ഷാർജ: ഇന്ത്യയിൽ നരേന്ദ്ര മോദി സർക്കാരിന്റെ ന്യൂനപക്ഷ വിരുദ്ധ സമീപനത്തെ രൂക്ഷനായി വിമർശിച്ച് നോബൽ സമ്മാന ജേതാവ് ഓർഹാൻ പാമുക്. ന്യൂനപക്ഷവിരുദ്ധ സമീപനം തിരുത്തണമെന്നും ഗുരുതരമായ വിപത്തിലേക്കാണ് ഇത്തരം സമീപനങ്ങൾ രാജ്യത്തെ നയിക്കുകയെന്നും ഷാർജ അന്താരാഷ്ട്ര പുസ്തകമേളയിൽ അതിഥിയായെത്തിയ പാമുക് പറഞ്ഞു.
ജനായത്ത തിരഞ്ഞെടുപ്പിലൂടെ അധികാരത്തിൽ വന്നു എന്നത് ജനസമൂഹങ്ങൾക്കുമേൽ അതിക്രമം നടത്താനുള്ള യോഗ്യതയല്ല. ലോകത്തുടനീളം ന്യൂനപക്ഷ വംശീയ വിഭാഗങ്ങളും അഭയാർഥികളും വലിയ വെല്ലുവിളിയാണ് നേരിടുന്നതെന്നും ഇത് എത്രകാലം തുടരുമെന്ന് പറയാനാകില്ലെന്നും ഉന്മൂലനം മുഖ്യവിഷയമാക്കിയുള്ള ഫാഷിസ്റ്റ് സമീപനത്തിന് തടയിടേണ്ട സമയം അതിക്രമിച്ചെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. മലയാളത്തിൽ തന്റെ കൃതികൾക്ക് ലഭിക്കുന്ന സ്വീകാര്യത അമ്പരപ്പിക്കുന്നതാണെന്നും മലയാളികളുടെ ഒരുമയും സാഹിത്യത്തോടുള്ള ഇഷ്ടവും മാതൃകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.