heavy-rain-

തിരുവനന്തപുരം: കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള മുഴുവൻ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും കളക്ടർ നാളെ (01.11.19) അവധി പ്രഖ്യാപിച്ചു. കനത്ത മഴയുടെ പശ്ചാത്തലത്തിലാണിത്. എന്നാൽ സർവകലാശാല പരീക്ഷകൾക്ക് അവധി ബാധകമല്ലെന്നും കളക്ടർ അറിയിച്ചിട്ടുണ്ട്.

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, ചാവക്കാട് താലൂക്കുകളിലെ പ്രൊഫഷണൽ കോളേജുകൾ, അംഗനവാടികൾ എന്നിവയുൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ നാളെ (1.11.19) അവധി പ്രഖ്യാപിച്ചു. കനത്ത മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന മുന്നറിയിപ്പിന്റെയും, രൂക്ഷമായ കടലാക്രമണത്തിന്‍റെയും അടിസ്ഥാനത്തിലാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

എം ജി സർവ്വകലാശാല നാളെ (നവംബർ ഒന്ന്, 2019) നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുമെന്നും സർവകലാശാലാ അറിയിച്ചിട്ടുണ്ട്.

കാസർകോട് ജില്ലയിലെ തീരദേശത്തെ ഓടുമേഞ്ഞ കെട്ടിടങ്ങളിൽ പ്രവർത്തിക്കുന്ന സ്‌കൂളുകളിലെ ക്ലാസ്സ് മുറികളിലുള്ള കുട്ടികളെ അടിയന്തരമായി കോൺക്രീറ്റ് കെട്ടിടങ്ങളിലേക്ക് മാറ്റാൻ ജില്ലാ കളക്ടർ ഡോ. ഡി സജിത്ത് ബാബു നിർദേശം നൽകി. കോൺക്രീറ്റ് കെട്ടിടങ്ങളില്ലാത്ത വിദ്യാലയങ്ങളിൽ കുട്ടികളെ വീടുകളിലേക്ക് വിട്ട്, എത്തിയെന്ന് ഉറപ്പു വരുത്തണമെന്നും കളക്ടർ അറിയിച്ചു.

കനത്ത മഴയെത്തുടർന്ന് ഇന്ന് (31.10.2019) നടക്കാനിരുന്ന കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ ഫുട്‌ബോൾ സെമിഫൈനൽ മത്സരങ്ങൾ മാറ്റിവെച്ചു. ഈ മത്സരങ്ങൾ നവംബർ 4ന് നടക്കുമെന്നും കാലിക്കറ്റ് സർവകലാശാല അറിയിച്ചു.

'ക്യാർ' ചുഴലിക്കാറ്റിന് പിന്നാലെ 'മഹ' ചുഴലിക്കാറ്റ് കൂടി എത്തിയതോടെയാണ് വടക്കൻ കേരളത്തിൽ മഴ ശക്തമായത്. അടുത്ത രണ്ട് ദിവസം കൂടി വടക്കൻ കേരളത്തിലെ ജില്ലകളിൽ കനത്ത മഴ പെയ്യാനാണ് സാധ്യത. ഇത് കണക്കിലെടുത്ത് ജില്ലകളിൽ കനത്ത ജാഗ്രത പാലിക്കണമെന്ന നിർദേശം ദേശീയ ദുരന്ത നിവാരണ അതോറിറ്റി ജില്ലാ കളക്ടർമാർക്ക് നൽകിയിട്ടുണ്ട്.