bineesh-bastin

മലയാള സിനിമയിൽ വില്ലൻ വേഷങ്ങളിലും കോമഡി വേഷങ്ങളിലും നിറഞ്ഞു നിൽക്കുന്ന താരമാണ് ബിനീഷ് ബാസ്റ്റിൽ. സോഷ്യൽ മീഡിയയിലും താരം സജീവമാണ്. പാലക്കാട് സർക്കാർ മെഡിക്കൽ കോളേജിലെ കോളേജ് ഡേയ്ക്ക് എത്തിയപ്പോൾ താരത്തിന് നേരിട്ട ദുരനുഭമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പരിപാടിയിൽ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോനും പങ്കെടുത്തിരുന്നു. ബിനീഷ് വേദിയിൽ എത്തിയാൽ അനിൽ രാധാകൃഷ്ണ മേനോൻ ഇറങ്ങി പോകുമെന്ന് പറഞ്ഞതാണ് ബിനീഷിനെ വേദനിപ്പിച്ചത്. ചാൻസ് ചോദിച്ച് നടക്കുന്ന ഒരുത്തനൊപ്പം വേദി പങ്കിടാൻ ബുദ്ധിമുട്ടുണ്ടെന്ന് അനിൽ പറ‌ഞ്ഞെന്ന് സംഘാടകരാണ് ബിനീഷിനോട് പറഞ്ഞത്.

നേരത്തെ പരിപാടിക്കെത്തിയ ബാസ്റ്റിനെ അനിൽ സാർ പോയിട്ട് വേദിയിൽ എത്തിയാൽ മതിയെന്നും കോളേജ് ചെയർമാൻ പറഞ്ഞു. എന്നാൽ ഇതിനെതിരെ ബിനീഷ് പ്രതികരിക്കുകയായിരുന്നു.പ്രിൻസിപ്പാൾ തടഞ്ഞിട്ടും അനിൽ സംസാരിക്കുന്ന വേദിയിൽ ബിനീഷ് എത്തി. വളരെ വൈകാരികമായി വേദിയിലെത്തിയ ബിനീഷ് അവിടെ കുത്തിയിരിക്കുകയും ചെയ്തു. പ്രിൻസിപ്പാളും അദ്ധ്യാപകരും നിർബന്ധിച്ചിട്ടും ബീനീഷ് എഴുന്നേറ്റില്ല. മൈക്ക് തരാനും സംഘാടകർ തയാറായില്ല. തുടർന്ന് ബിനീഷ് വിദ്യാർത്ഥികളോട് എല്ലാം തുറന്ന് പറയുകയായിരുന്നു. പൊട്ടിക്കരഞ്ഞുകൊണ്ട് ബിനീഷ് വിദ്യാർത്ഥികളോട് സംസാരിക്കുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ്.

‘ഞാൻ മേനോനല്ല, ഒരു കൂലിപ്പണിക്കാരനാ. അദ്ദേഹത്തെ പോലെ ഉയർന്ന ജാതിക്കരനല്ല. ചങ്കു പറിഞ്ഞിരിക്കുകയാ ടീമേ.. ജീവിതത്തിൽ ഇത്രമാത്രം അപമാനിക്കപ്പെട്ട വേറെ ഒരു ദിവസം ഇല്ല..’ പൊട്ടിക്കരഞ്ഞ് ബിനീഷ് ബാസ്റ്റിൻ പറഞ്ഞു. മുഴുവൻ പറഞ്ഞ് തീർത്തതിന് ശേഷം ബിനീഷ് കോളേജിൽ നിന്ന് പുറത്തേക്ക് നടന്നു.