-devaswom-board

തിരുവനന്തപുരം: സംവരണം ഇല്ലാത്ത സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് ദേവസ്വംബോർഡുകളിൽ 10 ശതമാനം സംവരണം നിലവിൽ വന്നതായി ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് ചെയർമാൻ അഡ്വ.എം.രാജഗോപാലൻ നായർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. തിരുവിതാംകൂർ ദേവസ്വംബോർഡിലെ എൽ.ഡി.ക്ളർക്ക് /സബ്ഗ്രൂപ്പ് ഓഫീസർ ഗ്രേഡ്-2 തസ്തികകളിലേക്ക് സംവരണം പാലിച്ചുകൊണ്ടു തയ്യാറാക്കിയ സാദ്ധ്യതാ പട്ടിക നവംബർ ഒന്നിന് പ്രസിദ്ധീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

അഭിമുഖ പരീക്ഷ ഒഴിവാക്കി, ഒ.എം.ആർ (ഒപ്റ്റിക്കൽ മാർക്ക് റെക്കഗ്നീഷൻ) പരീക്ഷയുടെ മാർക്കിന്റെ മാത്രം അടിസ്ഥാനത്തിലാണ് പട്ടിക തയ്യാറാക്കിയത്. ഏതെങ്കിലും വിധത്തിലുള്ള ആക്ഷേപങ്ങൾ ഒഴിവാക്കാനാണ് അഭിമുഖം ഒഴിവാക്കിയതെന്നും അദ്ദേഹം വ്യക്തമാക്കി. 68:32 ആയിരുന്നു ദേവസ്വം റിക്രൂട്ട് മെന്റ് ബോർഡിൽ നിലവിലെ സംവരണക്രമം. ഇത് 50:50 ആയി മാറും. ജനറൽ വിഭാഗത്തിലെ 68 ശതമാനത്തിൽ നിന്നും 10 ശതമാനം മുന്നാക്കവിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് നൽകും. ഈഴവ സമുദായത്തിന് മൂന്നും പട്ടികജാതി/ പട്ടിക വർഗ്ഗ വിഭാഗത്തിന് രണ്ടും മറ്റ് പിന്നാക്കക്കാർക്ക് മൂന്ന് ശതമാനവും അധികസംവരണം നൽകും. മുന്നാക്ക വിഭാഗക്കാരുടെ സാമ്പത്തിക പിന്നാക്കാവസ്ഥ നിശ്ചയിക്കാൻ ദേവസ്വം ബോർഡുകളും റിക്രൂട്ട്മെന്റ് ബോർഡും കൂടിയാലോചിച്ച് മാനദണ്ഡങ്ങൾ നിശ്ചയിച്ചിട്ടുണ്ട്.

എൽ.ഡി.ക്ളാർക്ക് /സബ് ഗ്രൂപ്പ് ഓഫീസർ ഗ്രേഡ്-2 തസ്തികയിലേക്ക് അപേക്ഷിച്ച 1,43,587 പേരിൽ 85,173 പേർ പരീക്ഷ എഴുതി.100 മാർക്കിനായിരുന്നു പരീക്ഷ.183 പേരെ പ്രധാന ലിസ്റ്രിലും 173 പേരെ ഉപലിസ്റ്റിലും ഉൾപ്പെടുത്തിയിട്ടുണ്ട്. ജാതി/ക്രിമിലയർ സാമ്പത്തിക സർട്ടിഫിക്കറ്റുകൾ പരിശോധിച്ച് അർഹരെ ഉൾപ്പെടുത്തി അന്തിമലിസ്റ്റ് പ്രസിദ്ധീകരിക്കും. വില്ലേജ് ഓഫീസറുടെ സർട്ടിഫിക്കറ്റാണ് നൽകേണ്ടത്. കേരളത്തിൽ ആദ്യമായാണ് സാമ്പത്തിക സംവരണം നടപ്പാക്കുന്നത്. 2014-ൽ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡ് നിലവിൽ വന്നപ്പോൾ 32 ശതമാനം സാമുദായിക സംവരണം മാത്രമാണ് ചട്ടത്തിൽ ഉൾക്കൊള്ളിച്ചിരുന്നത്.

ഇപ്പോഴത്തെ റിക്രൂട്ട്മെന്റ് ബോർഡ് രൂപീകരിച്ച ശേഷം നൽകിയ ശുപാർശയുടെ അടിസ്ഥാനത്തിൽ 2017 നവംബർ 15ന് കൂടിയ മന്ത്രിസഭായോഗം സാമ്പത്തിക സംവരണത്തിന് അംഗീകാരം നൽകി. ഏറെ നിയമതടസവും സാങ്കേതിക തടസവും മറികടന്നാണ് സാമ്പത്തിക സംവരണം സാദ്ധ്യമാക്കിയത്. ഈ ബോർഡ് നിലവിൽ വന്ന ശേഷം 20 തസ്തികകളിൽ വിജ്ഞാപനം പുറപ്പെടുവിച്ചു.19 തസ്തികകളുടെ തെരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയായി. തിരുവിതാംകൂർ, കൊച്ചിൻ, മലബാർ ദേവസ്വം ബോർഡുകളിലേക്കും ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡുകളിലേക്കുമായി 1748 പേരുടെ റാങ്ക് ലിസ്റ്ര് പ്രസിദ്ധീകരിച്ചു. 631 പേരെ നിയമനത്തിനായി ശുപാർശ ചെയ്തു. ലാ ഓഫീസർ തസ്തികയിലേക്കുള്ള എഴുത്തു പരീക്ഷ നവംബർ 3 ന് നടക്കും.