ന്യൂഡൽഹി: ഇന്ത്യൻ വനിതാ ടീമിന് കയ്യിൽ കാശില്ലാതെ നട്ടംതിരിയേണ്ടിവന്നത് ദിവസങ്ങളോളം. ലോകത്തിലെ ഏറ്റവും വലിയ കായിക സംഘടനകളിൽ ഒന്നെന്ന് വീമ്പ് പറയുന്ന ബി.സി.സി.ഐ തന്നയാണ് ഇന്ത്യൻ വനിതാ ടീമിനെ വെസ്റ്റിൻഡീസിലേക്കയച്ചത്. എന്നാൽ, പണം നൽകിയില്ല. കളിക്കാരുടെ ദിവസബത്ത അനുവദിക്കുന്നതിൽ വന്ന വീഴ്ചയാണിതെന്നാണ് റിപ്പോർട്ട്. സംഭവം വിവാദമായതോടെ കളിക്കാരുടെ അക്കൗണ്ടുകളിലേയ്ക്ക് പണം അയച്ചുകൊടുക്കുകയായിരുന്നു. ബി.സി.സി.ഐയുടെ പുതിയ ഭരണസമിതി ഇടപെട്ടാണ് കളിക്കാർക്ക് ആവശ്യമായ പണം അയച്ചുകൊടുത്തത്.
വനിതാ ക്രിക്കറ്റർക്മൂന്ന് ഏകദിനത്തിനും അഞ്ച് ട്വന്റി20ക്കുമായാണ് ഇന്ത്യൻ സംഘം വിൻഡീസിലേക്ക് പുറപ്പെട്ടത്. വനിതാ താരങ്ങൾക്ക് ദിവസ ബത്ത നൽകുന്നതിലെ സാമ്പത്തിക ഇടപാടുകൾ സെപ്തംബർ 18ന് സി.ഒ.എയുടെ കീഴിൽ സെപ്തംബർ18ന് ആരംഭിച്ചതാണ്. സെപ്തംബർ 18ന് തന്നെ അലവൻസ് അനുവദിക്കുന്നുവെന്ന് വ്യക്തമാക്കുന്ന ആദ്യ മെയിലും ലഭിച്ചു. എന്നാല്‍ ഒക്ടോബർ 24 വരെ പിന്നെ ഒരു നടപടിയും ഉണ്ടായില്ലെന്ന് ബി.സി.സി.ഐ വൃത്തങ്ങൾ പറയുന്നു.
ബി.സി.സി.ഐ.യുടെ ക്രിക്കറ്റ് ഓപ്പറേഷൻസ് ജനറൽ മാനേജരും വനിതാ ടീമിന്റെ ചുമതലക്കാരനും മുൻ വിക്കറ്റ്കീപ്പർ ബാറ്റ്‌സ്മാനുമായ സബ കരീം വരുത്തിയ വീഴ്ചയാണ് ഇതിനുകാരണമെന്നാണ് ആക്ഷേപം. "സെപ്തംബർ പതിനെട്ടിനാണ് കളിക്കാരുടെ ദിനബത്ത അനുവദിക്കുന്നത് സംബന്ധിച്ച പ്രശ്നം ചർച്ചയാകുന്നത്. ഇതുസംബന്ധിച്ച് സെപ്തംബർ 23ന് സബ കരീമിന് ഇമെയിൽ അയക്കുകയും ചെയ്തിരുന്ന"തായി ഒരു ബി.സി.സി.ഐ ഭാരവാഹി ഒരു ദേശീയ മാദ്ധ്യമത്തോട് പറഞ്ഞു.
സെപ്തംബർ 23നും 25നുമെല്ലാം ഇതേ കാര്യം ആവർത്തിച്ചുകൊണ്ട് മെയിലുകൾ അയച്ചിരുന്നു. ഒക്‌ടോബർ 24നാണ് ഏറ്റവും അവസാനം അനുമതിക്കായി അപേക്ഷ ഇ-മെയിലിൽ അയച്ചതെന്നും ബി.സി.സി.ഐ. ഭാരവാഹി പറഞ്ഞു. ശേഷം ഒക്‌ടോബർ 30നാണ് അവരുടെ അക്കൗണ്ടിലേയ്ക്ക് പണം കൈമാറിയത്. നവംബർ ഒന്നിനാണ് പരമ്പരയിലെ ഇന്ത്യയുടെ ആദ്യ മത്സരം.