ആഗോള നിക്ഷേപക സംഗമത്തിന് സമാപനം
റിയാദ്: തലസ്ഥാനമായ റിയാദിൽ സംഘടിപ്പിച്ച ത്രിദിന ആഗോള നിക്ഷേപക സംഗമത്തിലൂടെ സൗദി അറേബ്യ തുറന്നിട്ടത് വൻ നിക്ഷേപ സാദ്ധ്യതകൾ. സംഗമത്തിന്റെ രണ്ടാംദിനത്തിൽ ആഗോള പ്രമുഖ കമ്പനികൾ 23 വലിയ നിക്ഷേപ കരാറുകളിലാണ് ഒപ്പുവച്ചത്. സംഗമം ഇന്നലെ സമാപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി, സ്വിറ്റ്‌സർലൻഡ് പ്രസിഡന്റ് ഒലി മൊറെർ, ജോർദാനിലെ അബ്‌ദുള്ള രാജാവ്, ബ്രസീൽ പ്രസിഡന്റ് ജെയിർ ബോൾസണാറോ, അമേരിക്കയുടെ ട്രഷറി സെക്രട്ടറി സ്‌റ്റീവൻ മ്യുചിൻ തുടങ്ങി ഒട്ടേറെ പ്രമുഖ നേതാക്കളും സംഗമത്തിൽ സംബന്ധിച്ചു.
ആമസോൺ കാട്ടുതീ വിഷയത്തിൽ ബ്രസീലിനെ ആഗോള തലത്തിൽ ഒറ്റപ്പെടുത്താൻ ചിലർ ശ്രമിച്ചെന്ന് ജെയിർ ബോൾസണാറോ പറഞ്ഞു. സംഗമത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ആമസോൺ ബ്രസീലിന്റെ മാത്രം സ്വന്തമാണെന്നും കാട്ടുതീ ഉൾപ്പെടെ എല്ലാ പ്രതിസന്ധികളും കൈകാര്യം ചെയ്യാൻ ബ്രസീലിന് കാര്യപ്രാപ്‌തിയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ജി7 രാജ്യങ്ങളുടെ യോഗത്തിൽ ബ്രസീൽ ഭരണകൂടത്തെ ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ വിമർശിച്ചിരുന്നു.
നിക്ഷേപത്തിന് അനുകൂല
സമയം: യൂസഫലി
സൗദി അറേബ്യയിൽ നിക്ഷേപിക്കാൻ അനുകൂലമായ അന്തരീക്ഷമാണിതെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി പറഞ്ഞു. ഗതാഗതം മുതൽ കാർഷികം വരെ അടിസ്ഥാനസൗകര്യ രംഗത്ത് മികച്ച നിക്ഷേപസൗകര്യമാണ് സൗദി ഒരുക്കുന്നത്. ഭരണസ്ഥിരത, ദീർഘവീക്ഷണമുള്ള ഭരണാധികാരികൾ, മികച്ച മാനവവിഭവശേഷി എന്നിവയും സൗദിയുടെ മികവുകളാണെന്ന് യൂസഫലി പറഞ്ഞു. അടിസ്ഥാന സൗകര്യ നിക്ഷേപം ആഗോള സമ്പദ്സ്ഥിതിയെ എങ്ങനെ ശക്തിപ്പെടുത്തും എന്ന വിഷയത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.