞാൻ വേദനകൊണ്ടും അപമാനഭാരത്താലും പുളഞ്ഞു.വിടെടീ എന്നു പറഞ്ഞ് വിളിച്ചു കൂവി.അപ്പോഴേക്കും കഴുത്തിൽ ഞെക്കിപ്പിടിച്ച് ശ്വാസം മുട്ടിച്ചു.പിടിച്ചുവലിച്ച് പൊലീസ് വണ്ടിയിലേക്ക് കേറ്റി.കൈകൾ സ്വതന്ത്രമായിരുന്നെങ്കിൽ ഞാൻ ആ പൊലീസുകാരിയെ അടിച്ചേനെ.എനിക്കത്രമാത്രം വേദനിച്ചു.വേദന കൂടി വരികയാണ്.എന്റെ സ്വരം തന്നെ നഷ്ടമാകുമൊയെന്നാണ് ഇപ്പോൾ ഭയപ്പെടുന്നത്.
സ്റ്റേഷനിലെത്തിയപ്പോഴേക്കും വിനീത കുഴഞ്ഞുവീണു.വിനീതയേയും പിടിച്ചു വലിക്കുകയും സാരി വലിച്ചു കീറുകയും ചെയ്തിരുന്നു.അപ്പോൾ കുഴപ്പമാകും ജാമ്യത്തിൽ വിട്ടയച്ചേര് എന്നായി സ്റ്റേഷനിലുണ്ടായിരുന്ന എസ്.ഐ.
വിനീതയെ ആശുപത്രിയിൽക്കൊണ്ടു പോകണമെന്ന് പറഞ്ഞ് ഞാൻ വിളിച്ചുകൂവി.അപ്പോഴാണ് ആംബുലൻസ് വിളിച്ച് ജനറൽ ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ പൊലീസ് തയ്യാറായത്.ആശുപത്രിയിൽ വച്ച് പരസ്പര ജാമ്യത്തിൽ വിട്ടെന്നു പറഞ്ഞ് പൊലീസ് സ്ഥലം വിട്ടു.ഈ നാട്ടിൽ പ്രതിഷേധ പ്രകടനം നടത്തിയാൽ ഇതാണോ അവസ്ഥ.ആരോടാണ് പരാതി പറയുക.ഈ വിവരം അറിഞ്ഞിട്ട് വനിതാ സംഘടനകൾക്കൊന്നും പറയാനില്ലേ?ദേവികച്ചേച്ചിയും ശാരദക്കുട്ടി ടീച്ചറുമാണ് ആകെ പ്രതികരിച്ചത്.ദേവികച്ചേച്ചി മന്ത്രി ശൈലജ ടീച്ചർക്ക് തുറന്ന കത്ത് അയച്ചിട്ടുണ്ട്.എനിക്ക് ഒരു മകളാണുളളത്.വാളയാറിലെ പെൺകുട്ടികൾക്ക് ഉണ്ടായ സ്ഥിത് ഇനി മറ്റൊരു പെൺകുട്ടിക്കുണ്ടാവരുത്. ഇന്ന് മുഖ്യമന്ത്രിയുടെ വസതിയിലേക്ക് വാളയാർ സംഭവത്തിൽ പ്രതിഷേധിച്ച് മാർച്ച് നടത്തും.ശബ്ദം പോയതിനാൽ പ്രസംഗിക്കില്ല.അതു കഴിഞ്ഞ് ഡോക്ടറെ കാണണം.--ശ്രീജ പറഞ്ഞു നിർത്തി.
ഡോ.ജെ.ദേവികയുടെ പ്രതികരണത്തിൽ നിന്ന്
സി.പി.എമ്മിനോട് ചേർന്നു നിൽക്കുന്ന എല്ലാ സ്ത്രീകളും പ്രത്യേകിച്ച് പൊതുജീവിതത്തിൽ താത്പ്പര്യമുളള മുഴുവൻ സ്ത്രീകൾ പൊതുവെയും കേരള പൊലീസിനെതിരെ ശബ്ദിച്ചുകൊണ്ട് ശ്രീജയോട് ഐക്യപ്പെടേണ്ടതുണ്ട്.ഇത് ചെയ്ത പൊലീസുകാരികളെ മാതൃകാപരമായി ശിക്ഷിക്കേണ്ടതുണ്ട്,
ശാരദക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്
Vineetha Vijayan, Sreeja Neyyattinkara നിങ്ങളുടെ ദേഹത്തു വീണ കൈകൾ എന്റെ ദേഹത്തേയും നോവിക്കുന്നു. ഞാനിഷ്ടപ്പെടുന്ന ഇടതുപക്ഷ സർക്കാർ ഇങ്ങനെയൊന്നുമായിക്കൂടാ. സങ്കടവും അമർഷവുമുണ്ട്. വിശ്വസിക്കുന്നു എന്നു പറയുന്നതിന്റെ പിറ്റേ ദിവസം തന്നെ വിശ്വാസത്തിനടിയേൽക്കുന്നു എന്നു പറയേണ്ടി വരുമ്പോൾ.
പ്രതിഷേധിക്കാനും സമരം ചെയ്യാനും മുഷ്ടി ചുരുട്ടാനും അധികാര ധാർഷ്ട്യങ്ങളെ അതിക്രമിച്ചു കടക്കാനും പഠിപ്പിച്ചവരാണ് പ്രതിഷേധങ്ങളോട് സഹിഷ്ണുത കാണിക്കേണ്ടത്. ആയിരം തേൻ തുള്ളിയുണ്ടെന്നവകാശപ്പെട്ടിട്ടു കാര്യമില്ല, അതിലേക്ക് ഒരു വിഷത്തുള്ളി പോലും വീഴാതെ കാക്കുകയാണ് വേണ്ടത്.
എന്റെ, എന്നെ പോലെയുള്ള മറ്റു പലരുടെ വിശ്വാസങ്ങൾക്കു മുറിവേൽക്കുമ്പോൾ ഞങ്ങളനുഭവിക്കുന്ന നിസ്സഹായതയും ക്ഷോഭവും ഏതൊരു വലിയ പാർട്ടിക്കാരനോ പാർട്ടിക്കാരിയോ അനുഭവിക്കുന്നതിലും വലുതാണ്. ഒരു പരിഹാസത്തിലും തളർന്നു പോകാതെ കാക്കുന്ന വിശ്വാസമാണത്. അതെനിക്കു വേണ്ടി ലാഭേച്ഛയില്ലാതെ ഞാൻ കാക്കുന്ന വലുതായ വിശ്വാസമാണ്. മുറിപ്പെടുത്തരുത്. ആ വിശ്വാസത്തിന്റെ പേരിൽ ശ്രീജയോടും വിനീത യോടും ഞാൻ മാപ്പു പറയുന്നു. വിശ്വാസങ്ങളും വികാരങ്ങളും വ്രണപ്പെടുന്നതിങ്ങനെയാണ്.
എസ്.ശാരദക്കുട്ടി
31. 10.2019