ഐക്യകേരളത്തിന് അറുപത്തിമൂന്നു വയസ് തികയുന്നു. തിരു-കൊച്ചി, മലബാർ എന്നിങ്ങനെ ഭരണപരമായി വിഘടിതമായി കിടന്നിരുന്ന പ്രദേശങ്ങളാകെ ഒരേ ഭാഷ സംസാരിക്കുന്നവരുടെ നാട് എന്ന നിലയിൽ ഔപചാരികമായി ഒരുമിച്ചതും ഐക്യകേരളം ആയി രൂപപ്പെട്ടതും 1956 നവംബർ ഒന്നിനാണ്. മലയാളികളുടെ മഹത്തായ ഒരു സ്വപ്നമാണ് അന്ന് സഫലമായത് എന്നു പറയാം. ഒരേഭാഷ സംസാരിക്കുന്നവരെങ്കിലും ഒരേ സംസ്കാരം പങ്കിടുന്നവരെങ്കിലും ഭരണസംവിധാനങ്ങളാൽ വിഘടിതമായി കിടന്നിരുന്ന പ്രവിശ്യകളും ജനങ്ങളും ഒരേപോലെ ആഗ്രഹിച്ചതാണ് കേരളം എന്ന തലക്കെട്ടിനു കീഴിൽ ഒരുമിക്കണമെന്ന്. ആ ആഗ്രഹത്തിന്റെ നീണ്ട പശ്ചാത്തലമുണ്ടായിരുന്നുവെന്നതു കൊണ്ടുതന്നെ ഔദ്യോഗികമെങ്കിലും വൈകാരികം കൂടിയായി 1956 നവംബർ ഒന്നിനുണ്ടായ യോജിപ്പ്.
ഐക്യകേരളപ്പിറവിയിലേയ്ക്കു നയിച്ച രണ്ടു പ്രമുഖ സാമൂഹിക ധാരയുണ്ടായിരുന്നു എന്നതും കാണാതിരുന്നുകൂടാ. ഒന്ന് നവോത്ഥാനധാര, മറ്റൊന്ന് കർഷക സമരങ്ങളുടേതായ ധാര. കേരളത്തിൽ അന്ന് നിലനിന്നത് ജാതി-ജന്മി നാടുവാഴിത്ത വ്യവസ്ഥയും അതിനെ സംരക്ഷിച്ചുനിർത്തുന്ന സാമ്രാജ്യത്വാധിപത്യവുമായിരുന്നു. സാമൂഹികരംഗത്ത് ജാതിമേധാവിത്വം. സാമ്പത്തികരംഗത്ത് ജന്മിത്വം. രാഷ്ട്രീയരംഗത്ത് നാടുവാഴിത്തം. ഇവയ്ക്കെല്ലാം കുടപിടിച്ച് ബ്രിട്ടീഷ് സാമ്രാജ്യത്വവും.
