പാലക്കാട്: വാളയാർ പീഡനക്കേസിൽ പ്രതികൾക്ക് ജാമ്യം അനുവദിച്ചത് പ്രോസിക്യൂഷൻ വീഴ്ചയെ തുടർന്നാണെന്ന് പാലക്കാട് സെഷൻസ് കോടതി ജഡ്ജിയുടെ റിപ്പോർട്ട്. ഹെെക്കോടതിയിലാണ് ഇതുസംബന്ധിച്ച റിപ്പോർട്ട് സമർപ്പിച്ചത്. കേസിലെ മുഖ്യപ്രതികളായ മധുവിനും പ്രദീപ് കുമാറിനും ജാമ്യം അനുവദിച്ച സാഹചര്യത്തിലാണ് ഹൈക്കോടതി വിശദീകരണം ചോദിച്ചത്.
പ്രതികൾക്ക് ജാമ്യം അനുവദിച്ചതിന് സെഷൻസ് കോടതിയെ ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കേസിന്റെ ഗൗരവസ്വഭാവം സെഷൻസ് കോടതി പരിഗണിച്ചില്ലെന്ന് ഹൈക്കോടതി പറഞ്ഞു. ജാമ്യഹർജി പരിഗണിച്ചപ്പോൾ പ്രോസിക്യൂഷന്‍ ഹാജരായില്ലെന്ന് സെഷൻസിന്റെ റിപ്പോർട്ട്. പ്രോസിക്യൂഷൻ എതിർക്കാത്തതു കൊണ്ടാണ് ജാമ്യം നൽകിയത്. പ്രോസിക്യൂഷൻ എതിർത്തില്ല എന്നതുകൊണ്ട് മാത്രം ജാമ്യം നൽകിയത് ഉചിതമായ നടപടിയല്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.
2017ലാണ് മധുവിനും പ്രദീപ്കുമാറിനും ജാമ്യം ലഭിച്ചത്. ജാമ്യത്തിനുള്ള അപേക്ഷ നൽകി തൊട്ടടുത്ത ദിവസം തന്നെ കോടതി ജാമ്യം നൽകുകയായിരുന്നു. ജാമ്യം നൽകിയതിൽ അസ്വാഭാവികത ആരോപിച്ച് പൊലീസാണ് ഹൈക്കോടതിയിൽ അപേക്ഷ നൽകിയത്. തുടർന്നാണ് സെഷൻസ് കോടതിയോട് ഹൈക്കോടതി വിശദീകരണം ചോദിച്ചത്. വിശദീകരണ റിപ്പോർട്ടിലാണ് പ്രോസിക്യൂഷൻ പ്രതികളുടെ ജാമ്യാപേക്ഷ എതിർത്തിട്ടില്ലെന്ന് സെഷൻസ് കോടതി ജഡ്ജി വ്യക്തമാക്കിയത്.