തിരുവനന്തപുരം: സർക്കാർ ജീവനക്കാരുടെയും അദ്ധ്യാപകരുടെയും ശമ്പള പരിഷ്ക്കരണത്തിനായി മൂന്നംഗ കമ്മീഷനെ സംസ്ഥാന സർക്കാർ നിയോഗിച്ചു. മുൻ കേന്ദ്ര ഷിപ്പിംഗ് സെക്രട്ടറി കെ മോഹൻദാസ് അദ്ധ്യക്ഷനായ കമ്മീഷനെയാണ് ശമ്പള പരിഷ്കരണത്തിനായി നിയമിച്ചത്.
ഹൈക്കോടതി അഭിഭാഷകനായ അശോക് മാമൻ ചെറിയാൻ, കുസാറ്റിലെ സെന്റർ ഫോർ ബഡ്ജറ്റ് സ്റ്റഡീസിന്റെ മുൻ ഡയറക്ടർ എം.കെ. സുകുമാരൻ നായർ എന്നിവരാണ് സമിതി അംഗങ്ങൾ. ശമ്പള പരിഷ്കരണം, സ്ഥാനക്കയറ്റം എന്നിവ സംബന്ധിച്ച് ശുപാർശകൾ കമ്മിഷന്റെ പരിഗണനാ വിഷയങ്ങളാണ്.ആറുമാസത്തിനകം കമ്മീഷൻ ശുപാർശകൾ സർക്കാരിന് സമർപ്പിക്കും. കോളജുകളിലും സ്കൂളുകളിലും വിദ്യാർത്ഥി യൂണിയൻ നിയമവിധേയമാക്കാനായി നിയമനിർമ്മാണം നടത്താനും മന്ത്രിസഭയോഗം തീരുമാനിച്ചു.
കോളജുകളിലും സ്കൂളുകളും വിദ്യാർത്ഥി യൂണിയൻ പ്രവർത്തനം സംബന്ധിച്ച് നിയമ നിർമ്മാണം നടത്താനും മന്ത്രിസഭ തീരുമാനിച്ചു. യൂണിയനിലേക്കുള്ള വിദ്യാർത്ഥി പ്രതിനിധികളുടെ തെരഞ്ഞെടുപ്പ്, യൂണിയൻെറ പ്രവർത്തനം, യൂണിയനുമേലുള്ള സ്ഥാപനത്തിൻ്റെ നിയന്ത്രണം എന്നിവ സംബന്ധിച്ച് വ്യക്തതവരുത്തുന്ന നിയമമാണ് സർക്കാർ ഉദ്യേശിക്കുന്നത്. വിദ്യാർത്ഥി സംഘടന പ്രവർത്തനം
നിരോധക്കണമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹർജികള്‍ പരിഗണിക്കവേ യൂണിയൻ പ്രവർത്തനം സംബന്ധിച്ച് എന്തുകൊണ്ട് വ്യക്തമായ നിയമനിർമ്മാണം നടത്തികൂടായെന്ന് സർക്കാരിനോട് ഹൈക്കോടതി പലവട്ടം ചോദിച്ചിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിലാണ് നിയമനിർമ്മാണത്തിന് തീരുമാനിച്ചിരിക്കുന്നത്.
കടൽ ക്ഷോഭത്തെ തുടർന്ന് മത്സ്യതൊഴിലാളികൾക്ക് തൊഴിൽ നഷ്ടമാകുന്ന സാഹചര്യത്തിൽ ഒരു മാസത്തെ സൗജന്യ റേഷനും ഓരോ കൂടുംബങ്ങള്‍ക്കും 2000 രൂപയും നൽകാനും ഇന്നത്തെ യോഗത്തിൽ മന്ത്രിസഭ തീരുമാനിച്ചു.