narendra-modi-

ന്യൂഡൽഹി : തിങ്കളാഴ്ച സൗദി സന്ദർശനത്തിനായി പാകിസ്ഥാനു മുകളിലൂടെയുള്ള വ്യോമപാത ഉപയോഗിക്കാൻ അനുമതി തേടിയുള്ള ഇന്ത്യയുടെ ആവശ്യം നിരസിച്ചതിന്റെ കാരണം വ്യക്തമാക്കണമെന്ന് കാട്ടി അന്താരാഷ്ട്ര വ്യോമയാന സംഘടന പാകിസ്ഥാനു നോട്ടീസയച്ചു. രണ്ട് മാസത്തിനിടെ മൂന്ന് തവണ ഇന്ത്യയിലെ വി.വി.ഐ.പികൾക്ക് വ്യോമപാത തുറന്നു നൽകാത്ത പാകിസ്ഥാൻ നടപടിക്കെതിരെയാണ് ഇന്ത്യ അന്താരാഷ്ട്ര വ്യോമയാന സംഘടനയെ സമീപിച്ചത്. അറേബ്യൻ കടലിന് മുകളിൽ ന്യൂനമർദ്ദം രൂപമെടുക്കുന്നതായി മുന്നറിയിപ്പുണ്ടായ സാഹചര്യത്തിലാണ് പാക് വ്യോമപാത ഉപയോഗിക്കാൻ ഇന്ത്യ അനുമതി തേടിയത്. എന്നാൽ ഇതിന് അനുമതി നിഷേധിക്കുകയും, തങ്ങൾ ഇന്ത്യയുടെ അഭ്യർത്ഥന നിരസിച്ചതായി മാദ്ധ്യമങ്ങളിലൂടെ വിവരം പാകിസ്ഥാൻ പുറത്തുവിടുകയും ചെയ്തിരുന്നു. ഇതേ തുടർന്നാണ് വി.വി.ഐ.പികൾക്ക് വ്യോമപാത നിഷേധിച്ച നടപടിക്കെതിരെ ഐക്യരാഷ്ട്ര സഭയ്ക്ക് കീഴിലുള്ള അന്താരാഷ്ട്ര വ്യോമയാന സംഘടനയിൽ പരാതിയുമായി ഇന്ത്യ എത്തിയത്.

അന്താരാഷ്ട്ര വ്യോമായന സംഘടനയുടെ നിർദ്ദേശപ്രകാരം യുദ്ധമൊഴികെയുള്ള സാഹചര്യങ്ങളിൽ ഒരു രാജ്യവും വ്യോമയാന പാതയ്ക്ക് അനുമതി നിഷേധിക്കരുതെന്നാണ്. ഇന്ത്യയുടെ പരാതി കിട്ടിയതായി സ്ഥിരീകരിച്ച അന്താരാഷ്ട്ര വ്യോമയാന സംഘടനയുടെ പ്രസിഡന്റ് പാകിസ്ഥാനോട് കാരണം ചോദിച്ചു കൊണ്ട് നോട്ടീസ് അയച്ചുവെന്നും വെളിപ്പെടുത്തി.

ഇന്ത്യയിൽ നിന്നുള്ള വിമാനങ്ങൾക്ക് പതിവായി മാർഗതടസം സൃഷ്ടിക്കുവാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്. സെപ്തംബറിൽ പ്രസിഡന്റ് രാംനാഥ് കോവിന്ദിന്റെ ത്രിരാഷ്ട്ര സന്ദർശനത്തിനും യു.എൻ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനുള്ള മോദിയുടെ അമേരിക്കൻ യാത്രയ്ക്കും പാകിസ്ഥാൻ തങ്ങളുടെ വ്യോമപാത നിഷേധിച്ചിരുന്നു. കാശ്മീരിൽ ആർട്ടിക്കിൾ 370 പിൻവലിക്കാൻ ഇന്ത്യ തീരുമാനിച്ചത് മുതൽക്കാണ് പ്രതിഷേധമെന്ന വണ്ണം വ്യോമപാതകളിൽ ചിലത് ഇന്ത്യയ്ക്ക് നിഷേധിക്കുവാൻ പാകിസ്ഥാൻ തീരുമാനിക്കുന്നത്.

ബാലാകോട്ടിൽ ഇന്ത്യൻ വ്യോമസേന മിന്നലാക്രമണം നടത്തിയതിനെത്തുടർന്നാണ് ഫെബ്രുവരിയിൽ പാകിസ്ഥാൻ തങ്ങളുടെ വ്യോമപാത മുഴുവനായും അടച്ചത്. മാർച്ച് 27ന് ഭാഗികമായി തുറന്നെങ്കിലും ഇന്ത്യയ്ക്ക് പാത ഉപയോഗിക്കാൻ അനുമതി നൽകിയിരുന്നില്ല. തുടർന്ന് ജൂലായ് 16നാണ് ഇന്ത്യയിൽനിന്നുള്ള യാത്രാവിമാനങ്ങൾക്ക് അനുമതിനൽകിയത്.