കേരള നിയമസഭയ്ക്ക് ഏറെ സവിശേഷതകളുണ്ട്. ഒന്നേകാൽ വർഷം വർഷം പൂർത്തിയാക്കി. ഇന്ത്യയുടെ ചരിത്രത്തിൽ തന്നെ ഇതൊരു നാഴികക്കല്ലാണ്. കാരണം ബ്രിട്ടീഷ് ഇന്ത്യയിൽ മൈസൂരിനുശേഷം തിരുവിതാംകൂറിലാണ് 1888ൽ ഒരു നിയമ നിർമ്മാണ സഭയുണ്ടാകുന്നത്. അന്ന് കേരളം സംസ്ഥാനമായിരുന്നില്ല പകരം തിരുവിതാംകൂർ, കൊച്ചി, മലബാർ എന്നിങ്ങനെയുള്ള വ്യത്യസ്ത നാട്ടുരാജ്യങ്ങളായിരുന്നു. അവിടങ്ങളിൽ അന്ന് രൂപംകൊണ്ട നിയമനിർമ്മാണ സംവിധാനങ്ങളെക്കുറിച്ച് നോക്കാം.
തിരുവിതാംകൂർ
അന്നത്തെ തിരുവിതാംകൂർ മഹാരാജാവായിരുന്ന ശ്രീമൂലം തിരുനാൾ 1861 ലെ ഇന്ത്യൻ കൗൺസിൽ ആക്ട് അനുസരിച്ച് 1888ൽ ലജിസ്ളേറ്റീവ് കൗൺസിൽ രൂപീകരിച്ചു. ആദ്യ യോഗം 1888 ആഗസ്റ്റ് 23ന് ദിവാൻ ടി. രാമറാവുവിന്റെ നേതൃത്വത്തിൽ സെക്രട്ടേറിയറ്റിൽ നടന്നു. അംഗസംഖ്യ 8 ആയിരുന്നു. പിന്നീടത് 15 ആക്കി ഉയർത്തി.
1904ൽ ശ്രീമൂലം പ്രജാസഭയും നിലവിൽ വന്നു. ആദ്യയോഗം 1904 ഒക്ടോബർ 22ന് തിരുവനന്തപുരത്തെ വി.ജെ.ടി ഹാളിൽ (ഇപ്പോൾ അയ്യങ്കാളി ഹാൾ) ചേർന്നു. 88 പേർ അംഗങ്ങളായിരുന്നു. അംഗസംഖ്യ പിന്നീട് 100 ആക്കി ഉയർത്തി. ഭൂവുടമകൾക്കും സമ്പന്നർക്കുമായിരുന്നു ഈ സഭയിൽ അംഗത്വം. ഇവർ ഒരുനിശ്ചിത തുക കരമടയ്ക്കേണ്ടതായിരുന്നു.
1921 ൽ ലെജിസ്ളേറ്റീവ് കൗൺസിലിലും പ്രജാസഭയിലും വ്യത്യാസങ്ങൾ വരുത്തി. ലെജിസ്ളേറ്റീവ് കൗൺസിലിലെ അംഗസംഖ്യ 50 ആയി ഉയർത്തി. പൊതുമണ്ഡലത്തിൽ നിന്ന് അംഗങ്ങളെ തിരഞ്ഞെടുക്കാൻ തുടങ്ങി. 28 പേരെയാണ് പൊതുമണ്ഡലത്തിൽ നിന്ന് ഉൾപ്പെടുത്തിയിരുന്നത്. അഞ്ച് രൂപ കരമടയ്ക്കുന്നവർക്ക് വോട്ടവകാശം നൽകിയിരുന്നു.
1933ൽ ശ്രീചിത്തിര തിരുനാൾ മഹാരാജാവ് ശ്രീമൂലം പ്രജാസഭ, ലെജിസ്ളേറ്റീവ് കൗൺസിൽ എന്നിവ പിരിച്ചുവിട്ടു. അതിനുപകരം ദ്വിമണ്ഡല സംവിധാനം കൊണ്ടുവന്നു. ഇതിൻ ഫലമായി 1933 ജനുവരി 1ന് ശ്രീമൂലം അസംബ്ലി (അധോ മണ്ഡലം) ശ്രീചിത്ര സ്റ്റേറ്റ് കൗൺസിൽ (ഉപരിസഭ) എന്നിവ നിലവിൽ വന്നു. ആദ്യ യോഗം വി.ജെ.ടി ഹാളിലും പിന്നീടുള്ളവ സെക്രട്ടേറിയറ്റ് മന്ദിരത്തിലുമായിരുന്നു. ദിവാനായിരുന്നു അദ്ധ്യക്ഷൻ. 1946 വരെ ഇത് നിലനിന്നു.
