ന്യൂഡൽഹി : വിദേശത്തും സ്വദേശത്തുമുള്ള കള്ളപ്പണം മൊത്തം പിടികൂടുമെന്ന വാഗ്ദാനവുമായാണ് 2014ൽ മോദി സർക്കാർ അധികാരത്തിലേറിയത്. ഒന്നാം മോദി സർക്കാരിന്റെ കാലത്തു തന്നെ ഇന്ത്യൻ സമ്പദ്വ്യവസ്ഥയെ ശുദ്ധീകരിക്കുന്നതിനായി 500,1000 നോട്ടുകളുടെ നിരോധനം ഏർപ്പെടുത്തിയതു തന്നെ അനധികൃതമായി പണം സൂക്ഷിച്ചിരിക്കുന്നവരെ തിരിച്ചറിയുന്നതിനായിരുന്നു. 2016 നവംബറിൽ ഇപ്രകാരം 500, 1000 രൂപാ നോട്ടുകൾ നിരോധിച്ചെങ്കിലും കള്ളപ്പണം പൂർണമായി പിടിക്കാനായിരുന്നില്ല. 15.4 ലക്ഷം കോടി മൂല്യമുള്ള നോട്ടുകളാണ് അസാധുവാക്കിയത്. ഇതിൽ മൂന്നുലക്ഷം കോടിയോളം കള്ളപ്പണമാണെന്നും അത് ബാങ്കുകളിൽ തിരിച്ചെത്തില്ലെന്നും സർക്കാർ കണക്കാക്കിയിരുന്നു.
നോട്ട് നിരോധനത്തിൽ പൂർണമായും ലക്ഷ്യം കൈവരിക്കുവാൻ സർക്കാരിനായിരുന്നില്ല. 95 ശതമാനത്തോളം നോട്ടും തിരിച്ചെത്തിയതോടെ സർക്കാർ നീക്കം പാളിയെന്ന വിമർശനം ശക്തമായി. തുടർന്ന്, കള്ളപ്പണം സ്വയം വെളിപ്പെടുത്തി നികുതിയടച്ച് രക്ഷനേടാനുള്ള ഇൻകം ഡിക്ലറേഷൻ സ്‌കീം (ഐ.ഡി.എസ് ) അവതരിപ്പിച്ചു. എന്നാൽ തുടർന്നുള്ള അന്വേഷണത്തിൽ സ്വർണം ഉൾപ്പെടെയുള്ള മറ്റ് മാർഗങ്ങളിലും കള്ളപ്പണ നിക്ഷേപമുണ്ടെന്ന് കണ്ടെത്തിയിരുന്നു. ഇതേ തുടർന്നാണ് കള്ളപ്പണം പിടിക്കാനുള്ള നടപടികളുടെ ഭാഗമായി, നികുതി അടയ്ക്കാതെ വാങ്ങിയ സ്വർണം സ്വയം വെളിപ്പെടുത്താൻ അനുവദിക്കുന്ന 'ഗോൾഡ് ആംനെസ്റ്റി സ്‌കീം' കേന്ദ്രം പ്രഖ്യാപിക്കാനൊരുങ്ങുന്നതായി റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. കള്ളപ്പണം ഒളിപ്പിക്കാൻ അനധികൃതമായി സ്വർണം വാങ്ങിക്കൂട്ടിയവരെയാണ് ഇതിലൂടെ ഉന്നം വയ്ക്കുന്നത്. വെളിപ്പെടുത്തിയ സ്വർണത്തിന്റെ മൂല്യത്തിന് ആനുപാതികമായ നികുതിയടച്ച്, മറ്റ് ശിക്ഷകളിൽ നിന്ന് രക്ഷനേടാം. നീതി ആയോഗിന്റെ നിർദ്ദിഷ്ട ദേശീയ സ്വർണനയത്തിലേക്കുള്ള ശുപാർശയാണ് ഗോൾഡ് ആംനെസ്റ്റി.
ശുപാർശകൾ
നിശ്ചിത കാലയളവിൽ അനധികൃത സ്വർണശേഖരം വെളിപ്പെടുത്തണം.
വെളിപ്പെടുത്തുന്ന സ്വർണത്തിന് 30 ശതമാനം നികുതിയും മൂന്നു ശതമാനം വിദ്യാഭ്യാസ സെസും.
നോട്ടു നിരോധനം പോലെ എളുപ്പമല്ല
സ്വർണത്തിലേക്ക് ഒഴുക്കിയ കള്ളപ്പണം വെളിച്ചത്ത് കൊണ്ടുവരാനുള്ള ഗോൾഡ് ആംനെസ്റ്റി നടപ്പാക്കുക എളുപ്പമാകില്ല.
കാരണങ്ങൾ:
പാരമ്പര്യമായി ലഭിച്ച സ്വർണശേഖരം മിക്ക കുടുംബങ്ങളിലുമുണ്ട്. അതിന് രേഖകൾ ഉണ്ടാവില്ല.
സ്വർണത്തിന്റെ മൂല്യത്തിന്റെ മുക്കാലും നികുതിയായി നഷ്ടമാകുമെന്നതിനാൽ അനധികൃത സ്വർണം വെളിപ്പെടുത്താതിരിക്കാം
നികുതി ഉദ്യോഗസ്ഥരുടെ പീഡനം ഭയന്നും അനധികൃത സ്വർണം വെളിപ്പെടുത്താതിരിക്കാം.
സീറോ കൂപ്പൺ ബോണ്ട്
അനധികൃത സ്വർണം പിടിക്കാൻ 10 വർഷ സീറോ കൂപ്പൺ ബോണ്ട് (പലിശയില്ലാത്ത കടപ്പത്രം) അവതരിപ്പിച്ചാൽ മതിയെന്ന് സ്വർണവ്യാപാര മേഖല സർക്കാരിനോട് നിർദേശിച്ചിരുന്നു.
അനധികൃത സ്വർണം വെളിപ്പെടുത്തി ഈ കടപ്പത്രം വാങ്ങാം.
നിശ്ചിത കാലയളവിന് ശേഷം സ്വർണത്തിന് തുല്യമായ തുക തിരികെ ലഭിക്കും.
സ്വർണത്തിന്റെ നികുതി പലിശയായി സർക്കാരിനും ലഭിക്കും.
20,000 ടൺ
ഇന്ത്യക്കാരുടെ കൈവശം 20,000 ടൺ സ്വർണമുണ്ടെന്നാണ് വിലയിരുത്തൽ.
പാരമ്പര്യമായി ലഭിച്ചതും കള്ളക്കടത്ത് സ്വർണവും കൂടുമ്പോൾ ഇത് 25,000 30,000 ടൺ വരും.
ഒന്നര ലക്ഷം കോടി ഡോളറാണ് ഇതിന്റെ മൂല്യം. ഏകദേശം 100 ലക്ഷം കോടി രൂപ !