മൂന്ന് ചേർന്ന ഒന്ന്
കേരളപ്പിറവിക്ക് മുൻപ് മൂന്ന് ഭാഗങ്ങളായിട്ടായിരുന്നു കേരളത്തിന്റെ ഘടന. തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെ മൂന്ന് വ്യത്യസ്ത ഭരണഘടകങ്ങൾ.
ഇവയെ സംയോജിപ്പിച്ചാണ് കേരളം രൂപംകൊണ്ടത്. ഈ മൂന്ന് പ്രദേശങ്ങളിൽ നിന്നുമുള്ള രാഷ്ട്രീയ പ്രവർത്തകർ 1921 മുതൽ കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന രാഷ്ട്രീയ സമ്മേളനങ്ങളിൽ പങ്കെടുക്കുകയും ഐക്യകേരളം എന്ന ആശയത്തെക്കുറിച്ച് ചിന്തിക്കാനും തുടങ്ങി.
1928 പയ്യന്നൂരിൽ വച്ച് നടന്ന രാഷ്ട്രീയ സമ്മേളനത്തിൽ ജവഹർലാൽ നെഹ്റുവിന്റെ അദ്ധ്യക്ഷതയിൽ കേരളത്തെ ഒരു പ്രത്യേക പ്രവിശ്യയായി പുനഃസംഘടിപ്പിക്കാനാവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര നേതൃത്വത്തോട് അഭ്യർത്ഥിക്കുന്ന പ്രമേയം അവതരിപ്പിച്ചു. ഐക്യകേരളം എന്ന ആശയത്തിന് ശക്തി വച്ചത് 1940 കൾക്കുശേഷമായിരുന്നു.കേരള പ്രദേശ് കോൺഗ്രസ് ഐക്യകേരളം എന്ന സ്വപ്നത്തിനായി ഒരു കമ്മിറ്റിയെ ഏർപ്പാടാക്കി. ഈ കമ്മിറ്റി കെ.പി. കേശവമേനോന്റെ അദ്ധ്യക്ഷതയിൽ ചെറുതുരുത്തിയിൽ വച്ച് 1946ൽ യോഗം കൂടി ഐക്യകേരള സമ്മേളനം വിളിച്ചുകൂട്ടാൻ നിശ്ചയിച്ചു. 1947 ഏപ്രിലിൽ തൃശൂരിൽ കെ. കേളപ്പന്റെ അദ്ധ്യക്ഷതയിൽ ഐക്യകേരള സമ്മേളനം നടന്നു. കേരളത്തിന്റെ പല ഭാഗങ്ങളിൽ നിന്നും നിരവധിപേർ പങ്കെടുത്ത ഈ സമ്മേളനത്തിൽ കൊച്ചി മഹാരാജാവ് നേരിട്ടെത്തി ഐക്യകേരളം നടപ്പാക്കണമെന്ന് പ്രസംഗിച്ചു. 1949ൽ പാലക്കാട്ടും ആലുവയിലും ഇത്തരം സമ്മേളനങ്ങൾ നടന്നു.
സഹ്യന്റെ മകൾ
കേരളത്തിന്റെ വിസ്തീർണം 38,863 ചതുരശ്ര കിലോമീറ്ററാണ്. ഇത് ഇന്ത്യയുടെ 1.18 ശതമാനം ആണ്. 560 കിലോമീറ്ററാണ് കേരളത്തിന്റെ നീളം. പശ്ചിമഘട്ടത്തിനും അറബിക്കടലിനും ഇടയിലുള്ള ഭൂവിഭാഗമാണ് കേരളം. പശ്ചിമഘട്ടം കേരളത്തിന്റെ കിഴക്കതിരാണ്. അറബിക്കടൽ കേരളത്തിന്റെ പടിഞ്ഞാറായി സ്ഥിതി ചെയ്യുന്നു.
വനങ്ങൾ
സസ്യജന്തു സമ്പത്തിനാൽ സമൃദ്ധമാണ് നമ്മുടെ കാടുകൾ.കേരളത്തിന്റെ 27 ശതമാനം വനമാണ്.
