crime-

മുംബയ് : അശ്ലീലവെബ്‌സൈറ്റുകൾക്ക് അടിമയായ 13കാരൻ ബന്ധുവായ ആറു വയസുകാരിയെ പീഡിപ്പിച്ച്‌ കൊലപ്പെടുത്തി. മുംബയിലെ ബിവണ്ടിയിലാണ് സംഭവം. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി സഹോദരങ്ങള്‍ക്കൊപ്പം വീടിനുപുറത്ത് പടക്കം പൊട്ടിച്ച്‌ ആഘോഷിക്കുന്നതിനിടെ പെൺകുട്ടിയെ കാണാതായിരുന്നു.

മാതാപിതാക്കളും ബന്ധുക്കളും ചേർന്ന് തെരച്ചിൽ നടത്തിയിരുന്നെങ്കിലും കണ്ടെത്താനായില്ല. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ മൃതദേഹം ബിവണ്ടിയിലെ പൈപ്പ്‌ലൈൻ റോഡിലെ വിജനമായ സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളെ ചോദ്യം ചെയ്യുന്നതിനിടെയാണ് 13കാരന്റെ കാലിലെ മുറിവുകൾ പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടർന്നുള്ള ചോദ്യം ചെയ്യലിലാണ് കുറ്റം സമ്മതിച്ചത്.

ദീപാവലി ആഘോഷത്തിനിടെ പെൺകുട്ടിയെ വിജനമായ സ്ഥലത്തേക്ക് കൊണ്ടുപോയി പീഡിപ്പിക്കുകയായിരുന്നു. പീഡനശ്രമത്തിനിടെ പെൺകുട്ടി നിലവിളിച്ചതോടെ കഴുത്തുഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പ്രതി പൊലീസിനോട് പറഞ്ഞു. പ്രതി മാതാപിതാക്കളുടെ ഫോണിൽ നിന്ന് നിരന്തരമായി അശ്ലീല വീഡിയോകൾ കാണാറുള്ളതായി ഫോൺ പരിശോധിച്ച പൊലീസ് കണ്ടെത്തി. ഇതാകാം കുറ്റകൃത്യത്തിന് പ്രതിയെ പ്രേരിപ്പിച്ചതെന്നാണ് പൊലീസിന്റെ നിഗമനം.