ജന്മിത്വത്തിൽനിന്നു വേർപെടുത്താനാവാത്ത വിധം കെട്ടുപിണഞ്ഞുനിന്നു ജാതിമേധാവിത്വം. പുതിയ കേരളത്തിന്റെ പിറവി എന്നത് ഒരുവശത്ത് ജന്മിത്വത്തെയും മറുവശത്ത് ജാതിമേധാവിത്വത്തെയും വെല്ലുവിളിച്ചുകൊണ്ടേ സാദ്ധ്യമാവുമായിരുന്നുള്ളൂ. ഇവയുടെ രണ്ടിന്റെയും സംരക്ഷകർ സാമ്രാജ്യത്വമാകയാൽ ആ വെല്ലുവിളി സാമ്രാജ്യത്വവിരുദ്ധ രാഷ്ട്രീയപോരാട്ടമായി മാറുകയും ചെയ്തു. കേരളം ഭ്രാന്താലയമാണെന്ന സ്വാമി വിവേകാനന്ദന്റെ പരാമർശം സമൂഹത്തിലുണ്ടാക്കിയ വിവേകം, ശ്രീനാരായണ ഗുരുവിന്റെ രംഗപ്രവേശം, അയ്യാ വൈകുണ്ഠർ, മക്തി തങ്ങൾ, പൊയ്കയിൽ കുമാരഗുരുദേവൻ, വാഗ്ഭടാനന്ദൻ, വേലുക്കുട്ടി അരയൻ തുടങ്ങിയവർ പടർത്തിവിട്ട വെളിച്ചം തുടങ്ങിയവ നവോത്ഥാനത്തിന്റെ അതിശക്തമായ ഒരു ധാര സൃഷ്ടിച്ചു. ക്രിസ്ത്യൻ മിഷണറിമാർ വിദ്യാഭ്യാസം വ്യാപിപ്പിച്ചതും വൈക്കം,ഗുരുവായൂർ,പാലിയം തുടങ്ങിയ ഇടങ്ങളിലെ സത്യാഗ്രഹങ്ങളും ഒക്കെ വിവേകത്തിന്റേതായ ഒരു നവോത്ഥാന ചൈതന്യം സമൂഹത്തിൽ പടർത്തി.അമേരിക്കൻ മോഡൽ അറബിക്കടലിൽ എന്ന പുന്നപ്ര-വയലാർ സമരത്തിന്റെ രാഷ്ട്രീയ മുദ്രാവാക്യവും മനുഷ്യത്വമാണ് . ജാതിക്കും മതത്തിനും മേലേ ഉയർത്തിപ്പിടിക്കേണ്ട മഹത്വമെന്ന നവോത്ഥാന മുദ്രാവാക്യവും ഉഴുതുമറിച്ചിട്ട മണ്ണിലൂടെയാണ് ഐക്യകേരളം രൂപപ്പെട്ടുവന്നതെന്നു ചുരുക്കം. ഭാഷാടിസ്ഥാനത്തിലുള്ള സംസ്ഥാന പുനർനിർണയം സാദ്ധ്യമാക്കാൻ വേണ്ടി ത്യാഗപൂർവം പ്രവർത്തിച്ചവരുണ്ട്. അവർക്ക് ഭാവിയെക്കുറിച്ച് ഒരു സ്വപ്നമുണ്ടായിരുന്നു. ആ സ്വപ്നം സാക്ഷാത്കരിക്കാൻ സാധിച്ചോ? ആ നിലയ്ക്കുള്ള ഒരു ആത്മപരിശോധന കൂടി നടത്തേണ്ട സമയമാണിത്. കാർഷികബന്ധ നിയമം, ഭൂപരിഷ്കരണം, വിദ്യാഭ്യാസ നിയമം എന്നിവയിലൂടെ കേരളത്തിന്റെ മുഖച്ഛായ തന്നെ നമ്മൾ ഏറെമാറ്റി. വിദ്യാഭ്യാസം, ആരോഗ്യപരിപാലനം തുടങ്ങിയ കാര്യങ്ങളിൽ ഏറെ മുമ്പോട്ടുപോയി. അധികാര വികേന്ദ്രീകരണം, ജനകീയാസൂത്രണം, സമ്പൂർണ സാക്ഷരത, ക്ഷേമപെൻഷനുകൾ തുടങ്ങിയവയൊക്കെ ആ സ്വപ്നങ്ങൾ സാക്ഷാൽക്കരിക്കാനുള്ള യാത്രയിലെ നാഴികക്കല്ലുകളായി നമുക്ക് അടയാളപ്പെടുത്താം. അതിന്റെ തുടർച്ച തന്നെയാണ് ദളിത് സമൂഹത്തിൽപ്പെട്ടവർക്ക് ക്ഷേത്രത്തിൽ പൂജാരിമാരായി നിയമനം നൽകിയതടക്കമുള്ള ഈ ഗവൺമെന്റിന്റെ നവോത്ഥാന നടപടികൾ.
