ന്യൂഡൽഹി: പ്രമുഖ അമേരിക്കൻ ഐ.ടി കമ്പനിയായ കോഗ്നിസന്റ് 2020 മദ്ധ്യത്തോടെ ആഗോളതലത്തിൽ 10,000 - 12,000 ജീവനക്കാരെ പിരിച്ചുവിടും. '2020ഓടെ വളർച്ചയ്ക്ക് സജ്ജമാകുക" എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണിത്. ചെലവ് ചുരുക്കി, വളർച്ച കൈവരിക്കുകയാണ് കമ്പനി ഉദ്ദേശിക്കുന്നത്. താഴെതട്ടിലെ മുതൽ സീനിയർ ജീവനക്കാർ വരെ പിരിച്ചുവിടൽ പട്ടികയിൽ ഉണ്ടാകുമെന്ന് സി.ഇ.ഒ ബ്രയാൻ ഹംപ്‌റീസ് പറഞ്ഞു.
കോഗ്നിസന്റിന്റെ തീരുമാനം ഏറ്റവുമധികം ബാധിക്കുക ഇന്ത്യൻ ജീവനക്കാരെയാണ്. നിരവധി മലയാളികളും കോഗ്നിസന്റിൽ ജോലി ചെയ്യുന്നുണ്ട്. കമ്പനിയുടെ മൊത്തം ബിസിനസിൽ മുഖ്യപങ്കും ഇന്ത്യയിലാണ്. 2.90 ലക്ഷം ജീവനക്കാരാണ് കമ്പനിക്കുള്ളത്. ഒട്ടേറെ മലയാളികൾ ജോലി ചെയ്യുന്ന കണ്ടന്റ് മോഡറേഷൻ ബിസിനസ് അവസാനിപ്പിക്കാനും തീരുമാനമുണ്ട്. ഫിനാൻഷ്യൽ സർവീസസ്, ഹെൽത്ത്കെയർ എന്നിവയാണ് കമ്പനിയുടെ മൊത്തം വരുമാനത്തിൽ 60 ശതമാനം പങ്കും വഹിക്കുന്നത്.
ജീവനക്കാരെ കുറയ്ക്കുന്നതിലൂടെ 2021ൽ 55 കോടി ഡോളർ ലാഭിക്കാനാകുമെന്നാണ് പ്രതീക്ഷ. സെപ്‌തംബർ പാദത്തിൽ കമ്പനിയുടെ വരുമാനം 5.1 ശതമാനം വർദ്ധിച്ച് 425 കോടി ഡോളർ ആയിട്ടുണ്ട്.