ഇസ്ലാമാബാദ്: പാകിസ്ഥാനിൽ ഓടിക്കൊണ്ടിരുന്ന ട്രെയിനിലുണ്ടായ തീപിടിത്തത്തിൽ 71 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. പഞ്ചാബ് പ്രവിശ്യയിലെ റഹീം യാർ ഖാൻ പട്ടണത്തിന് സമീപമാണ് സംഭവം. കറാച്ചിയിൽ നിന്നു റാവൽപിണ്ടിയിലേക്ക് പോവുകയായിരുന്ന തെസ്ഗാം ട്രെയിനിലാണ് അപകടമുണ്ടായത്. ട്രെയിനിനുള്ളിൽ പാചകത്തിന് ഉപയോഗിച്ച ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചാണ് തീപിടിത്തമുണ്ടായത്. ഒരു യാത്രക്കാരൻ പ്രഭാതഭക്ഷണം ഉണ്ടാക്കുന്നതിനിടെ ഗ്യാസ് സ്റ്റൗകൾ പൊട്ടിത്തെറിച്ചതാണ് അപകടകാരണമെന്നാണ് വിവരം. തീപിടിത്തത്തിൽ ട്രെയിനിന്റെ രണ്ട് ഇക്കോണമി ക്ലാസ് ബോഗികളും ഒരു ബിസിനസ് ക്ലാസ് ബോഗിയും പൂർണമായി കത്തിനശിച്ചു. ഇക്കോണമി ക്ലാസ് ബോഗിയിലെ യാത്രക്കാരന്റെ ഗ്യാസ് സ്റ്റൗ പൊട്ടിത്തെറിച്ചതോടെ തീ മറ്റു രണ്ട് ബോഗികളിലേക്കും പടരുകയായിരുന്നു.
രണ്ട് അടുപ്പുകളാണ് പൊട്ടിത്തെറിച്ചതെന്നും പാചകത്തിന് ഉപയോഗിച്ച എണ്ണയ്ക്ക് തീപിടിച്ചത് അപകടത്തിന്റെ ആക്കം കൂട്ടിയതായും റെയിൽവേ മന്ത്രി ശൈഖ് റാഷിദ് അഹമ്മദ് അറിയിച്ചു. തീപിടിത്തം കണ്ട് ട്രെയിനിൽ നിന്നും ആളുകൾ എടുത്ത് ചാടിയതാണ് മരണസംഖ്യ കൂടാൻ കാരണമെന്നും മന്ത്രി വ്യക്തമാക്കി. പാകിസ്ഥാനിൽ ദീർഘദൂര യാത്രകളിൽ ആളുകൾ ട്രെയിനിൽ വച്ച് പാചകം ചെയ്യുക സാധാരണമാണ്. ഇതിനായി ഗ്യാസ്, മണ്ണെണ്ണ അടുപ്പുകളും ഇവർ കരുതാറുണ്ട്.