kulbhushan

യു. എൻ:ചാരവൃത്തിയും ഭീകരപ്രവർത്തനവും ആരോപിച്ച് വധശിക്ഷ വിധിക്കപ്പെട്ട ഇന്ത്യൻ പൗരൻ കുൽഭൂഷൺ യാദവിന്റെ കേസിൽ പാകിസ്ഥാൻ വിയന്ന കൺവെൻഷൻ ലംഘിച്ചതായി അന്താരാഷ്ട്ര നീതിന്യായ കോടതി പ്രസിഡന്റായ ജഡ്‌ജി അബ്ദുൾഖാവി യൂസഫ് ഐക്യരാഷ്ട്ര പൊതുസഭയിൽ വ്യക്തമാക്കി.

ഇന്ത്യയുടെ അപ്പീലിൽ കുൽഭൂഷൺ യാദവിന്റെ വധശിക്ഷ പുനഃപരിശോധിക്കാൻ അന്താരാഷ്‌ട്ര കോടതി ഉത്തരവിട്ടിരുന്നു. കേസ് സംബന്ധിച്ച് 193 അംഗ യു. എൻ. പൊതുസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിലാണ് പാകിസ്ഥാനെ വെട്ടിലാക്കുന്ന വെളിപ്പെടുത്തൽ. വിയന്ന കൺവെൻഷന്റെ ആർട്ടിക്കിൾ 36 പ്രകാരമുള്ള വ്യവസ്ഥകളാണ് പാകിസ്ഥാൻ ലംഘിച്ചതെന്നും അതിന് ഉചിതമായ പരിഹാരം കാണണമെന്നും അദ്ദേഹം പറഞ്ഞു. തടവുകാരുടെ അടിസ്ഥാന അവകാശങ്ങൾ നിറവേറ്റുന്നത് സംബന്ധിച്ച വ്യവസ്ഥകളാണ് ലംഘിച്ചത്.

പാകിസ്ഥാന്റെ ചട്ടലംഘനങ്ങൾ കണക്കിലെടുക്കുമ്പോൾ ഉചിതമായ പരിഹാരം കുൽഭൂഷന്റെ വധശിക്ഷ പുനഃപരിശോധിക്കുകയാണെന്നും ജഡ്ജി യൂസഫ് ചൂണ്ടിക്കാട്ടി.

കോടതിയുടെ ഈ വിധി പാലിക്കുമെന്ന് പാകിസ്ഥാൻ അറിയിച്ചതായും അദ്ദേഹം പറഞ്ഞു. ലോകകോടതി വിധിയുടെ അടിസ്ഥാനത്തിൽ വിയന്ന കൺവെൻഷൻ പ്രകാരമുള്ള തന്റെ അവകാശങ്ങളെ പറ്റി പാകിസ്ഥാൻ കുൽഭൂഷണെ ധരിപ്പിക്കുകയും അദ്ദേഹത്തെ കാണാൻ ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരെയും അനുവദിക്കുകയും ചെയ്‌തെന്നും ജ‌ഡ്‌ജി ചൂണ്ടിക്കാട്ടി.

ലോകകോടതിയുടെ വിധി ഇന്ത്യയ്‌ക്ക് വലിയ നയതന്ത്ര വിജയമായിരുന്നു.

പാകിസ്ഥാന്റെ ലംഘനങ്ങൾ

തടവുകാർക്ക് തങ്ങളുടെ രാജ്യത്തിന്റെ നയതന്ത്ര സഹായം ലഭ്യമാക്കണമെന്നതാണ് വിയന്ന കൺവെൻഷനിലെ ആർട്ടിക്കിൾ 36ലെ ഒരു വ്യവസ്ഥ. കുൽഭൂഷൺ യാദവിനെ കാണാൻ ഇന്ത്യൻ നയതന്ത്ര പ്രതിനിധികളെ പാകിസ്ഥാൻ അനുവദിച്ചിരുന്നില്ല. ലോകകോടതിയുടെ ഉത്തരവിന് ശേഷമാണ് പാകിസ്ഥാൻ ഇത് അനുവദിച്ചത്.

ചാരവ‌ൃത്തി ആരോപിക്കപ്പെട്ട വ്യക്തിയുടെ കാര്യത്തിൽ വിയന്ന കൺവെൻഷന്റെ 36ാം വകുപ്പ് പ്രകാരമുള്ള നയതന്ത്ര സഹായം അനുവദനീയമല്ലെന്നായിരുന്നു പാകിസ്ഥാന്റെ വാദം. എന്നാൽ ഈ വകുപ്പിൽ അത് ഒഴിവാക്കിയിട്ടില്ലെന്നായിരുന്നു കോടതി വിധി.

കുൽഭൂഷൺ യാദവിനെ അറസ്റ്റ് ചെയ്‌ത് മൂന്നാഴ്ച കഴിഞ്ഞാണ് പാകിസ്ഥാൻ ഇന്ത്യയെ അറിയിച്ചത്. ഇതും വിയന്ന കൺവെൻഷന്റെ ലംഘനമാണ്. അറസ്റ്റ് ചെയ്തപ്പോൾ തന്നെ ചട്ടപ്രകാരം ഇന്ത്യയെ വിവരം അറിയിക്കണമായിരുന്നു.

തടവുകാർക്ക് നയതന്ത്ര സഹായം നൽകുന്നത് സംബന്ധിച്ച് ഇന്ത്യയും പാകിസ്ഥാനും തമ്മിൽ 2008ൽ ഒപ്പിട്ട കരാറിന് വിയന്ന കൺവെൻഷന്റെ പ്രസക്ത വകുപ്പ് ബാധകമല്ലെന്നായിരുന്നു മറ്റൊരു വാദം. എന്നാൽ വിയന്ന കൺവെൻഷന്റെ വ്യവസ്ഥകൾ ശക്തമാക്കുന്നതാണ് ഈ കരാർ എന്നായിരുന്നു കോടതി വിധി. ആ കരാറും പാകിസ്ഥാൻ ലംഘിച്ചു.