1. മഹാ ചുഴലിക്കാറ്റ് ശക്തി പ്രാപിച്ചതോടെ സംസ്ഥാനത്ത് അടുത്ത 48 മണിക്കൂര്‍ നിര്‍ണായകം എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മഹാ ചുഴലിക്കാറ്റിന്റെ ഭാഗമായി സംസ്ഥാനത്ത് മഴ ശക്തമായി. മൂന്നു ദിവസം കൂടി സംസ്ഥാനത്ത് ശക്തമായ മഴ ഉണ്ടാകുമെന്നും മുന്നറിയിപ്പ്. കാറ്റിന്റെ വേഗത കൂടാന്‍ സാധ്യത ഉണ്ട്. മണിക്കൂറില്‍ 60 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശും. മഹാ ചുഴലിക്കാറ്റ് ഇപ്പോള്‍ തിരുവനന്തപുരം തീരത്ത് നിന്ന് വടക്ക്- പടിഞ്ഞാറന്‍ ദിശയില്‍ 480 കിലോമീറ്റര്‍ അകലെ ആണ് ഉള്ളത്. എറണാകുളത്ത് അതി ശക്തമായ മഴ തുടരുന്നു. ജില്ലയുടെ തീരപ്രദേശങ്ങളില്‍ കടല്‍ ക്ഷോഭം രൂക്ഷമായ സാഹചര്യത്തില്‍ പ്രദേശ വാസികളെ ഒഴിപ്പിച്ചു
2. കോഴിക്കോടിന് 325 കി.മീ അകലെയാണ് ചുഴലിക്കാറ്റ്. പൊന്നാനിയില്‍ നിന്ന് രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 150 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. ഫോര്‍ട്ട് കൊച്ചിയില്‍ 15ലേറെ വള്ളങ്ങള്‍ തകര്‍ന്നു. നായരമ്പലത്ത് 250ലേറെ കുടുംബങ്ങളെ ക്യാമ്പിലേക്ക് മാറ്റി. കണ്ണൂര്‍ തയ്യിലില്‍ തീരപ്രദേശത്ത് ഉള്ളവരെ മാറ്റിപ്പാര്‍പ്പിക്കുന്നു. മത്സ്യ ബന്ധനത്തിനു പോയ ബോട്ടില്‍ നിന്നു ആറു പേരെ കാണാതായി. അഴിത്തലയില്‍ നിന്നു പോയ തൗഫീക്ക് എന്ന ബോട്ടില്‍ നിന്നു രണ്ടു പേരെയും വടകരയില്‍ നിന്നു പോയ ലഡാക് എന്ന ബോട്ടില്‍ നിന്നു നാലു പേരെയും ആണ് കാണാതായത്. ഫോര്‍ട്ട് കൊച്ചിയില്‍ വള്ളങ്ങള്‍ തകര്‍ന്നു. ശക്തമായ മഴയെ തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തി. ഇന്ന് രാവിലെ അരയടി കൂടിയാണ് ഉയര്‍ത്തിയത്. നെയ്യാറിന്റെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം എന്ന് ജില്ലാ ഭരണകൂടം അറിയിച്ചു
3. മഹ കരുത്ത് പ്രാപിച്ചതോടെ കേരളത്തില്‍ പല ജില്ലകളിലും അതി ശക്തമായ മഴയ്ക്കും കാറ്റിനും സാധ്യത വര്‍ധിച്ചു. അതിനു പിന്നാലെ സംസ്ഥാനത്ത് ഓറഞ്ച് അലര്‍ട്ട് പുനക്രമീകരിച്ചു. എറണാകുളം, ഇടുക്കി,തൃശൂര്‍, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ടയിലും കോട്ടയത്തും ഗ്രീന്‍ അലര്‍ട്ടും. മറ്റ് ജില്ലകളില്‍ എല്ലാം യെല്ലോ അലര്‍ട്ടും ആണ്. മഹാ ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ ലക്ഷദ്വീപില്‍ അതിജാഗ്രതാ നിര്‍ദേശം നല്‍കി. മഴയിലും ചുഴലിക്കാറ്റിലും കനത്ത നാശനഷ്ടം സംഭവിക്കാന്‍ സാദ്ധ്യതയുള്ള ലക്ഷദ്വീപില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ദുരിതാശ്വാസ ക്യാമ്പുകള്‍ തുറന്നു. 214 പേരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി. എല്ലാ മുന്‍ കരുതലുകളും സ്വീകരിച്ചിട്ടുണ്ടെന്ന് ലക്ഷദ്വീപ് എം.പി.
