trump-dog

വാഷിംഗ്ടൺ:ഐസിസ് ഭീകരൻ അബു ബക്കർ ബാഗ്ദാദിയെ ഓടിച്ച മിലിട്ടറി നായയെ സുന്ദരനും മിടുക്കനും എന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വിശേഷിപ്പിച്ചത്. നായയ്ക്ക് പരിക്ക് പറ്റിയെന്നും അവനെ ദൗത്യം അവസാനിച്ച ശേഷം അമേരിക്കയിലേക്ക് തിരികെ കൊണ്ടുവെന്നുവെന്നും ട്രംപ് പറഞ്ഞിരുന്നു. എന്നാൽ പരിക്കൊന്നും തനിക്ക് വിഷയമേയല്ല എന്ന് പറഞ്ഞുകൊണ്ട് നായ ഡ്യൂട്ടിയിൽ തിരികെ പ്രവേശിച്ചിരിക്കുകയാണ്.

സിറിയയിലുള്ള തന്റെ ഒളിയിടത്തിൽ അമേരിക്കൻ സേന തന്നെ പിടികൂടാൻ എത്തിയതറിഞ്ഞ് പ്രാണരക്ഷാർത്ഥം രക്ഷപെട്ടോടിയ ബാഗ്‌ദാദി ഒളിയിടത്തിനു കീഴിലുള്ള തുരങ്കത്തിൽ വച്ച് തന്റെ സൂയിസൈഡ് ബോംബ് വെസ്റ്റ് പൊട്ടിച്ചപ്പോഴാണ് മരണപ്പെട്ടത്. ഇയാൾക്കൊപ്പം ഇയാളുടെ മൂന്ന് കുട്ടികളും മരണപ്പെട്ടിരുന്നു. ഇതിനിടെയാണ് കെ9 നായയ്ക്ക് പരിക്കേറ്റത്. തുരങ്കത്തിൽ കേബിളുകൾ നായയുടെ ദേഹത്തേക്ക് വീണപ്പോഴാണ് പരിക്കേറ്റത്.

50തോളം ദൗത്യങ്ങളിൽ പങ്കെടുത്ത നായ സോക്കോം കേനൈൻ പ്രോഗ്രാമിന്റെ ഭാഗമായി നാല് കൊല്ലമായി സേനയിൽ സേവനമനുഷ്ഠിക്കുന്നു. പരിക്കുകൾ പൂർണമായും ഭേദമായ നായ തിരികെ ഡ്യൂട്ടിയിൽ പ്രവേശിച്ച കാര്യം യു.എസ് സെൻട്രൽ കമാൻഡ് കമാൻഡർ ജനറൽ കെന്നത്ത് മക്കൻസിയാണ് പെന്റഗണിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ അറിയിച്ചത്.