pinarayi-vjayan

തിരുവനന്തപുരം: വാളയാർ കേസിൽ സി.ബി.ഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട തങ്ങളോട് മുഖ്യമന്ത്രി പിണറായി വിജയൻ അനുകൂലമായി പ്രതികരിച്ചതായി പെൺകുട്ടികളുടെ മാതാപിതാക്കൾ. മുഖ്യമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം ഇവർ ഇക്കാര്യം മാദ്ധ്യമങ്ങളെ അറിയിക്കുകയായിരുന്നു. കൂടിക്കാഴ്ചയിൽ കേസ് സി.ബി.ഐയെ കൊണ്ട് അന്വേഷിക്കണമെന്നാണ് തങ്ങൾ മുഖ്യമന്ത്രിയോട് അവശ്യപ്പെട്ടതെന്നും അതിനുവേണ്ട എല്ലാ സൗകര്യങ്ങളും ചെയ്തുതരാമെന്ന് മുഖ്യമന്ത്രി വാക്ക് നൽകിയതായി ഇവർ പറഞ്ഞു. മുഖ്യമന്ത്രി നൽകിയ വാക്കിൽ തങ്ങൾക്ക് ഉറച്ച വിശ്വാസമുണ്ടെന്നും അദ്ദേഹവുമായി നടത്തിയ കൂടിക്കാഴ്ചയിൽ തങ്ങൾ പൂർണ തൃപ്തരാണെന്നും പെൺകുട്ടികളുടെ മാതാപിതാക്കൾ അറിയിച്ചു.

ഇനിയൊരു കുഞ്ഞിനും ഇങ്ങനെ സംഭവിക്കരുത്. ഒരു അച്ഛനും അമ്മയ്ക്കും ഇത്തരത്തിത്തിൽ നീതിക്കായി കാത്തിരിക്കേണ്ടി വരരുത്. ഞങ്ങളുടെ കുട്ടികൾക്ക് നീതി ലഭിക്കണം. അന്വേഷണത്തിൽ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം. ഈ ആവശ്യങ്ങളാണ് തങ്ങൾ മുഖ്യമന്ത്രിക്ക് ഉന്നയിച്ചതെന്ന് ഇവർ പറഞ്ഞു. കെ.പി.എം.എസ് ജനറൽ സെക്രട്ടറി പുന്നല ശ്രീകുമാറിനൊപ്പമാണ് പെൺകുട്ടികളുടെ മാതാപിതാക്കൾ മുഖ്യമന്ത്രിയെ കണ്ടത്. സംഭവത്തിൽ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യവുമായി മാതാപിതാക്കൾ കോടതിയെ സമീപിച്ചാൽ എതിർക്കില്ലെന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകിയതായി പുന്നല ശ്രീകുമാർ പറഞ്ഞു.