4. അട്ടപ്പാടിയിലെ മാവോയിസ്റ്റ് വെടിവയ്പ്പില്‍ നിര്‍ണായക വിധിയുമായി പാലക്കാട് ജില്ലാ സെഷന്‍സ് കോടതി. കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുത്. നവംബര്‍ 4 വരെ മൃതദേഹങ്ങള്‍ സംസ്‌കരിക്കരുത് എന്നാണ് ഉത്തരവ്. ബന്ധുക്കളുടെ പരാതിയെ തുടര്‍ന്നാണ് നടപടി. നവംബര്‍ രണ്ടിന് കേസ് വീണ്ടും പരിഗണിക്കും. അതിനിടെ, മരിച്ച മാവോയിസ്റ്റ് മണിവാസകത്തിന്റെ ഭാര്യയ്ക്കും മക്കള്‍ക്കും മൃതദേഹം കാണാം എന്ന് മദ്രാസ് ഹൈക്കോടതി. നടപടി, ഭാര്യ നല്‍കിയ ഹര്‍ജിയില്‍. തൃശൂര്‍ മെഡിക്കല്‍ കോളേജില്‍ എത്തി മൃതദേഹം കാണാം എന്നാണ് ഉത്തരവ്. മാവോയിസ്റ്റ് വേട്ടയുടെ പശ്ചാത്തലത്തില്‍ മണിവാസകത്തിന്റെ ഭാര്യയും മകളും നിലവില്‍ തിരുച്ചിറപ്പള്ളി ജയിലില്‍ ആണ്
5. അതേസമയം, മഞ്ചിക്കണ്ടിയില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ മൃതദേഹം തിരിച്ച് അറിയാനുള്ള നടപടി തുടങ്ങി. ഇതിന്റെ ഭാഗമായി കൊല്ലപ്പെട്ടവരുടെ ദൃശ്യങ്ങള്‍ കര്‍ണാടക, തമിഴ്നാട് പൊലീസിന് കൈമാറി. നാല് മൃതദേഹങ്ങളും തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കും. മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടത് ഏറ്റുമുട്ടലിലൂടെ എന്ന പൊലീസ് വാദവും പൊളിയുന്നു. ഏറ്റുമുട്ടല്‍ നടന്നതിന്റെ പ്രത്യക്ഷ തെളിവുകള്‍ സംഭവസ്ഥലത്ത് പ്രകടമല്ല. ക്യാമ്പ് ചെയ്ത് മാവോയിസ്റ്റുകള്‍ താമസിച്ചു എന്ന് പൊലീസ് പറയുന്ന സ്ഥലത്ത് ആകെയുള്ളത് ഒരാള്‍ക്ക് ശരിക്ക് നില്‍ക്കാന്‍ പോലും കഴിയാത്ത താല്‍ക്കാലിക ഷെഡ്. അതും പുതിയ ഇല്ലിമുളകള്‍ കൊണ്ട് ഉണ്ടാക്കിയത്.
6. ഇതിനകത്ത് അടുപ്പ് കൂട്ടി കത്തിച്ച ലക്ഷണങ്ങള്‍ ഉണ്ടെങ്കിലും പ്രദേശത്ത് ഏറെക്കാലം ആരെങ്കിലും താമസിച്ച അടയാളങ്ങള്‍ ഉണ്ടായിരുന്നില്ല. സംഭവ സ്ഥലം പൊലീസ് ഇന്‍ക്വസ്റ്റ് നടപടികളുടെ ഭാഗമായി വൃത്തിയാക്കി എന്ന് അവകാശപ്പെട്ടാലും പ്രത്യക്ഷത്തില്‍ ഏറ്റുമുട്ടലിന്റെ ലക്ഷണങ്ങള്‍ കാണാനില്ല. ഇതില്‍ ദുരൂഹത ഉണ്ടെന്ന് വി.കെ ശ്രീകണ്ഠന്‍ എംപി ആരോപിച്ചു. പ്രായമായ മണിവാസകം ഉള്‍പ്പടെ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നുണ്ട് എന്നും ഏറ്റുമുട്ടല്‍ നടന്നു എന്നത് വ്യാജ ആരോപണം ആണെന്നും നേരത്തെ തന്നെ ആരോപണം ഉയര്‍ന്നിരുന്നു. ഇക്കാര്യങ്ങള്‍ സാധൂകരിക്കുന്ന തരത്തിലാണ് സംഭവം നടന്ന ഉള്‍വനത്തിലെ കാഴ്ചകള്‍.
