lathadhan

കൊച്ചി: തൃശൂർ ആസ്ഥാനമായുള്ള പ്രമുഖ സ്വകാര്യ ബാങ്കായ ധനലക്ഷ്‌മി ബാങ്കിന്റെ മാനേജിംഗ് ഡയറക്‌ടർ ആൻഡ് സി.ഇ.ഒ സ്ഥാനത്തു നിന്ന് ടി. ലത രാജിവച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്ന് ഡയറക്‌ടർ ബോർഡിന് നൽകിയ കത്തിൽ സൂചിപ്പിച്ചിട്ടുണ്ട്. രാജി ഡയറക്‌ടർ ബോർഡ് ഇന്നലെ അംഗീകരിച്ചു. ബാങ്കിന്റെ ഡയറക്‌ടർ സ്ഥാനവും ടി. ലത ഒഴിഞ്ഞു. രാജിക്കാര്യം സ്‌റ്രോക്ക് എക്‌സ്‌ചേഞ്ചിനെയും റിസർവ് ബാങ്കിനെയും ബാങ്ക് അറിയിച്ചു.

മാനേജിംഗ് ഡയറക്‌ടറും സി.ഇ.ഒയുമായിരുന്ന ജി. ശ്രീറാം വിരമിച്ച ഒഴിവിലേക്ക് 2018 ജൂലായിലാണ് ടി. ലത നിയമിതയായത്. മൂന്നുവർഷത്തേക്കായിരുന്നു നിയമനം. ലാഭത്തകർച്ചയും പ്രവർത്തന വൈകല്യവും ബാങ്കിനെ വലച്ചിരുന്ന വേളയിലാണ് തലപ്പത്തേക്ക് ടി. ലത എത്തിയത്. അവരുടെ കീഴിൽ സമ്പദ്‌സ്ഥിതി മെച്ചപ്പെടുത്തി, ബാങ്ക് ലാഭപാതയിലെത്തി. റിസർവ് ബാങ്കിന്റെ ശിക്ഷാനടപടിയായ പ്രോംപ്‌റ്ര് കറക്‌ടീവ് ആക്‌ഷനിൽ (പി.സി.എ) നിന്നും കരകയറി.

നടപ്പുവർഷം ജൂലായ് - സെപ്‌തംബർ പാദത്തിൽ ധനലക്ഷ്‌മി ബാങ്കിന്റെ ലാഭം 81.6 ശതമാനമാണ് വർദ്ധിച്ചത്. 12.1 കോടി രൂപയിൽ നിന്ന് 22.1 കോടി രൂപയായാണ് ലാഭക്കുതിപ്പ്. മൊത്തം വരുമാനം 226.73 കോടി രൂപയിൽ നിന്നുയർന്ന് 276.85 കോടി രൂപയായി. മൊത്തം നിഷ്‌ക്രിയ ആസ്‌തി (ജി.എൻ.പി.എ) 7.81 ശതമാനത്തിൽ നിന്ന് 7.06 ശതമാനത്തിലേക്ക് താഴ്‌ന്നതും ബാങ്കിന് നേട്ടമായി. അറ്റ നിഷ്‌ക്രിയ ആസ്‌തി (എൻ.എൻ.പി.എ) 2.92 ശതമാനത്തിൽ നിന്ന് 1.65 ശതമാനത്തിലേക്കും കുറഞ്ഞു.