pak-train-fire

ഇസ്‌ലാമാബാദ്: പാകിസ്ഥാനിലെ റഹിം യാർ ഖാൻ പ്രവിശ്യക്ക്​ സമീപം ട്രെയിനിന്​ തീപിടിച്ച്​ 65 പേർ മരിച്ചു. കറാച്ചിയിൽ നിന്നും റാവൽപിണ്ടിയിലേക്ക്​ പോവുകയായിരുന്ന തെസ്​ഗാം ട്രെയിനിലാണ്​ അപകടമുണ്ടായത്​. ട്രെയിനിനുള്ളിൽ പാചകത്തിന് ഉപയോഗിച്ച ഗ്യാസ് സ്​റ്റൗ പൊട്ടിത്തെറിച്ചാണ്​ തീപിടുത്തമുണ്ടായതെന്നാണ് വിവരം. അപകടത്തിൽ ട്രെയിനിന്റെ മൂന്ന് ബോഗികൾ പൂർണ്ണമായി തകർന്നു. ലിയാഖ്വത്പൂർ നഗരത്തിന് സമീപമായിരുന്നു അപകടമുണ്ടായത്.

ട്രെയിനിന് തീപിടിച്ചതോടെ പുറത്തേക്ക്​ എടുത്തു ചാടിയവരാണ് മരിച്ചവരിൽ ഏറെയും. അപകടത്തിൽ ഒട്ടേറെ യാത്രക്കാർക്ക് പരിക്കേറ്റിട്ടുണ്ട്​. മരിച്ചവരെയും ഗുരുതരമായി പരിക്കേറ്റവരെയും ലിയാഖ്വത്​പൂരിലെ ജില്ലാ​ ഹെഡ്​ക്വാ​ട്ടേഴ്​സ്​ ആശുപത്രിയിലേക്ക്​ മാറ്റി. പരിക്കേറ്റ കുറച്ചുപേരെ ബഹവാൽപൂരിലെ ബഹവൽ വിക്​ടോറിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും പാക് റെയിൽവേ മന്ത്രി ശെയ്ഖ് റാഷിദ് അഹമ്മദ്​ അറിയിച്ചു. സംഭവത്തിൽ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ അനുശോചനം അറിയിച്ചു. പരിക്കേറ്റ യാത്രക്കാർക്ക് മികച്ച ചികിത്സ ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്​.