കേരളത്തിന്റെ സാമൂഹ്യജീവിതം ഉയർന്ന നിലവാരത്തിലുള്ളതാക്കാൻ ഏർപ്പെടുത്തപ്പെട്ട ഹരിതകേരള മിഷൻ, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞം, ലൈഫ് ഭവനപദ്ധതി എന്നിവയും ക്രിയാത്മകമായ നവോത്ഥാന തുടർച്ച തന്നെ. തുടർച്ചയായി വന്ന രണ്ട് വെള്ളപ്പൊക്കത്തിൽ നാശമുണ്ടായ ഈ സംസ്ഥാനത്തെ പുനർനിർമിക്കാനുള്ള നവകേരള നിർമാണ പദ്ധതിയും ഇതിനോടൊക്കെ ചേർത്തുവച്ചു തന്നെ കാണേണ്ടതാണ്. സാമൂഹികമായ ജീർണതകൾക്കോ പ്രകൃതി വരുത്തുന്ന ദുരന്തങ്ങൾക്കോ അടിപ്പെടാത്ത ഒരു പുതുകേരളം രൂപപ്പെടുത്തിയെടുക്കാനുള്ള ഇച്ഛാശക്തിയോടെ, ദൃഢനിശ്ചയത്തോടെ മുമ്പോട്ടുപോവുകയാണ് നാം. ഈ വഴി തീർച്ചയായും നവോത്ഥാനത്തിന്റെ പൂർവ പാരമ്പര്യത്തിൽനിന്നുള്ള തുടർച്ച തന്നെയാണ്. ഈ വഴിയെ ലക്ഷ്യത്തിലെത്തുവാനുള്ള ശ്രമങ്ങളെ ഊർജസ്വലമാക്കുമ്പോഴാണ് ഐക്യകേരളത്തെ ക്കുറിച്ച് ഐക്യകേരള പ്രസ്ഥാനത്തിന്റെ നേതാക്കൾക്കുണ്ടായിരുന്ന സ്വപ്നം സഫലമാകുന്നത്. എന്തായാലും ഒരു കാര്യം പറയട്ടെ. പരമ്പരാഗത ചിന്തകളിൽ പരിമിതപ്പെട്ടു നിൽക്കാതെ നവീനമായ പദ്ധതികൾ ആസൂത്രണം ചെയ്തു മുമ്പോട്ടുപോവുകയാണ് നമ്മൾ. അഞ്ചുവർഷംകൊണ്ട് അമ്പതിനായിരം കോടിരൂപയുടെ വിഭവസമാഹരണവും വിനിയോഗവും നടത്തുന്ന കിഫ്ബിയുടെ പുതിയ സംവിധാനം തന്നെ ഇതിന്റെ ദൃഷ്ടാന്തമാണ്. പുതുവഴികൾ തേടിയേ മതിയാവൂ നമുക്ക്. അടിസ്ഥാന സൗകര്യങ്ങളുടെ വികസനം സാദ്ധ്യമാക്കിയേ മതിയാവൂ നമുക്ക്. അങ്ങനെ വികസനത്തിലേക്ക് കുതിച്ചേ മതിയാവൂ നമുക്ക്.
