flights-

ന്യൂഡൽഹി : ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ കുറിച്ച് ആശങ്കയുളവാക്കുന്ന റിപ്പോർട്ടുകൾ പുറത്തു വരുമ്പോഴും കേവലം അഞ്ച് വർഷങ്ങൾക്കകം ഇന്ത്യയെ അഞ്ച് ട്രില്യൺ ഡോളർ സമ്പദ്‌വ്യവസ്ഥയുള്ള രാജ്യമാക്കാനുള്ള കേന്ദ്രസർക്കാരിന്റെ സ്വപ്നം ചിറികുവിരിക്കുന്നു. ഇതിന്റെ ആദ്യപടിയായി 2024നകം രാജ്യത്ത് നൂറ് വിമാനത്താവളങ്ങൾ കൂടി പുതുതായി പ്രവർത്തനം ആരംഭിക്കും. ഇതിനായുള്ള പദ്ധതി സർക്കാരിന്റെ പരിഗണനയിലാണ്. ഒരു ലക്ഷം കോടിരൂപയാണ് നൂറ് വിമാനത്താവളങ്ങളുടെ നിർമ്മാണത്തിനായി പ്രതീക്ഷിക്കുന്ന ചെലവ്. നിലവിൽ ഏഷ്യയിലെ മൂന്നാമത്തെ സാമ്പത്തിക ശക്തിയായ ഇന്ത്യയെ ഒന്നാം സ്ഥാനത്തെത്തിക്കുക എന്ന ലക്ഷ്യം നിറവേറ്റാൻ വിമാനത്താവളങ്ങളുടെ എണ്ണം വർദ്ധിപ്പിക്കേണ്ടത് ആവശ്യമാണ്. ചെറുപട്ടണങ്ങളെ ബന്ധിപ്പിച്ചു കൊണ്ട് രാജ്യമെമ്പാടും വിമാനത്താവളങ്ങൾ നിർമ്മിക്കുന്നതിലൂടെ വ്യവസായ സ്ഥാപനങ്ങളും നിർമ്മാണശാലകളും മഹാ നഗരത്തിനും ചുറ്റിലുമായി ഒതുക്കപ്പെടുന്ന രീതി അവസാനിക്കുകയും, വിദേശ നിക്ഷേപത്തിന് കൂടുതൽ സാദ്ധ്യത തെളിയുകയും ചെയ്യും.

flights-

മുൻപിൽ ചൈന തൊട്ടുപിന്നാലെ ഇന്ത്യ

വിമാനത്താവളങ്ങളുടെ എണ്ണത്തിൽ ഇന്ത്യയ്ക്കും വളരെ മുകളിലാണ് ചൈനയുടെ സ്ഥാനം. അടുത്ത പതിനഞ്ച് വർഷങ്ങൾക്കകം 450 വിമാനത്താവളങ്ങൾ പ്രവർത്തിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് ചൈന അവരുടെ വികസനപ്രവർത്തനങ്ങൾക്ക് ആക്കം കൂട്ടുന്നത്. ഈ ലക്ഷ്യം അവർ പ്രാവർത്തികമാക്കിയാൽ നിലവിലുള്ളതിന്റെ ഇരട്ടിയാവും ചൈനയിലെ വിമാനത്താവളങ്ങളുടെ എണ്ണം. എന്നാൽ ഈ മേഖലയിൽ ഇന്ത്യയുടെ വളർച്ചയും അസൂയാവഹമാണെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. കഴിഞ്ഞ മൂന്ന് വർഷങ്ങൾക്ക് മുൻപ് ഇന്ത്യയിലെ കേവലം എഴുപത്തിയഞ്ച് വിമാനത്താവളങ്ങളിലേക്കാണ് മുഖ്യമായും വിമാനക്കമ്പനികൾ സർവീസ് നടത്തിയിരുന്നത്. എന്നാൽ കേന്ദ്ര സർക്കാർ മുൻകൈ എടുത്ത് ഉഡാൻ പോലെയുള്ള പദ്ധതികൾ കൊണ്ടുവന്നതോടെ മുപ്പത്തിയെട്ടോളം ചെറു വിമാനത്താവളങ്ങളിലേക്കും സർവീസ് ആരംഭിച്ചു. ആഭ്യന്തര സർവ്വീസ് മേഖല കൂടുതൽ ആകർഷകമായതോടെ ഇടത്തരം വരുമാനമുള്ളവരും വിമാനത്തിൽ യാത്ര ചെയ്യാൻ താത്പര്യപ്പെടുന്ന പ്രവണതയാണ് കണ്ടുവരുന്നത്. പുതിയ കരാറുകൾ പ്രകാരം പുതുതായി അറുപത്തിമൂന്ന് റൂട്ടുകളിലേക്കും സർവ്വീസ് ആരംഭിക്കുവാൻ വിമാനകമ്പനികൾ താത്പര്യം അറിയിച്ചിട്ടുണ്ട്. ആഭ്യന്തര വ്യോമപാതയിലെ വർദ്ധനവ് വരും നാളുകളിലെ പുതു സംരംഭങ്ങൾക്ക് പ്രതീക്ഷ നൽകുന്നതാണ്.

flights-

കൂടുതൽ കമ്പനികൾ ഇന്ത്യയിലെത്തും

ഇടത്തരം വരുമാനക്കാരുൾപ്പടെ വിമാനയാത്രയ്ക്ക് താത്പര്യപ്പെടുമ്പോൾ ഇനിയും കൂടുതൽ വിദേശ കമ്പനികൾ ഇന്ത്യയിൽ പ്രവർത്തനം ആരംഭിക്കുമെന്നും കരുതപ്പെടുന്നു. ബജറ്റ് എയർലൈൻ കമ്പനികളായ എയർ ഏഷ്യ, സിംഗപ്പൂർ എയർലൈൻസ് തുടങ്ങിയ കമ്പനികൾക്ക് മികച്ച പ്രതികരണമാണ് രാജ്യത്ത് ലഭിച്ചത്. ഈ പാതയിൽ കൂടുതൽ കമ്പനികൾ എത്തുമെന്നും കരുതപ്പെടുന്നു. രാജ്യത്ത് പുതുതായി നിക്ഷേപം നടത്തുന്നവർക്ക് കോർപ്പറേറ്റ് നികുതിയിൽ അടുത്തിടെ നൽകിയ ഇളവ് അനുഗ്രഹമാവും. വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലുള്ളതിനേക്കാളും കുറഞ്ഞ നികുതിയാണ് നിലവിൽ ഇന്ത്യയിലുള്ളത്. വിമാനത്താവളങ്ങളുടെ എണ്ണം വർദ്ധിക്കുന്നതോടെ നിക്ഷേപ സൗഹൃദ രാഷ്ട്രങ്ങളുടെ പട്ടികയിൽ ഉയർന്ന റാങ്ക് നേടാൻ ഇന്ത്യയ്ക്ക് സാധിക്കും.