കൊച്ചി: അനുകൂല ഘടകങ്ങളുടെ പിൻബലത്തിൽ സെൻസെക്‌സ് ഇന്നലെ കുറിച്ചിട്ടത് സർവകാല റെക്കാഡ് ഉയരം. വ്യാപാരത്തിനിടെ ഒരുവേള 340 പോയിന്റ് നേട്ടവുമായി 40,392 വരെയാണ് സെൻസെക്‌സ് ഉയർന്നത്. ജൂൺ നാലിന് കുറിച്ച 40,312 പോയിന്റുകളാണ് പഴങ്കഥയായത്. അതേസമയം, വ്യാപാരാന്ത്യം 77 പോയിന്റ് മാത്രം നേട്ടവുമായി 40,129ലാണ് സെൻസെക്‌സ്.

ജൂൺ മൂന്നിന് കുറിച്ച 40,268 ആണ് സെൻസെക്‌സ് വ്യാപാരം പൂർത്തിയാക്കിയ സർവകാല റെക്കാഡ്. 33 പോയിന്റ് നേട്ടവുമായി ഇന്നലെ 11,877ലാണ് നിഫ്‌റ്റിയുള്ളത്. കൂടുതൽ നികുതി ഇളവുണ്ടാകുമെന്ന പ്രതീക്ഷ, വിദേശ നിക്ഷേപ വർദ്ധന, മികച്ച സെപ്‌തംബർ പാദ പ്രവർത്തനഫലം, പലിശ കുറച്ച ഫെഡറൽ റിസർവിന്റെ നടപടി, അമേരിക്ക-ചൈന വ്യാപാരയുദ്ധം ശമിച്ചേക്കുമെന്ന സൂചന എന്നിവയാണ് ഓഹരികൾക്ക് കരുത്താകുന്നത്.