തിരുവനന്തപുരം: അറബിക്കടലിൽ രൂപംകൊണ്ട "മഹ" ചുഴലിക്കാറ്റ് ശക്തിയാർജ്ജിക്കുന്നതിന് പിന്നാലെ സംസ്ഥാനത്ത് മഴ കനക്കുന്നു. പലയിടങ്ങളിലും ബുധനാഴ്ച രാത്രി തുടങ്ങിയ മഴ വ്യാഴാഴ്ച രാവിലെയും ശക്തമായി തന്നെ തുടരുകയാണ്. ഉച്ചയ്ക്ക് മുൻപ് മഹ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. മഹ ചുഴലിക്കാറ്റ് ഇപ്പോൾ തിരുവനന്തപുരം തീരത്ത് നിന്ന് വടക്ക്-വടക്കുപടിഞ്ഞാറൻ ദിശയിൽ 480കിമീ അകലെയാണ് ഉള്ളത്. അതേസമയം, ലക്ഷദ്വീപിന്റെ ഭാഗമായ കവരത്തി ദ്വീപിൽ നിന്ന് 50 കി.മീ അകലെയാണ് ചുഴലിക്കാറ്റ്.
എറണാകുളം ജില്ലയുടെ തീരപ്രദേശങ്ങളിൽ പലയിടത്തും കടൽ ക്ഷോഭം രൂക്ഷമായതിനെ തുടർന്ന് പ്രദേശവാസികളെ ഒഴിപ്പിച്ചു. നായരമ്പലം, എടവനക്കാട്, ചെല്ലാനം ഭാഗങ്ങളിൽ വീടുകളിൽ വെള്ളം കയറി. എറണാകുളം താന്തോന്നി തുരുത്തിൽ വെള്ളം കയറിയതിനെ തുടർന്ന് 62 കുടുംബങ്ങളെ ക്യാമ്പിലേയ്ക്ക് മാറ്റി. നായരമ്പലത്ത് 50 ലേറെ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. നാല് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, തൃശ്ശൂർ, മലപ്പുറം, കോഴിക്കോട് ജില്ലകളിലാണ് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. മറ്റ് പത്ത് ജില്ലകളിലും മഞ്ഞ അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് മലയോരമേഖലയിലെ യാത്ര ഒഴിവാക്കണമെന്നും മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും സുരക്ഷാമുന്നറിയിപ്പുണ്ട്. മഴ പ്രതീക്ഷിക്കുന്നതിലേറെ കൂടിയാലുണ്ടാകുന്ന സാഹചര്യം നേരിടാൻ തയ്യാറായിരിക്കണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും അറിയിച്ചു. അതേസമയം, സംസ്ഥാനത്ത് അടുത്ത 48 മണിക്കൂർ സമയം നിർണ്ണായകമാണ്. കാറ്റിന്റെ വേഗത കൂടാനാണ് സാദ്ധ്യത. മണിക്കൂറിൽ 60 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.