7. കുല്‍ഭൂഷന്‍ ജാദവ് കേസില്‍ പാകിസ്താനെതിരെ വീണ്ടും അന്താരാഷ്ട്ര നീതിന്യായ കോടതി. പാകിസ്താന്‍ വിയന്ന ഉടമ്പടി ലംഘിച്ചുവെന്ന് അന്താരാഷ്ട്ര നീതി ന്യായ കോടതി അധ്യക്ഷന്‍ അബ്ദുള്‍ ലഖ്വി യൂസഫ് പറഞ്ഞു. ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയിലാണ് ഐ.സി.ജെ അധ്യക്ഷന്‍ ഇക്കാര്യം അറിയിച്ചത്.വിയന്ന കരാറിലെ ആര്‍ട്ടിക്കള്‍ 36 പാകിസ്താന്‍ ലംഘിച്ചു എന്നാണ് ഐ.സി.ജെയുടെ വിലയിരുത്തല്‍. കുല്‍ഭൂഷന്‍ ജാദവിന് വധശിക്ഷ വിധിച്ച നടപടി പാകിസ്താന്‍ പുനഃ പരിശോധിക്കണം എന്ന് അന്താരാഷ്ട്ര നീതിന്യായ കോടതി ആവശ്യപ്പെട്ടു. ചാരനെന്ന് ആരോപിച്ചാണ് ഇന്ത്യന്‍ പൗരനും മുന്‍ നാവികസേനാ ഉദ്യോഗസ്ഥനുമായ കുല്‍ഭൂഷണ്‍ ജാദവിനെ പാകിസ്താന്‍ തടവിലാക്കുന്നത് തുടര്‍ന്ന് അദ്ദേഹത്തിന് വധശിക്ഷ വിധിക്കുകയും ചെയ്തിരുന്നു
8. ജമ്മു കാശ്മീരും ലഡാക്കും കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ നടപടി ഇന്ന് മുതല്‍ പ്രാബല്യത്തില്‍. ജമ്മു കാശ്മീര്‍ നിയമസഭയോടു കൂടിയ കേന്ദ്രഭരണ പ്രദേശമാകുമ്പോള്‍ ലഡാക്ക് നിയമസഭ ഇല്ലാത്ത കേന്ദഭരണ പ്രദേശമാകും. ഇരു കേന്ദ്രഭരണ പ്രദേശങ്ങളിലെയും ഗവര്‍ണര്‍മാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏല്‍ക്കും. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെ ജന്മദിന വാര്‍ഷിക ദിനത്തിലാണ് ലഡാക്കും ജമ്മു കാശ്മീരും കേന്ദ്രഭരണ പ്രദേശങ്ങളാക്കിയ നടപടി പ്രാബല്യത്തില്‍ വരുന്നത്.
9. ഗുജറാത്ത് കേഡര്‍ മുന്‍ ഐ.എ.എസ് ഉദ്യോഗസ്ഥനായ ജി.സി മുര്‍മു ജമ്മു കാശ്മീരിലെ ആദ്യ ലെഫ്റ്റനന്റ് ഗവര്‍ണറായി ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. ലഡാക്കിലെ ലഫ്റ്റനന്റ് ഗവര്‍ണറായി ചുമതല ഏല്‍ക്കുന്നത് മുന്‍ ത്രിപുര കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥാനായ ആര്‍.കെ മാഥൂര്‍ ആണ്. പ്രധാനപ്പെട്ട നേതാക്കളാരും സത്യപ്രതിജ്ഞ ചടങ്ങില്‍ പങ്കെടുക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്. രണ്ടാം മോദി സര്‍ക്കാര്‍ അധികാരത്തിലേറിയ ശേഷം ചേര്‍ന്ന ആദ്യ പാര്‍ലമെന്റ് യോഗത്തിലാണ് കേന്ദ്രസര്‍ക്കാര്‍ അനുച്ഛേദം 370 റദ്ദാക്കിയ നിര്‍ണ്ണായകമായ തീരുമാനം പ്രഖ്യാപിച്ചത്.