kaumudy-news-headlines

1. വാളയാറില്‍ ആത്മഹത്യ ചെയ്ത ഇളയ പെണ്‍കുട്ടിയുടെ വിധി പകര്‍പ്പ് പുറത്ത്. കുറ്റം തെളിയിക്കാന്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു എന്ന് പാലക്കാട് പോക്‌സോ കോടതി. കൊലപാതക സാധ്യത അന്വേഷിക്കുന്നതില്‍ പരാജയം. ശാസ്ത്രീയ തെളിവുകള്‍ ഹാജരാക്കാന്‍ ആയില്ല. ആത്മഹത്യയുടെ കാരണം കണ്ടെത്തുന്നതില്‍ അന്വേഷണ സംഘം വീഴ്ച വരുത്തി. സാഹചര്യ തെളിവുകള്‍ പോലും വിശ്വാസ്യ യോഗ്യമല്ല. പ്രതി കുട്ടിയെ പീഡിപ്പിച്ചു എന്ന് തെളിയിക്കാന്‍ അന്വേഷണ സംഘത്തിന് ആയില്ല. സാക്ഷി മൊഴികള്‍ പരസ്പര വിരുദ്ധം എന്നും പത്തു പേര്‍ കൂറുമാറി എന്നും പാലക്കാട് പോക്‌സോ കോടതിയുടെ വിധി പ്രസ്താവം


2. കേസില്‍ തുടര്‍ അന്വേഷണത്തിന് സര്‍ക്കാര്‍ നീക്കം നടത്തവെ, നിലവിലെ നിയമം അനുസരിച്ച് പുതിയ തെളിവുകള്‍ ഇല്ലെങ്കിലും തുടരന്വേഷണത്തിന് ഉത്തരവിടാന്‍ കോടതിക്ക് കഴിയുമെന്ന് നിയമ വിദഗ്ധര്‍. സര്‍ക്കാരിനോ കേസുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കോ തുടരന്വേഷണം ആവിശ്യപ്പെട്ട് കോടതിയെ സമീപിക്കാം. ഹൈക്കോടതിേേയാ സുപ്രീം കോടതിയേയോ സമീപിക്കണം. വാളയാര്‍ കേസില്‍ അടുത്ത തിങ്കളാഴ്ചക്ക് ശേഷമായിരിക്കും തുടരന്വേഷണവും അപ്പീലും ആവിശ്യപ്പെട്ട് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കുക
3. വാളയാര്‍ പീഢനക്കേസില്‍ തുടരന്വേഷണത്തിനുള്ള മുറവിളി ഉയര്‍ന്നതോടെ കോടതിയെ സമീപിക്കാന്‍ കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ഒരേ കേസില്‍ ഒന്നിലധികം തവണ പ്രതി വിചാരണ നേരിടേണ്ടി വരരുത് എന്നാണ് ഭരണഘടന പറയുന്നത് എങ്കിലും ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ബെസ്റ്റ് ബേക്കറി കേസില്‍ തുടരന്വേഷണവും പുനര്‍വിചാരണയും നടന്നിട്ടുണ്ട്. രാജസ്ഥാനിലും വിധി വന്ന ഒരു കേസില്‍ വെറുതെ വിട്ട പ്രതികളെ തുടരന്വേഷണം നടത്തി ശിക്ഷിച്ച കാര്യവും നിയമവിദഗ്ധര്‍ ചൂണ്ടികാണിക്കുന്നു. വാളയാര്‍ കേസില്‍ പ്രതികളെ വെറുതെ വിട്ട പാലക്കാട് പോക്‌സോ കോടതിയുടെ വിധിപ്പകര്‍പ്പ് തിങ്കളാഴ്ച പുറത്ത് വരാനാണ് സാധ്യത
4. അട്ടപ്പാടി മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം തിരിച്ച് അറിയാനുള്ള നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി കൊല്ലപ്പെട്ടവരുടെ ദൃശ്യങ്ങള്‍ കര്‍ണാടക, തമിഴ്നാട് പൊലീസിന് കൈമാറി. നാല് മൃതദേഹങ്ങളും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. അതിനിടെ, മൃതദേഹം റീ പോസ്റ്റ്‌മോര്‍ട്ടം നടത്തണം എന്ന് ആവശ്യപ്പെട്ട് കൊല്ലപ്പെട്ട കാര്‍ത്തിയുടെയും, മണിവാസകത്തിന്റെയും ബന്ധുക്കള്‍ ഇന്ന് പാലക്കാട് ജില്ലാ കോടതിയെ സമീപിക്കും. ഇന്‍ക്വസ്റ്റ് മുതലുള്ള നടപടികള്‍ യാതൊരു നടപടിക്രമങ്ങളും പാലിക്കാതെ ആണ് നടത്തി ഇരിക്കുന്നത് എന്നും, മൃതദേഹം തിരിച്ചറിയാനുള്ള അവസരം നല്‍കിയില്ല എന്നും ബന്ധുക്കള്‍ ആരോപിക്കുന്നു.