കേരളത്തിൽ ഇന്ന് എല്ലാ വകുപ്പുകളിലും സ്ഥാപനങ്ങളിലും ഭരണഭാഷ മലയാളമാണ്. കേരളത്തിലെ ഏതാണ്ട് 97ശതമാനം പേർ മലയാളം മാതൃഭാഷയായിട്ടുള്ളവരാണ്. അതുകൊണ്ടുതന്നെ കേരളത്തിലെ ഭരണനടപടികൾ മലയാളത്തിലായിരിക്കണമെന്നതാണ് സർക്കാരിന്റെ നയം. ഭരണരംഗത്ത് മലയാളം ഉപയോഗിക്കേണ്ട ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിനു വേണ്ടി കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന മത്സരപ്പരീക്ഷകൾ ഭൂരിഭാഗവും ഇംഗ്ലീഷ് ഭാഷാധിഷ്ഠിതമാണ്. ഈ വൈരുദ്ധ്യം ഭരണഭാഷാവ്യാപനത്തിന് പ്രതികൂലമാകുന്നുണ്ട്. സാധാരണക്കാരായ കേരളജനതയെ സേവിക്കാനാണ് കേരള പബ്ലിക് സർവീസ് കമ്മിഷൻ സർക്കാരുദ്യോഗസ്ഥരെ നിയമിക്കുന്നത്. അതുകൊണ്ട് സർക്കാർ സംവിധാനത്തിലേക്ക് വരുന്നവർ മലയാളത്തിൽ നന്നായി ആശയവിനിമയം നടത്താൻ കഴിയുന്നവരാകണം. എങ്കിലേ മലയാളം മാത്രം അറിയുന്ന സാധാരണക്കാരായ മനുഷ്യർക്ക് നീതി ഉറപ്പാക്കാൻ കഴിയൂ. അതിനാൽ കേരള പബ്ലിക് സർവീസ് കമ്മിഷൻ നടത്തുന്ന നിയമനപ്പരീക്ഷകളിൽ ചോദ്യക്കടലാസ് മലയാളത്തിൽക്കൂടി നൽകണമെന്ന് സർക്കാർ കമ്മിഷനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കേരളത്തിലെ ജനങ്ങളോട് വോട്ടുചോദിച്ച ഭാഷയിൽ ഭരണം നടത്തേണ്ട ധാർമികമായ ഉത്തരവാദിത്വം സർക്കാരിനുണ്ട്. കേരള ജനതയുടെ മാതൃഭാഷ ഭരണനിർവഹണത്തിന് ഉപയോഗിക്കാതിരുന്നാൽ അതിലൂടെ ഭാഷാപരമായ മനുഷ്യാവകാശ ലംഘനമാണുണ്ടാകുന്നത്. അതിനാൽ ഭരണരംഗത്ത് മലയാളം ഉപയോഗി ക്കാൻ ഓരോ ഉദ്യോഗസ്ഥനും പ്രത്യേകം ശ്രദ്ധ പുലർത്തേണ്ടതുണ്ട്. ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ഒട്ടേറെ കാര്യങ്ങളിൽ കേരളത്തെ നാടിന്റെ സംസ്കാരത്തെ നമുക്ക് വീണ്ടെടുത്തു ശക്തിപ്പെടുത്താൻ കഴിയണം. മഹാകവി വള്ളത്തോളിന്റെ പ്രശസ്തമായ ആ നാലുവരി ഉദ്ധരിക്കട്ടെ.
ഭാരതമെന്ന പേർ കേട്ടാലഭിമാന
പൂരിതമാവണമന്തരംഗം.
കേരളമെന്നു കേട്ടാലോ തിളയ്ക്കണം
ചോര നമുക്കു ഞരമ്പുകളിൽ
കേരളത്തെക്കുറിച്ചും ഇന്ത്യയെക്കുറിച്ചും അഭിമാനിക്കുന്ന ആത്മാഭിമാനമുള്ള ഒരു ജനത എന്ന നിലയ്ക്കു മലയാളക്കരയെ, ഇവിടുത്തെ ആൾക്കാരെ ലോകം കാണുന്ന ഒരു കാലമുണ്ടാകണം. ജാതിജീർണതകൾക്കും അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും ഭേദചിന്തകൾക്കും അതീതമായി മലയാളി മനസ് ഒരുമിക്കുന്നതിനുള്ള തുടർ നവോത്ഥാന മുന്നേറ്റങ്ങൾക്ക് പ്രചോദനമാകട്ടെ ഈ കേരളപ്പിറവി എന്ന് ആശംസിക്കുന്നു. എല്ലാവർക്കും എന്റെ കേരളപ്പിറവി ആശംസകൾ!