മഴയോടു മഴ
കേരളം ചിറാപ്പുഞ്ചിയാകുമോ എന്ന് സംശയം ഉണർത്തുന്ന രീതിയിലാണ് ഇപ്പോഴത്തെ മഴയെങ്കിലും സുഖകരമായ കാലാവസ്ഥയാണ് കേരളത്തിലേത്. ഭൂമദ്ധ്യരേഖയിൽ നിന്ന് 8 ഡിഗ്രി അകലെ ഉഷ്ണമേഖലയിലാണ് കേരളത്തിന്റെ സ്ഥാനമെങ്കിലും ഇന്ത്യയിൽ ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിലൊന്നാണ്. പൊതുവേ നമ്മുടെ കാലാവസ്ഥയെ നാലായി തരം തിരിച്ചിരിക്കുന്നു.
ഏറ്റവും കൂടുതൽ മഴ ലഭിക്കുന്ന മാസം ജൂലായ് ആണ്. ജനുവരിയിലാണ് ഏറ്റവും കുറവ് മഴ ലഭിക്കുന്നത്.
ഏറ്റവും കൂടുതൽ ചൂട് അനുഭവപ്പെടുന്ന ജില്ല പാലക്കാടാണ്. കൊല്ലം ജില്ലയിലെ പുനലൂരാണ് ഏറ്റവും കൂടുതൽ ചൂടനുഭവപ്പെടുന്ന പ്രദേശം.
കൂടുതൽ മഴ ലഭിക്കുന്നത് നേര്യമംഗലം (എറണാകുളം)
കുറവ് മഴ ലഭിക്കുന്നത് ചിന്നാർ (ഇടുക്കി)
പശ്ചിമ ഘട്ടം
പശ്ചിമഘട്ടം കേരളത്തിന്റെ കാലാവസ്ഥയെ ഗണ്യമായി സ്വാധീനിക്കുന്നു. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ ചുരമാണ് പാലക്കാടൻ ചുരം. പാലക്കാട് ചുരത്തിലൂടെയാണ് വേനൽക്കാലത്ത് ഉഷ്ണവായുവും വടക്ക് കിഴക്കൻ കാലവർഷവും കേരളത്തിലെത്തുന്നത്. പശ്ചിമഘട്ടത്തിലെ ഏറ്റവും വലിയ കൊടുമുടിയാണ് ഇടുക്കിയിലെ മൂന്നാർ പഞ്ചായത്തിലുള്ള ആനമുടി (2695 മീറ്റർ).
ശൈത്യകാലം (ജനുവരി, ഫെബ്രുവരി)
വേനൽക്കാലം (മാർച്ച് , മേയ്)
ഇടവപ്പാതി (ജൂൺ, സെപ്തംബർ (തെക്കു പടിഞ്ഞാറൻ മൺസൂൺ)
തുലാവർഷം (ഒക്ടോബർ, ഡിസംബർ) (വടക്കുകിഴക്കൻ മൺസൂൺ)
കേരളം വളരുന്നു
കവി പാടിയപോലെ സഹ്യനും വിന്ധ്യനും ഹിമാലയവും കടന്ന് കേരളം വളരുകയാണ്. മലയാളികൾ എത്തിച്ചേരാത്ത രാജ്യങ്ങൾ കുറവ്. ഏത് നേട്ടത്തിലും കാണാം മലയാളിയുടെ സാന്നിധ്യം.
തിരു-കൊച്ചി സംയോജനം
1949 ജൂലായ് 1ന് തിരുവിതാംകൂറും കൊച്ചിയും സംയോജിക്കപ്പെട്ടു. തിരു-കൊച്ചി സംസ്ഥാനമായി മാറി. പുതിയ സംസ്ഥാനത്തിന്റെ രാജപ്രമുഖൻ തിരുവിതാംകൂർ രാജാവായിരുന്നു. രണ്ടു രാജ്യങ്ങളിലെയും മന്ത്രിസഭകൾ, നിയമസഭകൾ എന്നിവ സംയോജിച്ചു. ഈ സംസ്ഥാനത്തിന്റെ ആസ്ഥാനം തിരുവനന്തപുരമായിരുന്നു. എറണാകുളത്ത് ഹൈക്കോടതി സ്ഥാപിക്കപ്പെട്ടു.
