ഒരോ ട്രിപ്പുകളും വ്യത്യസ്തമാണ്.സീസണുകൾ നോക്കി യാത്ര പോകുന്നവരുമുണ്ട്. ഫാഷൻ പോലെ ട്രെൻഡിംഗിന്റെ കടന്നുകയറ്റം ചില യാത്രകളിലുമുണ്ട്. ഇത്തരത്തിലൊന്നാണ് മുംബയിൽ നിന്നും ഗോവയിലേക്കുള്ള യാത്ര. മുംബയ്-ഗോവ യാത്ര ചെയ്യാൻ കഴിഞ്ഞ വർഷം ആരംഭിച്ചതാണ് ക്രൂസ് കപ്പൽ. ഇന്ന് വിജയകരമായി പോകുന്ന ക്രൂസ് കപ്പൽ സർവീസാണിത്. മുംബയ്-ഗോവ ഫെറി സർവ്വീസിന് നിരവധി പ്രത്യേകതകളുണ്ട്.
മുംബയിലെ മസാഗാവോണിലെ വിക്ടോറിയ ഡോക്കിൽ നിന്നും വൈകിട്ട് അഞ്ച് മണിക്കാണ് ആൻഗ്രിയ എന്നു പേരിട്ടിരിക്കുന്ന ഈ ക്രൂസിന്റെ യാത്ര ആരംഭിക്കുന്ന്. 16 മണിക്കൂർ തുടർച്ചായി സഞ്ചരിച്ച് പിറ്റേന്ന് രാവിലെ ഒമ്പത് മണിയോടെ സൗത്ത് ഗോവയിലെ മോർമുഗാവോയിലെത്തുന്ന വിധത്തിലാണ് ഇതിന്റെ യാത്ര ക്രമീകരിച്ചിരിക്കുന്നത്. ഒറ്റ യാത്രയിൽ 400 സഞ്ചാരികളെ വരെ കൊണ്ടുപോകുവാൻ ശേഷിയുള്ള ക്രൂസാണ് ഇവിടുത്തേത്. മുംബയിൽ നിന്നും ഗോവയിലേക്ക് പോകുവാൻ വഴികൾ ഇഷ്ടം പോലെയുണ്ടെങ്കിലും ഇന്ന് ഹിറ്റായി നിൽക്കുന്നത് ക്രൂസിലെ യാത്ര തന്നെയാണ്. മുംബയ്ക്കും ഗോവയ്ക്കും ഇടയിലായി ആഴ്ചയിൽ നാലു സർവ്വീസുകൾ വീതമാണ് കപ്പലിനുള്ളത്.
7500 രൂപ മുതലാണ് ഈ യാത്രയുടെ നിരക്ക് തുടങ്ങുന്നത്. തിരഞ്ഞെടുക്കുന്ന സൗകര്യങ്ങളനുസരിച്ച് ടിക്കറ്റ് നിരക്കിൽ വ്യത്യാസം വരും. ഡോർമെട്രിയിലെ സിംഗിൾ ബെഡിന്റെ നിരക്കാണ് 7000 രൂപ. രണ്ടുപേർക്കുള്ള സ്യൂട്ടിലെ ഒരാളുടെ ടിക്കറ്റിന് ഈടാക്കുന്ന 11,000 രൂപയാണ് ഉയർന്ന ടിക്കറ്റ് നിരക്ക്. താമസ സൗകര്യവും മൂന്ന് നേരത്തെ ഭക്ഷണവും ടിക്കറ്റ് നിരക്കിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.