ഒരു വ്യക്തിയുടെ സ്വകാര്യ ജീവിതത്തിലേക്ക് കടന്നുകയറാൻ അവകാശമില്ലെന്ന കാര്യം ഒരു സമൂഹമെന്ന നിലയിൽ പലപ്പോഴും നമ്മൾ മറന്നു പോകാറുണ്ടെന്നാണ് ചില സംഭവങ്ങൾ കാണുമ്പോൾ തോന്നുക. സ്ത്രീയുടെ വ്യക്തിപരമായ കാര്യങ്ങളിലാണ് പലപ്പോഴും ഇത്തരം കടന്നുകയറ്റങ്ങൾ ഉണ്ടാകുക. സ്ത്രീയ്ക്ക് പുരുഷനെ പോലെതന്നെ ഒരു വ്യക്തിത്വമുണ്ടെന്നും സ്വന്തം തീരുമാനം എടുക്കാനുള്ള കഴിവുണ്ടെന്നും പലപ്പോഴും സമൂഹം ഓർക്കാറില്ല.
അത്തരമൊരു ദുരനുഭവമാണ് ബോളിവുഡിലെ ഓഫ്ബീറ്റ് ചിത്രങ്ങളിലൂടെ മികച്ച നടി എന്ന് പേരെടുത്ത, ദേശീയ അവാർഡ് ജേതാവായ കൽക്കി കോച്ച്ലിന് സംഭവിച്ചത്. 'മാർഗരീറ്റ വിത്ത് എ സ്ട്രോ', 'ദേവ് ഡി', 'ഗല്ലി ബോയ്' എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയായ കൽക്കി ഇപ്പോൾ താൻ ഗർഭിണിയായതിന് സോഷ്യൽ മീഡിയയിൽ വിമർശനം നേരിട്ടുകൊണ്ടിരിക്കുകയാണ്. അവിവാഹിതയായ കൽക്കിയുടെ ഭർത്താവെവിടെയെന്നും, എങ്ങനെ ഇങ്ങനെയൊക്കെ ചെയ്യാനാകുന്നു എന്നും ഗർഭിണി ആയിരിക്കുന്ന സമയത്ത് എന്തിനാണ് ഇറുകിയ വസ്ത്രങ്ങൾ ധരിക്കുന്നത് എന്നുമാണ് സോഷ്യൽ മീഡിയയിലെ വിമർശകർ ചോദിക്കുന്നത്.
ഒരു വിനോദ ചാനലിന്റെ പരിപാടിക്കിടെയാണ് കൽക്കി ഇക്കാര്യം വെളിപ്പെടുത്തിയത്. എന്നാൽ ഇത്തരം ട്രോളുകൾ തന്നെ ഒരു തരത്തിലും തന്നെ ബാധിച്ചിട്ടില്ലെന്നും സെലിബ്രിറ്റി ആകുമ്പോൾ ഇത്തരം കാര്യങ്ങൾ കേൾക്കേണ്ടി വരിക സ്വാഭാവികമാണെന്നുമാണ് കൽക്കി അഭിപ്രായപ്പെടുന്നത്. ഇങ്ങനെയുള്ള ആൾക്കാർ തന്നെ വ്യക്തിപരമായി അടുത്തറിയാതെ വിമർശനങ്ങൾ ഉന്നയിക്കുമ്പോൾ തന്നോട് അടുപ്പമുള്ളവർ ഏറെ സ്നേഹത്തോടെയാണ് പെരുമാറുന്നതെന്നും കൽക്കി കോച്ച്ലിൻ പറഞ്ഞു. കൽക്കിക്ക് ആശംസകൾ അറിയിച്ച് മുൻ ഭർത്താവ് അനുരാഗ് കശ്യപ് എത്തിയത് വാർത്തയായിരുന്നു. 'മാതാപിതാക്കളുടെ ക്ലബ്ബിലേക്ക് സ്വാഗതമെന്നും എന്താവശ്യമുണ്ടെങ്കിലും വിളിക്കണ'മെന്നുമാണ് അനുരാഗ് കൽക്കിയോട് പറഞ്ഞിരുന്നത്.