5. മണിവാസകത്തിന്റെ മൃതദേഹം കാണാന്‍ അവസരം ഉണ്ടാക്കണം എന്ന് ആവശ്യപ്പെട്ട് ഭാര്യ കല മദ്രാസ് ഹൈക്കോടതിയുടെ മധുര ഡിവിഷന്‍ ബെഞ്ചില്‍ നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. അതേസമയം, മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലൂടെ എന്ന പൊലീസ് വാദം പൊളിയുന്നു. ഏറ്റുമുട്ടല്‍ നടന്നതിന്റെ പ്രത്യക്ഷ തെളിവുകള്‍ സംഭവസ്ഥലത്ത് പ്രകടമല്ല. ക്യാമ്പ് ചെയ്ത് മാവോയിസ്റ്റുകള്‍ താമസിച്ചു എന്ന് പൊലീസ് പറയുന്ന സ്ഥലത്ത് ആകെയുള്ളത് ഒരാള്‍ക്ക് ശരിക്ക് നില്‍ക്കാന്‍ പോലും കഴിയാത്ത താല്‍ക്കാലിക ഷെഡ്. അതും പുതിയ ഇല്ലിമുളകള്‍ കൊണ്ട് ഉണ്ടാക്കിയത്.
6. ഇതിനകത്ത് അടുപ്പ് കൂട്ടി കത്തിച്ച ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും പ്രദേശത്ത് ഏറെക്കാലം ആരെങ്കിലും താമസിച്ച അടയാളങ്ങള്‍ ഉണ്ടായിരുന്നില്ല. സംഭവ സ്ഥലം പൊലീസ് ഇന്‍ക്വസ്റ്റ് നടപടികളുടെ ഭാഗമായി വൃത്തിയാക്കി എന്ന് അവകാശപ്പെട്ടാലും പ്രത്യക്ഷത്തില്‍ ഏറ്റുമുട്ടലിന്റെ ലക്ഷണങ്ങള്‍ കാണാനില്ല. ഇതില്‍ ദുരൂഹത ഉണ്ടെന്ന് വി.കെ ശ്രീകണ്ഠന്‍ എംപി ആരോപിച്ചു. പ്രായമായ മണിവാസകം ഉള്‍പ്പടെ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട് എന്നും ഏറ്റുമുട്ടല്‍ നടന്നു എന്നത് വ്യാജ ആരോപണം ആണെന്നും നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങള്‍ സാധൂകരിക്കുന്ന തരത്തിലാണ് സംഭവം നടന്ന ഉള്‍വനത്തിലെ കാഴ്ചകള്‍.
7. മഹാ ചുഴലിക്കാറ്റ് ലക്ഷദ്വീപിന് തൊട്ടടുത്ത് എത്തി. ഉച്ചയോടെ തീവ്രമാവും എന്ന് മുന്നറിയിപ്പ്. ലക്ഷദ്വീപിലെ വടക്കന്‍ മേഖലകളില്‍ നിന്നും ജനങ്ങളെ ഒഴിപ്പിച്ചു. തീരദേശത്ത് 4.3 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലകള്‍ ഉണ്ടാകും എന്ന് ദേശീയ സമുദ്ര ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. മഹ കരുത്ത് പ്രാപിച്ചതോടെ കേരളത്തില്‍ പല ജില്ലകളിലും അതി ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത വര്‍ധിച്ചു. അതിനു പിന്നാലെ എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. മറ്റ് പത്ത് ജില്ലകളിലും യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്
8. മണിക്കൂറില്‍ 85 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റ് വീശുമെന്നാണ് മുന്നറിയിപ്പ്. ഉച്ചയോടെ ചുഴലിക്കാറ്റ് അതിതീവ്ര ചുഴലിക്കാറ്റാകും. ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപില്‍ അതിജാഗ്രതാ നിര്‍ദേശം നല്‍കി. കേരളം മഹാ ചുഴലിക്കാറ്റിന്റെ സഞ്ചാരപഥത്തില്‍ ഇല്ലെങ്കിലും കേരള തീരത്തോട് ചേര്‍ന്ന കടല്‍ പ്രദേശത്ത് രൂപം കൊണ്ടിരിക്കുന്ന ചുഴലിക്കാറ്റിന്റെ പ്രഭാവം കേരളത്തിലും ഉണ്ടാകാന്‍ ഇടയുണ്ട്. കടല്‍ പ്രക്ഷുബ്ധം ആയതിനാല്‍ മത്സ്യ ബന്ധനത്തിന് പോകുന്നത് വിലക്കി. കടല്‍ തീരത്ത് പോകുന്നതും ഒഴിവാക്കേണ്ടതാണ്
9. ഉറപ്പില്ലാത്ത വീടുകളില്‍ കഴിയുന്നവര്‍ ക്യാമ്പുകളിലേക്ക് മാറി താമസിക്കണം എന്ന നിര്‍ദേശമുണ്ട്. മലയോര മേഖലയിലേക്കും ഉള്ള യാത്ര ഒഴിവാക്കണം. ശക്തമായ കാറ്റുള്ളതിനാല്‍ മരങ്ങള്‍ക്ക് താഴെ നില്‍ക്കുകയോ വാഹനങ്ങള്‍ നിറുത്തി ഇടുകയോ ചെയ്യരുത്. പെട്ടെന്നുള്ള മലവെള്ള പാച്ചിലിനും ഉരുള്‍പൊട്ടലിനും മണ്ണിടിച്ചിലിനും സാധ്യത ഉള്ളതിനാല്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ മഴ തുടരുകയാണ്. എറണാകുളത്ത് എടവനക്കാട് കടല്‍ക്ഷോഭത്തെ തുടര്‍ന്ന് പ്രദേശവാസികളെ മാറ്റിപ്പാര്‍പ്പിച്ചു. കൊച്ചി, പറവൂര്‍ കൊടുങ്ങല്ലൂര്‍, ചാവക്കാട് എന്നീ താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചു. എം.ജി സര്‍വ്വകലാശാല ഇന്ന് നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു