പാലക്കാട്∙ അട്ടപ്പാടിയിലുണ്ടായ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ സംസ്കരിക്കരുതെന്ന് കോടതി ഉത്തരവ്. പാലക്കാട് ജില്ലാ സെഷൻസ് കോടതിയാണ് നവംബർ 4 വരെ മൃതദേഹങ്ങളുടെ സംസ്കാരം തടഞ്ഞത്. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ ബന്ധുക്കളുടെ പരാതിയെത്തുടർന്നാണു കോടതി നടപടി. ഏറ്റുമുട്ടൽ കൊലയുമായി ബന്ധപ്പെട്ടു സുപ്രീംകോടതി നിർദേശങ്ങൾ പാലിക്കപ്പെട്ടിട്ടുണ്ടോയെന്നും സെഷൻസ് കോടതി പരിശോധിക്കും. അടുത്ത മാസം രണ്ടിനകം ഇത് സംബന്ധിച്ചുള്ള രേഖകൾ സമർപ്പിക്കാനും കോടതി നിർദ്ദേശമുണ്ട്. കൊല്ലപ്പെട്ട മാവോയിസ്റ്റ് നേതാവ് മണിവാസകത്തിന്റെ മൃതദേഹം സംസ്കരിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഭാര്യ കല മദ്രാസ് ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരുന്നു. മൃതദേഹം കാണാൻ തന്നെ അനുവദിക്കണമെന്നും കമല ആവശ്യപ്പെട്ടിരുന്നു. വെടിവയ്പ്പിൽ മരണപ്പെട്ടവരുടെ മൃതശരീരങ്ങളുടെ കാര്യത്തിൽ പൊലീസ് നടപടി ക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും റീ പോസ്റ്റ്മോർട്ടം നടത്തണമെന്നും കൊല്ലപ്പെട്ട കാർത്തിയുടെ കുടുംബം നേരത്തേ ആവശ്യപ്പെട്ടിരുന്നു. തൃശൂർ മെഡിക്കൽ കോളജിലാണ് പോസ്റ്റ്മോർട്ടം നടന്നത്.