മലബാർ ചേർന്നതിങ്ങനെ
ഭാഷാടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനഃസംഘടിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. 1956 ൽ സംസ്ഥാനം പുനഃസംഘടിപ്പിച്ചപ്പോൾ തിരുകൊച്ചിയിൽ നിന്ന് അഗസ്തീശ്വരം, തോവാള, കൽക്കുളം, വിളവങ്കോട്, ചെങ്കോട്ട താലൂക്കിന്റെ ഒരു ഭാഗം എന്നിവ മദിരാശി സംസ്ഥാനത്തോട് ചേർത്തു. മലബാർ ജില്ലയും തെക്കൻ കാനറാ ജില്ലയിലെ കാസർകോട് താലൂക്കും തിരുകൊച്ചിയോട് ചേർക്കപ്പെട്ടു. ഇങ്ങനെ 1956 നവംബർ 1ന് കേരളം രൂപംകൊണ്ടു.
മൂന്നു വിഭാഗങ്ങൾ
ഭൂപ്രകൃതിയനുസരിച്ച് കേരളത്തെ മൂന്നായി തരം തിരിച്ചിരിക്കുന്നു.
മലനാട്
സമുദ്രനിരപ്പിൽ നിന്ന് 600-2500 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന പ്രദേശം. കേരളത്തിന്റെ വിസ്തീർണത്തിന്റെ 48 ശതമാനം മലനാടാണ്. മലനിരകളും താഴ്വരകളും ഇവിടെ കാണാം. പശ്ചിമഘട്ടത്തിന്റെ ഭാഗങ്ങൾ ഉൾക്കൊള്ളുന്ന മലനാട്ടിൽ വനങ്ങളും പുൽമേടുകളും കാണപ്പെടുന്നു. കേരളത്തിലെ പ്രധാനപ്പെട്ട നദികൾ മലനാട്ടിൽ നിന്ന് ഉദ്ഭവിക്കുന്നു.
ആനമല, നെല്ലിയാമ്പതി, അഗസ്ത്യമല തുടങ്ങിയവയൊക്കെ ഇതിന്റെ ഭാഗങ്ങളാണ്. റബർ, ഏലം, കാപ്പി, തേയില എന്നിവ ഇവിടെ കൃഷി ചെയ്യപ്പെടുന്നു.
ഇടനാട്
സമുദ്രനിരപ്പിൽ നിന്ന് 300-600 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു. കേരളത്തിന്റെ 42 ശതമാനം ഇടനാടാണ്. അടിവാരങ്ങൾ കാണപ്പെടുന്നു. കുന്നുകളും ചരിവുകളുമുള്ള ഭൂപ്രകൃതിയാണിവിടെ. നിത്യഹരിത വനങ്ങൾ ഏറെ ഇവിടെ കാണപ്പെടുന്നു.
ചെങ്കൽമണ്ണ് പ്രധാനമായും കാണപ്പെടുന്നു. ഏലം, തേയില എന്നിവയൊഴികെ ഇവിടെ കൃഷി ചെയ്യപ്പെടുന്നു.
തീരപ്രദേശം
സമുദ്രതീരത്തിനോട് ചേർന്ന് സ്ഥിതി ചെയ്യുന്നു. കേരളത്തിന്റെ വിസ്തൃതിയുടെ 10 ശതമാനമാണ് തീരപ്രദേശം. സമതലമായ ഭൂപ്രകൃതിയാണിവിടെ. മണൽ മണ്ണ് ഇവിടെ കാണപ്പെടുന്നു. തെങ്ങ് പ്രധാന കൃഷിയാണ്. കായലുകൾ കടലുമായി ബന്ധപ്പെട്ടിരിക്കുന്നു. കേരളത്തിന്റെ കടൽത്തീര ദൈർഘ്യം 685 കി.മീറ്ററാണ്.