ഇറിഗേഷൻ വകുപ്പിന്റെ ടെണ്ടർ നടപടികൾ ഇഴഞ്ഞു നീങ്ങിയതോടെ തീരദേശ റോഡുകൾ തകർന്ന് തുടങ്ങിയിരിക്കുകയാണ്. കടലിൽ കല്ലിടുന്ന നടപടികൾ മുടങ്ങുകയുംചെയ്തു. തീരദേശ റോഡുകളിലൂടെ യാത്ര ചെയ്താൽ നടുവൊടിയും, വലിയ കുഴികൾ നിറഞ്ഞ് യാത്രാ ദുരന്തമായി തീർന്നിരിക്കുകയാണ്. സംസ്ഥാന പാതകളിലടക്കം റോഡുകൾ തകർന്നതിനെ കഴിഞ്ഞയാഴ്ച ഹൈക്കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. എന്നാൽ സംസ്ഥാനത്തെ തീരദേശ റോഡുകളുടെ അവസ്ഥ ദേശീയപാതകളുടേതിനേക്കാൾ ദയനീയമായിരിക്കുകയാണ്.
കടൽ ഭിത്തി നിർമ്മിക്കാനാവാതെ കരാറുകാർ പിൻമാറി തുടങ്ങിയിരിക്കുകയാണ്. കടൽ ക്ഷോഭം തടയുന്നതിനായി നിക്ഷേപിക്കുന്ന നമ്പർ സ്‌റ്റോണിന്റെ ലഭ്യതക്കുറവും, ഇതിനായി ഇറിഗേഷൻ വകുപ്പ് നൽകുന്ന കുറഞ്ഞ റേറ്റും കരാറുകാരെ പിന്തിരിപ്പിക്കുന്നുണ്ട്. മുന്നൂറോളം ക്വാറികൾ വനം വകുപ്പിന്റെ കർശന നടപടികളെ തുടർന്ന് പൂട്ടിയതും കരിങ്കൽ ക്ഷാമം സംസ്ഥാനത്ത് രൂക്ഷമാക്കുന്നുണ്ട്. വനങ്ങൾക്ക് അടുത്തായി പ്രവർത്തിച്ചിരുന്ന ക്വാറികളുടെ പ്രവർത്തനം നിലച്ചിരിക്കുകയാണ്.