വാളയാറിൽ പെൺകുട്ടികളുടെ ഘാതകരെ വെറുതെ വിട്ടുകൊണ്ടുള്ള കോടതിവിധി വന്നപ്പോഴും മാവോയിസ്റ്റുകളെ നിഷ്കരുണം വെടിവച്ചു കൊന്നപ്പോഴും ശക്തമായ മുഖപ്രസംഗമെഴുതുകയും ആ അനീതികൾക്കെതിരെ ധീരമായ നിലപാടെ ടുക്കുകയും ചെയ്ത പത്രം കേരളകൗമുദിയാണ്. വർഷങ്ങളായി കൗമുദി വായിക്കുന്ന ഒരു വ്യക്തിയെന്ന നിലയിൽ അതിൽ ഞാൻ അഭിമാനിക്കുന്നു. വാളയാർ കേസിലെ വിധി വന്നപ്പോൾ ആ വാർത്ത ഒന്നാംപേജിൽ നൽകിയത് കൗമുദി മാത്രമായിരുന്നു. പിന്നീടാണ് മറ്റുപത്രങ്ങൾ വിഷയം കാര്യമായിക്കണ്ടത്. ഇടത് സർക്കാർ മാവോയിസ്റ്റുകളെ കൊന്നൊടുക്കുന്നത് എന്തുകൊണ്ട്?എന്ന തലക്കെട്ടിൽ പി.എ.ഷൈന എഴുതിയ ലേഖനം മികച്ചതായിരുന്നു.അനുഭവസ്ഥയായ അവരുടെ ഭാഷയുടെ ശക്തി മാവോയിസ്റ്റുകളെ വെടിവച്ചു കൊല്ലുന്നതിനെ ന്യായീകരിക്കുന്നവരുടെ കണ്ണ് തുറപ്പിക്കേണ്ടതാണ്. പ്രമുഖ മാവോയിസ്റ്റ് നേതാവ് രൂപേഷിന്റെ ഭാര്യയാണ് ഷൈന എന്നാണ് ഞാൻ മനസിലാക്കുന്നത്.
വാളയാറിൽ രണ്ട് പെൺകുട്ടികൾ മരിച്ച സംഭവത്തിൽ ആ ജില്ലയിൽ നിന്നുള്ള മന്ത്രിയെന്ന നിലയിൽ എ.കെ. ബാലൻ ഉത്തരവാദിത്വപൂർണമായ നിലപാട് ആദ്യം മുതൽക്കേ സ്വീകരിക്കേണ്ടതായിരുന്നു. ആത്മാർത്ഥതയുള്ള ഒരു രാഷ്ട്രീയ നേതാവ് ആദ്യം മുതലേ കാര്യങ്ങൾ മോണിട്ടർ ചെയ്തിരുന്നെങ്കിൽ കേസിന് ഈ ഗതി വരില്ലായിരുന്നു. മൂത്തപെൺകുട്ടി മരിച്ചപ്പോൾ കൃത്യമായി നടപടി സ്വീകരിച്ചിരുന്നുവെങ്കിൽ അടുത്ത കുട്ടിയുടെ മരണം ഒഴിവാക്കാമായിരുന്നു. എല്ലാം കക്ഷിരാഷ്ട്രീയത്തിന്റെ മറവിൽ കാണുമ്പോൾ ഇതും ഇതിനപ്പുറവും നടക്കും. മന്ത്രി ബാലൻ കുറേക്കൂടി ആത്മാർത്ഥത കാട്ടിയിരുന്നെങ്കിൽ എന്നോർത്തുപോകുന്നു. ഇത് വലിയ വീഴ്ചയായിപ്പോയി സർ.
കെ.ഗോമതിഅമ്മാൾ
തിരുവനന്തപുരം