pravasi-

തിരുവനന്തപുരം : പ്രവാസി ഡിവിഡന്റ് പദ്ധതി സംബന്ധിച്ച ബിൽ മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചു. പ്രവാസികളിൽനിന്ന് നിക്ഷേപം സ്വീകരിച്ച് കിഫ്ബി വഴി അടിസ്ഥാന സൗകര്യവികസനത്തിന് ഉപയോഗിക്കുന്നതാണ് പദ്ധതി. പ്രവാസികൾക്ക് ജീവിതാവസാനം വരെ മാസവരുമാനം ഉറപ്പാക്കുന്നു എന്നതാണ് പദ്ധതിയുടെ സവിശേഷത.

മൂന്ന് ലക്ഷം രൂപ മുതൽ 51 ലക്ഷം രൂപ വരെയുള്ള നിക്ഷേപങ്ങളാണ് പ്രവാസികളിൽ നിന്ന് സ്വീകരിക്കുക. ഇത് സർക്കാർ‌ നിശ്ചയിക്കുന്ന ഏജൻസികൾക്ക് കൈമാറി അടിസ്ഥാന സൗകര്യവികസനത്തിന് വിനിയോഗിക്കും. കിഫ്ബിയാണ് ഇപ്പോൾ ഇതിനായി സർക്കാർ നിശ്ചയിച്ച ഏജൻസി.കേരള പ്രവാസി കേരളീയ ക്ഷേമ ബോർഡ് നിക്ഷേപങ്ങൾ സ്വീകരിച്ച് കിഫ്ബിക്ക് കൈമാറും. കൈമാറ്റം ചെയ്യപ്പെടുന്ന തുകയ്ക്ക് കിഫ്ബി നല്‍കുന്ന തുകയും സർക്കാർ വിഹിതവും ചേർത്തുകൊണ്ടാണ് നിക്ഷേപകർക്ക് 10% പ്രതിമാസ ഡിവിഡന്റ് നല്‍കുന്നത്.

ആദ്യ വർഷങ്ങളിലെ 10% നിരക്കിലുള്ള ഡിവിഡന്റാണ് നാലാം വർഷം മുതൽ നിക്ഷേപകനും തുടർന്ന് പങ്കാളിക്കും ലഭിക്കുന്നത്. ജീവിത പങ്കാളിയുടെ കാലശേഷം നിക്ഷേപത്തുകയും ആദ്യ മൂന്നുവർഷത്തെ ഡിവിഡന്റും അനന്തരാവകാശിക്കു കൈമാറുന്നതോടെ പ്രതിമാസം ഡിവിഡന്റും നൽകുന്നത് അവസാനിക്കും. പദ്ധതിയിലൂടെ നിക്ഷേപകനും സംസ്ഥാനത്തിനും ഒരു പോലെ ഗുണം ചെയ്യുമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