ഗുരുദാസ് ദാ" എന്നും 'ഗുരുദാസ് ജീ " എന്നും പാർലമെന്റ് അംഗങ്ങളും മാദ്ധ്യമ പ്രവർത്തകരും ട്രേഡ് യൂണിയൻ രംഗത്തുള്ളവരും ആദരപൂർവം അഭിസംബോധന ചെയ്തിരുന്ന ആ വലിയ മനുഷ്യൻ ഓർമ്മയായി. സഖാവ് ഗുരുദാസ് ദാസ്ഗുപ്തയോടൊപ്പം പതിനഞ്ചാം ലോക്സഭയിൽ അംഗമായിരിക്കാനും ചില സംയുക്ത പ്രക്ഷോഭ വേദികൾ പങ്കിടാനും കഴിഞ്ഞത് അസുലഭ ഭാഗ്യമായിരുന്നു. രണ്ടുതവണ ലോക്സഭാംഗവും മൂന്ന് തവണ രാജ്യസഭാംഗവുമായിരുന്നു സഖാവ് ഗുരുദാസ് ദാസ്ഗുപ്ത. ജനങ്ങളുടെ വിഷയങ്ങൾ അവതരിപ്പിക്കാനുള്ള പരമോന്നത വേദിയാണ് പാർലമെന്റ് എന്ന ഉറച്ച നിലപാടായിരുന്നു അദ്ദേഹത്തിന്. ചട്ടങ്ങളും കീഴ്വഴക്കങ്ങളും ഉദ്ധരിച്ചുകൊണ്ട് ലോക്സഭയിൽ അദ്ദേഹത്തിന്റെ ശബ്ദം മുഴങ്ങിയിരുന്നത് പണിയെടുക്കുന്നവർക്കും സാധാരണക്കാർക്കും വേണ്ടിയായിരുന്നു. പാർലമെന്റിന്റെ പ്രവർത്തനങ്ങളെ തടസപ്പെടുത്തിക്കൊണ്ടുള്ള ഇടപെടലുകളിൽ പലപ്പോഴും അദ്ദേഹം അസഹിഷ്ണുത പ്രകടിപ്പിച്ചിരുന്നു. ഇന്ത്യയുടെ ഫെഡറൽ തത്വങ്ങൾക്കും ഭരണഘടനാ മൂല്യങ്ങൾക്കും ഭീഷണി നേരിട്ടപ്പോഴെല്ലാം ആ മനുഷ്യൻ തന്റെ ആരോഗ്യപ്രശ്നങ്ങളെ തൃണവൽഗണിച്ചു കൊണ്ടുപോലും ശബ്ദമുയർത്തിയിരുന്നു. തനിക്ക് പറയാനുള്ളത് തടസപ്പെടുത്തുന്നവരോട് യാതൊരു ദാക്ഷിണ്യവുമില്ലാതെ കടുത്തസ്വരത്തിൽ താക്കീതുമായ് അദ്ദേഹം പോരാടി.
2011 മുതൽ രണ്ടുവർഷക്കാലം പാർലമെന്റിന്റെ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റിയിൽ ലോക്സഭയിൽ നിന്ന് ഞാനും രാജ്യസഭയിൽ നിന്ന് പി.രാജീവും (സി.പി.എം എം.പിമാർ) അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാനിടയായി. മുൻ കേന്ദ്രമന്ത്രിയും ബി.ജെ.പി നേതാവുമായിരുന്ന യശ്വന്ത് സിൻഹയായിരുന്നു സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചെയർമാൻ. പല യോഗങ്ങളിലും, ഇന്ത്യൻ സമ്പദ് വ്യവസ്ഥയിലെ നമുക്ക് അജ്ഞാതമായ മേഖലകളിലേക്ക് വെളിച്ചം വീശുന്നതായിരുന്നു ഗുരുദാസ് ദാസ്ഗുപ്തയുടെ ഇടപെടലുകൾ. ഭരണഉദ്യോഗസ്ഥ തലങ്ങളിലെ വഴിവിട്ട പ്രവണതകളെ വലിച്ചു കീറുന്നതായിരുന്നു സ്റ്റാൻഡിംഗ് കമ്മിറ്റിയുടെ ചില യോഗങ്ങളിൽ അദ്ദേഹത്തിന്റെ അഭിപ്രായങ്ങൾ. എയർ കണ്ടീഷൻഡ് മുറികളിൽ ചില ഉന്നത ഉദ്യോഗസ്ഥർ ഞങ്ങൾക്ക് എതിർവശമിരുന്നു വല്ലാതെ വിയർക്കുന്നുണ്ടായിരുന്നു. ചിലപ്പോഴൊക്കെ ചെയർമാന്റെ ഇടപെടലുകളാണ് ' ദാദ" യെ തണുപ്പിച്ചത്. ഉദ്യോഗസ്ഥർക്ക് കമ്മിറ്റി മുമ്പാകെ കള്ളം പറയാനോ വിവരങ്ങൾ മൂടിവയ്ക്കാനോ കഴിയാത്ത വിധം പ്രബലമായിരുന്നു അന്നത്തെ പാർലമെന്റിന്റെ ധനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി. കൃത്യമായ ഇടവേളകളിൽ യോഗം ചേർന്ന്, ചർച്ചകൾക്കു ശേഷം പാർലമെന്റിന് സമർപ്പിച്ചിട്ടുള്ള റിപ്പോർട്ടുകൾ ഇന്ത്യയുടെ പാർലമെന്ററി ചരിത്രത്തിലെ നാഴികക്കല്ലുകളാണ്. 'ആ കമ്മിറ്റിയിലെ വലതുപക്ഷ ഗ്രൂപ്പി'ന്റെ (ഈ പ്രയോഗം എന്റേതാണ്) നേതാവായിരുന്നു ഇന്നത്തെ റെയിൽവേ വാണിജ്യകാര്യ മന്ത്രി പിയൂഷ് ഗോയൽ. എന്നാൽ കക്ഷിരാഷ്ട്രീയ വ്യത്യാസങ്ങൾക്കപ്പുറം, തന്റെ അഭിപ്രായങ്ങളും വിയോജിപ്പുകളും രേഖപ്പെടുത്തിക്കൊണ്ടു തന്നെ പലപ്പോഴും സമന്വയത്തിലെത്താൻ ഗുരുദാസ് ദാ ഒരു വൈമനസ്യവും കാട്ടിയിരുന്നില്ല. കനത്തശബ്ദവും ഉയർന്ന ശിരസും ഉത്തമ ചിന്തകളും ലാളിത്യമാർന്ന ജീവിതവും ആ കർക്കശ സ്വഭാവക്കാരന്റെ സവിശേഷതകളായിരുന്നു. കട്ടിക്കണ്ണടയിലൂടെയുള്ള രൂക്ഷമായ നോട്ടവും ചുണ്ടിലൊളിപ്പിച്ചുവച്ച ഒരു പുഞ്ചിരിയും. അപൂർവമായ് മാത്രമേ അദ്ദേഹം പൊട്ടിച്ചിരിച്ചു കണ്ടിരുന്നുള്ളു. 2012 മാർച്ചിൽ സി.പി.ഐ നേതാവും മുൻ എം.പി.യുമായ സി.കെ.ചന്ദ്രപ്പന്റെ നിര്യാണം സംഭവിക്കുമ്പോൾ ദാദ ലോക്സഭയിൽ വികാരനിർഭരമായ, കത്തിക്കാളുന്ന ഒരു പ്രസംഗം നടത്തുകയായിരുന്നു. ഇടയ്ക്ക് പാർലമെന്റ് മന്ദിരത്തിലെ സി.പി.എം പാർലമെന്ററി പാർട്ടി ഓഫീസിൽ എന്റെ പ്രസംഗത്തിനുള്ള ചില രേഖകൾ എടുക്കാനായി പോയപ്പോഴാണ് ഈ വാർത്ത ഞാനറിഞ്ഞത്. ഗുരുദാസ് ദാസ്ഗുപ്തയോട് ഇതാര് പറയും എന്നായി. ഒടുവിൽ പ്രസംഗം തീർത്ത് ഇരുന്ന അദ്ദേഹത്തെ ഒരു അത്യാവശ്യമുണ്ടെന്ന് പറഞ്ഞ് ലോബിയിലേക്ക് കൂട്ടിക്കൊണ്ടു വന്ന ഞങ്ങൾ, ഇടത് എം.പിമാർ ദുഃഖവാർത്ത ഇംഗ്ലീഷിൽ കുറിച്ചാണ് കൊടുത്തത്; നേരിട്ട് പറയാൻ ആർക്കും ധൈര്യമുണ്ടായിരുന്നില്ല. കുറിപ്പ് വായിച്ച അദ്ദേഹം പൊട്ടിക്കരഞ്ഞ് കൊണ്ട് കൊച്ചുകുട്ടിയെപ്പോലെ ഞങ്ങളെ കെട്ടിപ്പിടിക്കുകയായിരുന്നു. അദ്ദേഹത്തെ ആശ്വസിപ്പിക്കാൻ അവിടെവന്ന കേന്ദ്രമന്ത്രിമാർ പോലും പ്രയാസപ്പെട്ടു. പുറമേ പരുക്കനെന്ന് തോന്നിയിരുന്ന ആ വലിയ മനുഷ്യന്റെ ആർദ്രമായ മനസ് മനുഷ്യത്വത്തിലും സ്നേഹത്തിലും വ്യക്തിബന്ധങ്ങളിലും ആഴത്തിൽ വേരോടിയതാണ്.
