suresh-gopi-

ന്യൂഡൽഹി : സുരേഷ് ഗോപി ഇനി കേന്ദ്ര മന്ത്രിയോ അതോ പാർട്ടിയുടെ കേരള അദ്ധ്യക്ഷനോ ? പാർട്ടി നേതാക്കൾക്കിടയിൽ ഈ ചർച്ച ചൂടുപിടിക്കുകയാണ്. രണ്ട് നാളുകൾക്ക് മുൻപേ മിസോറാം ഗവർണറായി പി.എസ്. ശ്രീധരൻ പിള്ള നിയമിതനായതോടെ ഒഴിവു വന്ന അദ്ധ്യക്ഷ സ്ഥാനത്തേയ്ക്ക് നടനും എം.പിയുമായ സുരേഷ് ഗോപിയെ പരിഗണിക്കുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു. ഡൽഹിയിൽ പാർട്ടി കേന്ദ്രത്തിൽ അത്തരത്തിൽ ആലോചനകളുണ്ടായെന്നും ജനപ്രിയനായ നേതാവിനെ തലപ്പത്തേക്ക് കൊണ്ടുവരണമെന്ന അമിത് ഷായുടെ ആവശ്യം സുരേഷ് ഗോപിയെ മനസിൽ കണ്ടാണെന്നും അറിയുന്നു.എന്നാൽ കേരളത്തിലെ നേതാക്കൾ ഈ അഭ്യൂഹങ്ങൾക്ക് വലിയ വില കൽപ്പിച്ചിരുന്നില്ല. എന്നാൽ കഴിഞ്ഞ ദിവസം സുരേഷ് ഗോപിയോട് അടിയന്തരമായി ഡൽഹിയിലേക്ക് എത്തുവാൻ പാർട്ടി കേന്ദ്ര നേതൃത്വത്തിന്റെ അറിയിപ്പെത്തി, തൊട്ടു പിന്നാലെ സിനിമാ സെറ്റിൽ നിന്നും താരം ഡൽഹിയിലെത്തി ബി.ജെ.പി ദേശീയ അദ്ധ്യക്ഷനായ അമിത്ഷായുമായി കൂടിക്കാഴ്ച നടത്തിയതോടെയാണ് അഭ്യൂഹങ്ങൾ വീണ്ടും ചൂടുപിടിക്കുന്നത്.

മന്ത്രിയോ അദ്ധ്യക്ഷനോ ?

പാർലമെന്റിൽ ശീതകാല സമ്മേളനത്തിന് തൊട്ടു മുൻപായി കേന്ദ്രമന്ത്രിസഭയുടെ രണ്ടാം ഘട്ട വികസനമുണ്ടാകുമെന്ന് അറിയുന്നു. ഇതിൽ കേരളത്തിൽ നിന്നും സുരേഷ് ഗോപിയെ മന്ത്രിസഭയിലേക്ക് എത്തിക്കുവാൻ നീക്കമുണ്ടെന്നും അതിനെ കുറിച്ച് അറിയിക്കുന്നതിനായിട്ടാണ് താരത്തെ ഡൽഹിയിലേക്ക് വിളിപ്പിച്ചതെന്നും അറിയുന്നു. നിലവിൽ രാജ്യസഭയിലെ അംഗമാണ് സുരേഷ് ഗോപി. എന്നാൽ മന്ത്രിസഭയിലേക്കല്ല പാർട്ടിയുടെ കേരളഘടകത്തിന്റെ തലപ്പത്തേയ്ക്ക് ജനകീയനായ സുരേഷ് ഗോപിയെ നിയമിക്കുന്നതിനെ കുറിച്ച് അഭിപ്രായം ചോദിക്കുവാനാണ് ഡൽഹിയിലേക്ക് വിളിപ്പിച്ചതെന്നും അഭ്യൂഹങ്ങളുണ്ട്. ഇതുവരെയും ഡൽഹി സന്ദർശനത്തിന്റെ വിവരങ്ങൾ സുരേഷ് ഗോപി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിലും മത്സരിക്കാൻ താത്പര്യം കാട്ടാതിരുന്ന സുരഷ് ഗോപി അമിത് ഷാ വിളിപ്പിച്ചതോടെയാണ് തൃശൂരിൽ തിരഞ്ഞെടുപ്പ് ഗോദയിൽ ഇറങ്ങിയത്. പ്രധാനമന്ത്രിയുമായി സുരേഷ് ഗോപിക്കുള്ള അടുത്ത ബന്ധവും അനുകൂലഘടകമാണ്.

എന്നാൽ പി.എസ്. ശ്രീധരൻ പിള്ള അദ്ധ്യക്ഷ സ്ഥാനം ഒഴിഞ്ഞതോടെ അവകാശവാദവുമായി പാർട്ടിക്കകത്തെ അധികാര കേന്ദ്രങ്ങൾ ചരടുവലി തുടങ്ങിക്കഴിഞ്ഞു. കേന്ദ്രമന്ത്രി വി.മുരളീധരനോട് അടുപ്പമുള്ള കെ.സുരേന്ദ്രൻ കേരളത്തിൽ പാർട്ടിയുടെ അദ്ധ്യക്ഷനാവുമെന്നും, അതല്ല കൃഷ്ണദാസ് പക്ഷം പിന്തുണയ്ക്കുന്ന എം.ടി.രമേശിനാണ് സാദ്ധ്യത കൂടുതലെന്നുമാണ് കേരള നേതാക്കളിൽ നിന്നും ലഭിക്കുന്ന സൂചന. എന്നാൽ ആർ.എസ്.എസ് താത്പര്യം അനുസരിച്ചുമാത്രമേ അന്തിമ തീരുമാനത്തിലേക്ക് പാർട്ടി കടക്കുകയുള്ളു. ആർ.എസ്. എസ് താത്പര്യമനുസരിച്ചായിരുന്നു കുമ്മനം രാജശേഖരനെ മുൻപ് അദ്ധ്യക്ഷ സ്ഥാനത്തേക്ക് കൊണ്ടുവരാൻ പാർട്ടി കേന്ദ്ര നേതൃത്വം തയ്യാറായത്. എന്നാൽ ശബരിമല പ്രക്ഷോഭത്തിലടക്കം സമരമുഖത്ത് നിറഞ്ഞു നിന്ന കെ.സുരേന്ദ്രനെ ഇപ്പോൾ അദ്ധ്യക്ഷനാക്കുന്നതിൽ ആർ.എസ്.എസ് എതിർക്കാനിടയില്ലെന്നും കരുതപ്പെടുന്നു.