കോയമ്പത്തൂർ: കോയമ്പത്തൂർ സ്വദേശിയായ വ്യവസായിയിൽ നിന്ന് ലക്ഷങ്ങൾ തട്ടിച്ച സോളാർ കേസ് പ്രതി സരിത എസ്. നായരെ കോയമ്പത്തൂർ ജുഡിഷ്യൽ മജിസ്ട്രേട്ട് കോടതി മൂന്നുവർഷം തടവിനും പതിനായിരം രൂപ പിഴയ്‌ക്കും ശിക്ഷിച്ചു. ബിജു രാധാകൃഷ്ണൻ, മാനേജർ രവി എന്നിവർക്കും മൂന്ന് വർഷം തടവും പതിനായിരം രൂപ പിഴയും വിധിച്ചു.
കോയമ്പത്തൂർ മടവള്ളി രാജ്നാരായണൻ ടെക്‌സ്റ്രൈൽസ് മാനേജിംഗ് ഡയറക്‌ടർ ത്യാഗരാജൻ നൽകിയ പരാതിയിലാണ് നടപടി. 2009ൽ കാറ്റാടിപ്പാടം സ്ഥാപിക്കാമെന്ന് പറഞ്ഞ് 26 ലക്ഷം രൂപ തട്ടിയെടുത്തെന്നായിരുന്നു കേസ്. കേസിൽ ബിജു രാധാകൃഷ്ണനെതിരെ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
ടീം സോളാർ എന്ന പേരിൽ അനധികൃതമായി കമ്പനി രൂപീകരിച്ച് പലരിൽനിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തതോടെയാണ് സോളാർ കേസ് കേരളത്തിൽ സജീവ ചർച്ചയാകുന്നത്.