സമയത്ത് ഭക്ഷണം കഴിച്ചില്ലെങ്കിലും കട്ടൻ ചായയും സിഗരറ്റും മുടങ്ങിയിരുന്നില്ല. ഒരിക്കൽ കണ്ണൂർ ഗസ്റ്റ്ഹൗസിൽ സഖാവ് കാനം രജേന്ദ്രനോടൊപ്പം തങ്ങുകയായിരുന്ന അദ്ദേഹത്തെ ഞാൻ കാണുമ്പോൾ, മഴപെയ്യുന്ന തണുത്ത പ്രഭാതത്തിൽ ഒരു കൈയിൽ സിഗരറ്റും മറുകൈയിൽ പേനയുമായ് ലേഖനമെഴുതുന്ന തിരക്കിലായിരുന്നു. ''ദാദാ പുകവലി നിർത്തി പകരം കൂടുതൽ ചായ കുടിച്ചുകൂടെ?"" എന്ന എന്റെ തമാശ ചോദ്യത്തിന് അദ്ദേഹം പറഞ്ഞ മറുപടി ''വൈകിപ്പോയി, ജീവിതത്തിന്റെ ഭാഗമായിപ്പോയി." എന്നായിരുന്നു. വല്ലാതെ ചുമച്ചുകൊണ്ട് എഴുത്ത് തുടർന്നു.
രണ്ടാം യു.പി.എ സർക്കാരിന്റെ കാലത്തെ പതിനഞ്ചാം ലോക്സഭയിൽ 24 എം.പിമാരുള്ള ഇടതുഗ്രൂപ്പിന്റെ ഡെപ്യൂട്ടി ലീഡറായിരുന്നു ഗുരുദാസ് ദാ. അനാരോഗ്യം കാരണം യാത്രകൾ കുറവായിരുന്നുവെങ്കിലും എ.ഐ.ടി.യു.സി ദേശീയ സെക്രട്ടറിയായും സി.പി.ഐ ദേശീയ സെക്രട്ടേറിയറ്റംഗമായും പ്രവർത്തിച്ചുവരികയായിരുന്നു. യശഃശരീരനായ സി.ഐ.ടി.യു അഖിലേന്ത്യാ പ്രസിഡന്റ് എ.കെ. പന്ഥെയോടൊപ്പം ലോകതൊഴിലാളിവർഗ ഐക്യത്തിനായി ദീർഘനാൾ നേതൃത്വം നൽകാൻ ഗുരുദാസ് ദായുമുണ്ടായിരുന്നു. നവലിബറൽ സാമ്പത്തിക നയങ്ങളെയും സീമകളില്ലാത്ത സ്വകാര്യവത്കരണത്തെയും തച്ചുതകർക്കപ്പെടുന്ന തൊഴിൽ നിയമങ്ങളെയും അഭിമുഖീകരിക്കുന്ന ഇക്കാലത്ത്, വർഗീയതയും തീവ്രവാദവും വിഷം കുത്തിവയ്ക്കുന്ന ഒരു സമൂഹത്തിൽ, നുണകളുടെ പറുദീസയിലെ ചക്രവർത്തിമാരുടെ കുഴലൂത്തുകാർ വാദ്യഘോഷാദികളുമായ് ഗീബൽസിയൻ തന്ത്രങ്ങൾ മെനയുമ്പോൾ സഖാവ് ഗുരുദാസ് ദാസ്ഗുപ്തയുടെ നിര്യാണം ഇന്ത്യയിലെ തൊഴിലാളി വർഗത്തിനും ജനാധിപത്യ ബോധത്തിനും നികത്താനാകാത്ത നഷ്ടമാണ്. ലാൽസലാം ഗുരുദാസ് ദാ.
( ലേഖകൻ മുൻ എം.പിയും കേരള സർക്കാരിന്റെ ഡൽഹിയിലെ ലെയ്സൺ ഓഫീസറുമാണ്. )