കൊച്ചി
കൊച്ചി ലെജിസ്ളേറ്റീവ് കൗൺസിൽ 1925ൽ നിലവിൽ വന്നു. 45 അംഗങ്ങളുണ്ടായിരുന്നു. എന്നാൽ ഇതിൽ 30 പേരും തിരഞ്ഞെടുക്കപ്പെട്ടവരായിരുന്നു. അമ്പാട്ട് ശിവരാമമേനോൻ 1938ൽ ആദ്യ ജനകീയ മന്ത്രിയായി. പനമ്പിള്ളി ഗോവിന്ദമേനോൻ 1947ൽ കൊച്ചിയുടെ ആദ്യ പ്രധാനമന്ത്രിയായി. മൂന്ന് പ്രധാനമന്ത്രിമാർ കൊച്ചി ഭരിച്ചു. 1949 ജൂലായ് 1ന് തിരുവിതാംകൂറും കൊച്ചിയും സംയോജിക്കപ്പെട്ടു.
തിരു-കൊച്ചി ഭരണം
രണ്ട് നാട്ടുരാജ്യങ്ങളുടെ ലയനം നിയമസഭകളെ ഒന്നാക്കി. രാജപ്രമുഖനായി ശ്രീചിത്തിര തിരുനാൾ തിരഞ്ഞെടുക്കപ്പെട്ടു. പ്രധാനമന്ത്രി എന്നത് മുഖ്യമന്ത്രിയായി മാറി. പറവൂർ ടി.കെ. നാരയാണപിള്ളയായിരുന്നു ആദ്യമുഖ്യമന്ത്രി. 1949 ജൂലായ് 19ന് ഈ സഭ ആദ്യയോഗം ചേർന്നു. കേരളസംസ്ഥാന രൂപീകരണം വരെ പറവൂർ ടി.കെ. നാരായണപിള്ള ഉൾപ്പെടെ 5 പ്രധാനമന്ത്രിമാർ അധികാരത്തിലേറി. പനമ്പിള്ളി ഗോവിന്ദമേനോന്റെ നേതൃത്വത്തിലുള്ള മന്ത്രിസഭ 1956ൽ പിരിഞ്ഞതിനെ തുടർന്ന് സംസ്ഥാനത്ത് ആദ്യമായി രാഷ്ട്രപതി ഭരണം നടപ്പായി.
മലബാർ
ഇന്നത്തെ പാലക്കാട് മുതൽ കാസർകോട് വരെയുള്ള പ്രദേശങ്ങളാണ് മലബാർ. മലബാർ മദ്രാസ് പ്രസിഡൻസിയുടെ ഭാഗമായിരുന്നു. കളക്ടർക്കായിരുന്നു ഭരണം. 1921 മുതൽ 1936 വരെയുള്ള കാലഘട്ടങ്ങളിൽ അഞ്ച് അംഗങ്ങളെ വീതം മദ്രാസ് ലെജിസ്ളേറ്റീവ് കൗൺസിലിലേക്ക് മലബാറിൽ നിന്നും തിരഞ്ഞെടുക്കപ്പെട്ടിരുന്നു. 1935ൽ ഗവൺമെന്റ് ഒഫ് ഇന്ത്യയുടെ നിയമമനുസരിച്ച് 1937ൽ ദ്വിമണ്ഡല സമ്പ്രദായ പ്രകാരം രണ്ട് സഭകൾ നിലവിൽ വന്നു. മദ്രാസ് ലെജിസ്ളേറ്റീവ് കൗൺസിൽ, മദ്രാസ് ലെജിസ്ളേറ്റീവ് അസംബ്ളി എന്നിവയായിരുന്നു അവ. ഇ.എം.എസ് മദ്രാസ് നിയമസഭയിൽ അംഗമായിരുന്നു.
ആദ്യ പൊതു തിരഞ്ഞെടുപ്പ്
1957 ഫെബ്രുവരി - മാർച്ച് മാസങ്ങളിലായി കേരളത്തിലെ ആദ്യ പൊതു തിരഞ്ഞെടുപ്പ് നടന്നു. 65 സീറ്റിൽ (5 സ്വതന്ത്രർ) ഭൂരിപക്ഷം നേടി കമ്മ്യൂണിസ്റ്റ് മന്ത്രിസഭ കേരളത്തിന്റെ മാത്രമല്ല ലോകചരിത്രത്തിൽ തന്നെ ഇടം നേടി.
ബാലറ്റ് പേപ്പറിലൂടെ അധികാരത്തിലെത്തുന്ന കമ്മ്യൂണിസ്റ്റ് മന്ത്രിസഭയാണ് കേരളത്തിലേത്. 1957 ഏപ്രിൽ അഞ്ചിന് മന്ത്രിസഭ അധികാരത്തിലേറി. 1959 ജൂലായ് 31 വരെ മന്ത്രിസഭ തുടർന്നു.