ഐസിസ് തലവൻ അബു ബക്കർ അൽ ബാഗ്ദാദി കൊല്ലപ്പെട്ട ദിവസം മുതൽ ഒരു വീഡിയോ സോഷ്യൽ മീഡിയയിൽ പ്രചരിക്കുകയാണ്. ബാഗ്ദാദിയെ പിടികൂടാനെത്തിയ യു.എസ് ദൗത്യ സംഘത്തിന്റെ കൂടെ ഒരു റോബോട്ട് കൂടി ഉണ്ടായിരുന്നു. എന്നാൽ ഈ റോബോട്ടിനെ ദൗത്യത്തിനായി ഉപയോഗിക്കേണ്ടി വന്നില്ലെന്നുമുള്ള അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവന വന്ന ശേഷമായിരുന്നു ഈ വീഡിയോ പുറത്തിറങ്ങുന്നത്. തോക്കുകളും ആയോധന മുറകളും ഉപയോഗിച്ച് സാധാരണ മനുഷ്യർക്കും സൈനികർക്ക് പോലും അസാദ്ധ്യമായ രീതിയിൽ പോരാടുന്ന ഒരു മിലിട്ടറി റോബോട്ടിന്റെ ഈ വീഡിയോ കണ്ട് നിരവധി പേർ ഞെട്ടിത്തരിച്ചിരിക്കുകയാണ്. കാരണം അത്ര മികച്ച രീതിയിലാണ് ഈ റോബോട്ട് തനിയ്ക്ക് നേരെ വരുന്ന ആക്രമണങ്ങളെ പ്രതിരോധിക്കുന്നത്. ചുറ്റുമുള്ള മനുഷ്യർ തന്നെ ആക്രമിക്കുമ്പോഴും തന്റെ ലക്ഷ്യങ്ങളിലേക്ക് അണുവിട വ്യത്യാസമില്ലാതെ നിറയൊഴിക്കുന റോബോട്ട് വീഡിയോയുടെ അവസാനം മനുഷ്യനെയും ആക്രമിക്കുന്നതായി കാണാം. തന്നെ ആക്രമിക്കുന്ന മനുഷ്യനെ നിഷ്പ്രയാസം തൂത്തെറിയുന്ന റോബോട്ട് കാഴ്‌ച്ചക്കാരെ ഭയപെടുത്തുന്നു.
എന്നാൽ ഈ വീഡിയോയിൽ കാണുന്ന റോബോട്ട് ഒരു കാരണവശാലും യാഥാർത്ഥമല്ല. സൈനിക ആവശ്യങ്ങൾക്കായി അമേരിക്ക റോബോട്ടുകളെ ഉപയോഗിക്കാറുണ്ടെന്നുളത് ശരിയാണെങ്കിലും വീഡിയോയിൽ കാണുന്നത് പോലെ ശക്‌തരായ റോബോട്ടുകൾ നിലവിലില്ല. ബോസ്റ്റൺ ഡയനാമിൿസ് എന്ന മസാച്ചൂസറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടെക്നോളജിയുടെ കിഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം നിർമിച്ച ഏതാനും സാധാരണ റോബോട്ടുകളുടെ രൂപം കടമെടുത്തുകൊണ്ട് കോറിഡോർ എന്ന ഗ്രാഫിക്സ് ഡിസൈനേഴ്സിന്റെ കൂട്ടായ്മ സൃഷ്ടിച്ചതാണ് ഈ വീഡിയോ. തങ്ങളുടെ യൂട്യൂബ് ചാനൽ വഴി സമാന രീതിയിലുള്ള നിരവധി വീഡിയോകൾ ഇവർ പുറത്തിറക്കിയിട്ടുണ്ട്. റോബോട്ടുകൾ മനുഷ്യരെ ആക്രമിക്കാൻ എത്തുന്നു എന്ന തരത്തിലുള പ്രമേയങ്ങൾ കൈകാര്യം ചെയുന്ന ചലച്ചിത്രങ്ങളും പുസ്തകങ്ങളും അനവധി പുറത്തിറങ്ങുന്ന ഇക്കാലത്ത് ഇങ്ങനെയൊരു വീഡിയോ കാഴ്ചക്കാർക്കിടയിൽ ഭീതി സൃഷ്ടിച്ചതിൽ അത്ഭുതമില്ല.