whatsapp

ന്യൂഡൽഹി: ഇസ്രയേൽ സ്പൈവെയറായ പെഗസസിന്റെ സഹായത്തോടെ ഇന്ത്യൻ മാദ്ധ്യമ പ്രവർത്തകരുടെയും മനുഷ്യാവകാശ പ്രവർത്തകരുടെയും വിവരങ്ങൾ ഇസ്രയേൽ സർക്കാർ ചോർത്തിയെന്ന് വാട്സ് ആപ്പ്. സാൻഫ്രാൻസിസ്‌കോയിലെ യു.എസ് ഫെഡറൽ കോടതിയിലാണ് വാട്‌സ്‌ ആപ്പ് ഇക്കാര്യം സ്ഥിരീകരിച്ചത്.

ഇസ്രയേൽ ഐ.ടി കമ്പനിയായ എൻ.എസ്.ഒ ആണ് ഈ സ്പൈവെയർ നിർമ്മിച്ചത്. വാട്‌സ് ആപ്പ് വീഡിയോ കാളിലൂടെ 1400 ഓളം പേരുടെ ഫോണുകൾ ഇസ്രയേൽ സർക്കാരിന് വേണ്ടി എൻ.എസ്.ഒ ചോർത്തി നൽകിയെന്നാരോപിച്ച് യു.എസിലെ സാൻഫ്രാൻസിസ്കോ ഫെഡറൽ കോടതിയിൽ വാട്‌സ് ആപ്പ് കഴിഞ്ഞ ദിവസം കേസ് ഫയൽ ചെയ്തിരുന്നു. 75,000 യു.എസ്​ ഡോളർ നഷ്​ടപരിഹാരം ആവശ്യപ്പെട്ടാണ്​ ഹർജി. മിസ് കാളുകളായി വരുന്ന വീഡിയോ കാളുകളിലൂടെയാണ്​​ ​ വൈറസ്​ എത്തിയതെന്നാണ്​ വാട്​സ്​ ആപ്പ്​ ആരോപിക്കുന്നത്​. ഉപയോക്താവ്​ അറിയാതെ ഫോണിലെത്തുന്ന പെഗസസ്​ വ്യക്തിഗത വിവരങ്ങളായ പാസ്​വേർഡ്​, കോൺടാക്​ട്​സ്, കലണ്ടർ ഇവന്റ്​ എന്നിവ ചോർത്തുന്നു.

ഇന്ത്യയ്ക്ക് പുറമെ, മെക്സിക്കോ, യു.എ.ഇ, ബഹറിൻ തുടങ്ങിയ 20 രാജ്യങ്ങളിലെ ഉപഭോക്താക്കളുടെ ഫോണുകളിലാണ് കമ്പനി നുഴഞ്ഞ് കയറിയതെന്നാണ് വാട്സ് ആപ്പ് നൽകിയ പരാതിയിൽ വ്യക്തമാക്കുന്നത്. ഇന്ത്യൻ മാദ്ധ്യമപ്രവർത്തകരും മനുഷ്യാവകാശ പ്രവർത്തകരും നിരീക്ഷിക്കപ്പെട്ടവരുടെ പട്ടികയിലുണ്ടെന്നും എത്രയാളുകളുണ്ടെന്നത് സംബന്ധിച്ച് തനിക്ക് കൃത്യമായി പറയാനാവില്ലെന്നും വാട്സ് ആപ്പിന്റെ ഇന്ത്യൻ വക്താവ് ഒരു ദേശീയ മാദ്ധ്യമത്തോട് വെളിപ്പെടുത്തിയിരുന്നു. എന്നാൽ അതൊരു ചെറിയ സംഖ്യയല്ലെന്നും രാജ്യത്തെ 25 ഓളം അഭിഭാഷകർ, ദളിത് പ്രവർത്തകർ, മാദ്ധ്യമ പ്രവർത്തകർ എന്നിവരുടെ ഫോണുകൾ രണ്ടാഴ്ചയോളം അന്താരാഷ്ട്ര നിരീക്ഷണത്തിലായിരുന്നുവെന്നും വാട്‌സ് ആപ്പ് നേരത്തേ അറിയിച്ചിരുന്നു. അതേസമയം എൻ.എസ്.ഒ വാട്സ് ആപ്പിന്റെ ആരോപണങ്ങൾ നിഷേധിച്ചു.

 വിശദീകരണം തേടി കേന്ദ്രസർക്കാർ

സംഭവത്തിൽ വാട്സാപ്പിനോട് വിശദീകരണം തേടി കേന്ദ്രസർക്കാർ. നവംബർ നാലിനകം വിശദമായ റിപ്പോർട്ട് നൽകണമെന്നാണ് ഐ.ടി മന്ത്രാലയം വാട്സാപ്പിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. പെഗസസ് ആക്രമണത്തിന്റെ വ്യാപ്തിയെക്കുറിച്ചും ആരുടെ, എന്തൊക്കെ വിവരങ്ങൾ ഹാക്ക് ചെയ്യപ്പെട്ടുവെന്ന് വിശദീകരിക്കണമെന്നും വാട്സാപ്പിനോട് കേന്ദ്രം ആവശ്യപ്പെട്ടിട്ടുണ്ട്.  നിരീക്ഷിക്കപ്പെട്ടവർ ഇന്ത്യയിൽ പൊതു തിരഞ്ഞെടുപ്പ് നടന്ന 2019 മെയ് വരെ ഇന്ത്യയിലെ മാദ്ധ്യമപ്രവർത്തകർ, മനുഷ്യാവകാശപ്രവർത്തകർ, അഭിഭാഷകർ, ദളിത് ആക്ടിവിസ്റ്റുകൾ തുടങ്ങിയ 25ഓളം പേർ പെഗാസസ് ഉപയോഗിച്ചുള്ള നിരീക്ഷണത്തിന് ഇരയായെന്നാണ് റിപ്പോർട്ടുകൾ. ഭീമ കൊറേഗാവ് കേസിൽ പ്രതികൾക്കായി ഇടപെട്ട അഭിഭാഷകൻ നിഹാൽ സിങ് റാത്തോഡ്, ചത്തീസ്ഗഡില്‍ നിന്നുള്ള മനുഷ്യാവകാശ പ്രവർത്തകൻ ഭെല്ലാ ഭാട്ടിയ, ദലിത് ആദിവാസി അവകാശ പ്രവർത്തൻ ഡിഗ്രി പ്രസാദ് ചൗഹാൻ, അധ്യാപകനും എഴുത്തുകാരനുമായ ആക്റ്റിവിസ്റ്റുമായ ആനന്ദ് ടെൽടുംബേ എന്നിവരും ഉൾപ്പെടുന്നതായാണ് വിവരം.

 ചോർത്തിയത്: 20 രാജ്യങ്ങളിലെ 1400 പേരുടെ ഫോണുകൾ

 സ്പൈവെയർ നിർമ്മിച്ചത്: എൻ.എസ്.ഒ

 ചോർത്തപ്പെടുന്നവ: പാസ്​വേർഡ്​, കോൺടാക്​ട്​സ്, കലണ്ടർ ഇവന്റ്​

 ലോകത്തെ ആകെ വാട്സ് ആപ്പ് ഉപഭോക്താക്കൾ: 150 കോടി

 ഇന്ത്യയിലുള്ള ഉപഭോക്താക്കൾ: 40 കോടി